പട്നയ്ക്ക് കാലിടറി, പുനേരി പള്‍ട്ടനോട് അഞ്ച് പോയിന്റ് തോല്‍വി

12 പോയിന്റിന്റെ വ്യക്തമായ ലീഡ് നേടി പകുതി സമയത്ത് ആധിപത്യം പുലര്‍ത്തിയ പൂനേയെ മെച്ചപ്പെട്ട പ്രകടനത്തിലൂടെ ലീഡ് കുറച്ച് കൊണ്ടു വരാന്‍ പട്നയ്ക്കായെങ്കിലും തങ്ങളുടെ അപരാജിത ജൈത്രയാത്ര തുടരാന്‍ പട്നയ്ക്കായില്ല. പകുതി സമയത്ത് 25-13 എന്ന നിലയില്‍‍ പൂനേ ലീഡ് ചെയ്തു. പര്‍ദീപ് നര്‍വാല്‍ 19 പോയിന്റ് നേടിയ മത്സരത്തില്‍ ആദ്യ പകുതിയിലെ മോശം പ്രകടനമാണ് പട്ന പൈറേറ്റ്സിനു തിരിച്ചടിയായത്.

രണ്ടാം പകുതിയില്‍ 29 പോയിന്റ് നേടിയെങ്കിലും പട്നയ്ക്ക് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല. ഏകപക്ഷീയമായൊരു മത്സരം രണ്ടാം പകുതിയിലും പ്രതീക്ഷിച്ച ലക്നൗവിലെ കാണികളെ പക്ഷേ പര്‍ദീപ് നര്‍വാലിന്റെ ഒറ്റയാള്‍ പ്രകടനം ആവേശകരമായ മത്സരത്തിനു സാക്ഷികളാകാന്‍ സഹായിച്ചു. പൂനേയ്ക്ക് വേണ്ടി രാജേഷ് മോണ്ഡല്‍(10), ദീപക് ഹൂഡ(9) എന്നിവരാണ് തിളങ്ങിയത്. 31 റെയിഡ് പോയിന്റുകള്‍ പട്ന സ്വന്തമാക്കിയപ്പോള്‍ 29 പോയിന്റാണ് പൂനേ നേടിയത്. എന്നാല്‍ പ്രതിരോധത്തില്‍ സന്ദീപ് നര്‍വാലിന്റെ സാന്നിധ്യമായിരുന്നു മത്സരത്തിലെ വ്യത്യാസമായത്. 12 പോയിന്റ് നേടിയ പൂനേ പ്രതിരോധത്തില്‍ 5 പോയിന്റ് സന്ദീപ് നേടിയതാണ്. അതേ സമയം വെറും 6 പോയിന്റാണ് പ്രതിരോധത്തില്‍ പട്ന സ്വന്തമാക്കിയത്. ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആയ മത്സരത്തില്‍ 47-42 എന്ന സ്കോറിനാണ് പുനേരി പള്‍ട്ടന്‍ ജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതന്റെ അതിവേഗ ശതകം നേടി ധവാന്‍, 9 വിക്കറ്റ് വിജയവുമായി ഇന്ത്യ
Next articleറോയൽ ട്രാവൽസ് എഫ് സി, ഫേസ്ബുക്കിൽ ലക്ഷം ലൈക് നേടുന്ന ആദ്യത്തെ സെവൻസ് ടീം