
പര്‍ദീപ് നര്‍വാല്‍ പട്ന പൈറേറ്റ്സ് ജഴ്സിയില്‍ നില്ക്കുന്ന കാലത്തോളം പ്രൊകബഡി ലീഗ് ചാമ്പ്യന്‍ പട്ടം തങ്ങള്‍ മറ്റാര്‍ക്കും വിട്ടു നല്‍കില്ലെന്ന് വ്യക്തമാക്കി പട്ന പൈറേറ്റ്സ്. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ ടീമായ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ഇന്ന് പട്ന പൈറേറ്റ്സ് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുറത്തെടുത്തത്. 55-38 എന്ന സ്കോറിനുള്ള ഇന്നത്തെ വിജയം പ്രൊകബഡി ലീഗില്‍ പട്നയുടെ മൂന്നാമത്തെ കിരീടമാണ്.
⚡️ has struck thrice! Kudos to @PatnaPirates as they win the #VivoProKabaddiFinal to clinch their 3rd 🏆!
FT: #GUJ 38-55 #PAT pic.twitter.com/ZeTJldQbwz— ProKabaddi (@ProKabaddi) October 28, 2017
മത്സരത്തിന്റെ തുടക്കത്തില്‍ ലീഡ് ഗുജറാത്തിനായിരുന്നുവെങ്കിലും പര്‍ദീപ് ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ മത്സരത്തില്‍ ഇടവേളയില്‍ 21-18നു പട്ന ലീഡ് കൈവശപ്പെടുത്തി. ആദ്യ പകുതിയില്‍ ഒരു ഘട്ടത്തില്‍ ഗുജറാത്ത് 15-10നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും മത്സരം പകുതിയുടെ അവസാന അഞ്ച് മിനുട്ടിലേക്ക് എത്തിയപ്പോള്‍ ഇരു ടീമുകളും ഒപ്പമെത്തിയിരുന്നു.
ഇടവേളയ്ക്ക് ശേഷം പര്‍ദീപും സംഘവും കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം പകുതിയില്‍ പട്ന 34 പോയിന്റ് നേടിയപ്പോള്‍ 20 പോയിന്റ് നേടാനെ ഗുജറാത്തിനായുള്ളു. മത്സരത്തില്‍ 4 തവണ ഗുജറാത്ത് ഓള്‍ഔട്ട് ആയി. ഒരു തവണ പട്നയും ഓള്‍ഔട്ടിനു വിധേയരായി. 32 റെയിഡ് പോയിന്റുകള്‍ പട്ന നേടിയപ്പോള്‍ 27 പോയിന്റുകള്‍ സ്വന്തമാക്കാന്‍ ഗുജറാത്തിനു കഴിഞ്ഞു. പ്രതിരോധത്തില്‍ 13-5നു പട്ന തന്നെയായിരുന്നു മുന്നില്‍.
19 പോയിന്റ് നേടിയ പര്‍ദീപ് നര്‍വാലിനു പിന്തുണയായി മോനു ഗോയത്(9), വിജയ് (7) എന്നിവര്‍ ശക്തമായി നിലകൊണ്ടു. ഗുജറാത്തിനായി സച്ചിന് 11 പോയിന്റുമായി ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവെച്ച് മികവ് പുലര്‍ത്തിയെങ്കിലും പ്രതിരോധത്തിലെ ഇറാനിയന്‍ താരങ്ങള്‍ മികവ് കണ്ടെത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial