പട്നയ്ക്ക് പിഴച്ചു, പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസില്‍

ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനോട് പരാജയപ്പെട്ടതോടെ പട്ന പൈറേറ്റ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ തുലാസ്സില്‍. നിലവില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും യുപി യോദ്ധ തൊട്ടു പുറകെയുണ്ടെന്നുള്ളതും അടുത്ത മത്സരത്തില്‍ ബംഗാളിനെതിരെ ജയം സ്വന്തമാക്കിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നുമുള്ള അവസ്ഥയിലാണ് കാര്യങ്ങള്‍. വിജയിച്ചിരുന്നുവെങ്കില്‍ പ്ലേ ഓഫിലേക്ക് നിലവിലെ ചാമ്പ്യന്മാര്‍ കടക്കുമെന്ന സ്ഥിതിയില്‍ നിന്നാണ് ടീം തോല്‍വിയിലേക്ക് വീണത്.

37-29 എന്ന സ്കോറിനാണ് ഗുജറാത്തിന്റെ മത്സരത്തിലെ വിജയം. ആദ്യ പകുതിയില്‍ 13-12 എന്ന നിലയില്‍ നേരിയ ലീഡ് മാത്രമാണ് ഗുജറാത്തിനുണ്ടായിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനം രണ്ട് ടീമുകളും പുറത്തെടുത്തുവെങ്കിലും വിജയികളായത് ഗുജറാത്തായിരുന്നു. 9 പോയിന്റ് നേടിയ രോഹിത് ഗുലിയയും 8 പോയിന്റ് നേടിയ അജയ് കുമാറുമാണ് ഗുജറാത്തിന്റെ പ്രധാന സ്കോറര്‍മാര്‍. 5 വീതം പോയിന്റുമായി സുനിലും ലളിത് ചൗധരിയും ടീമിനു പിന്തുണ നല്‍കി.

പട്നയ്ക്കായി 10 പോയിന്റുമായി പര്‍ദീപ് നര്‍വാല്‍ തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ വരാത്തത് ടീമിനു തിരിച്ചടിയായി. റെയിഡിംഗില്‍ 18 വീതം പോയിന്റുമായി ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ 14-6 എന്ന പോയിന്റ് വ്യത്യാസത്തില്‍ പ്രതിരോധത്തില്‍ ഗുജറാത്ത് മേല്‍ക്കൈ നേടി. ഒരു തവണ എതിരാളികളെ ഓള്‍ഔട്ട് ആക്കുവാനും ഗുജറാത്തിനു സാധിച്ചു. 3 അധിക പോയിന്റുകളും മത്സരത്തില്‍ ഗുജറാത്ത് സ്വന്തമാക്കി.