ചാമ്പ്യന്മാര്‍ക്ക് വിജയത്തുടക്കം, ടൈറ്റന്‍സിന്റെ പോരാട്ട വീര്യം മറികടന്ന് പട്ന പൈറേറ്റ്സ്

ചാമ്പ്യന്മാരെ വിടാതെ പിന്തുടര്‍ന്ന തെലുഗു ടൈറ്റന്‍സിനു അവസാന മിനുട്ടുകളില്‍ കാലിടറിയപ്പോള്‍ 6 പോയിന്റിന്റെ വിജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. മത്സരം അവസാന ആറ് മിനുട്ടുകളിലേക്ക് കടക്കും വരെ ഇരു ടീമുകളും മാറി മാറി ലീഡ് നേടുന്ന സ്ഥിതിയായിരുന്നു. ആദ്യ പകുതിയുടെ ആദ്യ മിനുട്ടുകളില്‍ പട്ന ലീഡ് നേടിയെങ്കിലും തെലുഗു ടൈറ്റന്‍സ് വിടാതെ പിന്തുടരുകയായിരുന്നു. പകുതി അവസാനിച്ചപ്പോള്‍ ലീഡ് ഒരു പോയിന്റിനു പട്നയ്ക്ക് സ്വന്തം. സ്കോര്‍ 15-14.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മത്സരം തിരിയുന്ന കാഴ്ചയാണ് ഗാച്ചി ബൗളി സ്റ്റേഡിയത്തിലെ കാണികള്‍ കണ്ടത്. ടൈറ്റന്‍സിനു പിന്തുണയുമായി ഹൈദ്രബാദിലെ ആരാധകരും ഒപ്പം കൂടിയപ്പോള്‍ ലീഡ് നാല് പോയിന്റായി ഉയര്‍ന്നു(21-17). വീണ്ടും ഒപ്പമെത്താന്‍ പട്നയ്ക്ക് സാധിച്ചുവെങ്കിലും മെല്ലെ ലീഡ് ഉയര്‍ത്തി ടൈറ്റന്‍സ് മത്സരം സ്വന്തമാക്കുമെന്ന പ്രതീതി പരത്തി. അവസാന എട്ട് മിനുട്ടുകള്‍ ശേഷിക്കെ മൂന്ന് പോയിന്റിന്റെ നേരിയ ലീഡ് തെലുഗു ടൈറ്റന്‍സിനായിരുന്നുവെങ്കിലും പര്‍ദീപ് നര്‍വാലിന്റെ മികവില്‍ ലീഡ് തിരിച്ചു പിടിക്കാന്‍ പട്നയ്ക്കായി. മത്സരം അവസാനിച്ചപ്പോള്‍ വിജയം ചാമ്പ്യന്മാര്‍ക്കൊപ്പം, സ്കോര്‍ : 35-29

രാഹുല്‍ ചൗധരി, നിലേഷ് സാലുങ്കേ, വിശാല്‍ ഭരദ്വാജ് ത്രയം തന്നെയാണ് തെലുഗു ടൈറ്റന്‍സിന്റെ പോയിന്റുകള്‍ വാരിക്കൂട്ടിയത്. വികാസും പ്രതിരോധത്തില്‍ വിശാലിനു മികച്ച പിന്തുണ നല്‍കി. ഇരുവരും അഞ്ച് പോയിന്റ് വീതം നേടിയപ്പോള്‍ രാഹുല്‍ ചൗധരി ഏഴും നിലേഷ് സാലുങ്കേ ആറും പോയിന്റ് സ്വന്തമാക്കി. പട്ന പൈറേറ്റ്സിനു വേണ്ടി പതിവു പോലെ പര്‍ദീപ് നര്‍വാലാണ് പോയിന്റുകള്‍ റെയിഡ് ചെയ്ത് നേടിയത്. 15 പോയിന്റ് നേടിയ ഈ ഇന്ത്യന്‍ താരത്തിനു മികച്ച പിന്തുണയുമായി മോനു ഗോയതും കൂട്ടിനുണ്ടായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറാവീസ് അഷ്ടമുടി – പ്രതിധ്വനി സെവന്‍സ് : പ്രീക്വാര്‍ട്ടര്‍ ലീഗിനു നാളെ ആരംഭം
Next articleഗോപിനാഥ് മാന്‍ ഓഫ് ദി മാച്ച്, സൂപ്പര്‍ ഗില്ലീസ് ജേതാക്കള്‍