മലയാളി താരം ഷബീര്‍ ബാപ്പുവിന്റെ മികവില്‍ യുമുംബായ്ക്ക് ജയം

ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി യുമുംബ. 14 പോയിന്റുകളുടെ വ്യത്യാസത്തില്‍ 36-22 എന്ന സ്കോറിനാണ് യുമുംബ ദബാംഗ് ഡല്‍ഹിയെ നിഷ്പ്രഭമാക്കിയത്. മുംബൈയുടെ ഓള്‍റൗണ്ട് പ്രകടനത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കുവാന്‍ ബുദ്ധിമുട്ടിയ ഡല്‍ഹി പകുതി സമയത്തും 14-8 എന്ന നിലയില്‍ പിന്നിലായിരുന്നു.

മുംബൈയ്ക്കായി മലയാളിത്താരം ഷബീര്‍ ബാപ്പുവും, നായകന്‍ അനൂപ് കുമാറും ഏഴ് പോയിന്റുമായി മികവ് പുലര്‍ത്തി. ഡല്‍ഹിയ്ക്ക് വേണ്ടി 7 പോയിന്റ് നേടിയ മെറാജ് ഷെയ്ഖ് ആണ് ടോപ് സ്കോറര്‍. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തീര്‍ത്തും മങ്ങിപ്പോയ മെറാജ് ഫോമിലേക്കുയര്‍ന്നത് ഡല്‍ഹിയ്ക്കെന്തായാലും ആശ്വാസമാവും. രണ്ട് തവണ മത്സരത്തില്‍ മുംബൈ ഡല്‍ഹിയെ ഓള്‍ഔട്ട് ആക്കി. ആക്രമണത്തിലും പ്രതിരോധത്തിലും മുംബൈ ഒരു പോലെ മികവ് പുലര്‍ത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial