ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ടൈറ്റന്‍സിനെ കീഴടക്കി തമിഴ് തലൈവാസ്

ദക്ഷിണേന്ത്യന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ തമിഴ് തലൈവാസിനു വിജയം. തെലുഗു ടൈറ്റന്‍സിന്റെ ശക്തമായ വെല്ലുവിളിയെ അതിജീവിച്ചാണ് തമിഴ് തലൈവാസ് വിജയം കുറിച്ചത്. ആദ്യം മുതലെ നേടിയ ലീഡ് നിലനിര്‍ത്താനായതും ടീമിനു ഗുണം ചെയ്തു. പകുതി സമയത്ത് ടീം 18-11നു മുന്നിലായിരുന്നു. ഫൈനല്‍ വിസിലിന്റെ സമയത്ത് 31-25 എന്ന സ്കോറിനായിരുന്നു തലൈവാസിന്റെ വിജയം.

തലൈവാസിനു വേണ്ടി ഏഴ് പോയിന്റ് നേടി പൊന്‍പാര്‍ത്ഥിപന്‍ സുബ്രമണ്യന്‍, മഞ്ജീത്ത് ചില്ലര്‍, അജയ് താക്കൂര്‍ എന്നിവര്‍ പ്രധാന സ്കോറര്‍മാരായപ്പോള്‍ ടൈറ്റന്‍സ് നിരയില്‍ രാഹുല്‍ ചൗധരി(6), വിശാല്‍ ഭരദ്വാജ്(5) എന്നിവരാണ് തിളങ്ങിയത്.

13-11നു റെയിഡിംഗിലും 15-9നു പ്രതിരോധത്തിലും തലൈവാസ് തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു തവണ ടൈറ്റന്‍സിനെ ഓള്‍ഔട്ട് ആക്കുവാനും ടീമിനു സാധിച്ചു. എന്നാല്‍ 5-1നു അധിക പോയിന്റ് വിഭാഗത്തില്‍ തലൈവാസിനെ പിന്തള്ളുവാന്‍ ടൈറ്റന്‍സിനു സാധിച്ചു.