ഹരിയാനയെ തകര്‍ത്ത് വിട്ട് യു മുംബ

പ്രൊ കബഡി സീസണിലെ ഏറ്റവും വലിയ വിജയം നേടി യു മുംബ. 53-26 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ന് ടീം ഹരിയാന സ്റ്റീലേഴ്സിനെ തകര്‍ത്ത് വിട്ടത്. ആദ്യ പകുതിയില്‍ 27-15ന്റെ ലീഡ് സ്വന്തമാക്കിയ മുംബൈ രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. രണ്ടാം പകുതിയില്‍ ഹരിയാന 11 പോയിന്റ്സ് നേടിയപ്പോള്‍ മുംബൈ 26 പോയിന്റാണ് നേടിയത്. ഈ സീസണില്‍ ആദ്യമായി 50 പോയിന്റ് കടക്കുന്ന ടീമായും മുംബൈ മാറി.

മുംബൈയ്ക്കായി അഭിഷേക് സിംഗ് 14 പോയിന്റും രോഹിത് ബലിയാന്‍, സിദ്ധാര്‍ത്ഥ് ദേശായി എന്നിവര്‍ എട്ട് പോയിന്റും ഫസല്‍ അത്രച്ചാലി 7 പോയിന്റും നേടി മികവ് പുലര്‍ത്തി. 9 പോയിന്റ് നേടിയ വികാസ് ഖണ്ഡോലയാണ് ഹരിയാനയുടെ ടോപ് സ്കോറര്‍.

29 റെയിഡ് പോയിന്റുകള്‍ മുംബൈ നേടിയപ്പോള്‍ ഹരിയാന 19 പോയിന്റാണ് നേടിയത്. 4 തവണയാണ് ഹരിയാന മത്സരത്തില്‍ ഓള്‍ഔട്ട് ആയത്. ആ വകുപ്പില്‍ 8 പോയിന്റ് മുംബൈയ്ക്ക് ലഭിച്ചു. 15 ടാക്കിള്‍ പോയിന്റ് മുംബൈ നേടിയപ്പോള്‍ വെറും അഞ്ച് പോയിന്റാണ് ഈ വിഭാഗത്തില്‍ നിന്ന് ഹരിയാന സ്വന്തമാക്കിയത്.

ടൈറ്റന്‍സിനു ആവേശ ജയം, പരാജയപ്പെടുത്തിയത് യുപി യോദ്ധയെ

യുപി യോദ്ധയെ 34-29 എന്ന സ്കോറിനു പരാജയപ്പെടുത്തി തെലുഗു ടൈറ്റന്‍സ്. രാഹുല്‍ ചൗധരി(11), അബോസാര്‍ മിഗാനി(6), നിലേഷ് സാലുങ്കേ(5) എന്നിവരുടെ മികവിലാണ് ടൈറ്റന്‍സ് വിജയം നേടിയത്. പകുതി സമയത്ത് 18-13നു തെലുഗു ടൈറ്റന്‍സ് ലീഡ് ചെയ്യുകയായിരുന്നു. യുപിയ്ക്കായി 11 പോയിന്റുമായി പ്രശാന്ത് കുമാര്‍ റായ്, 7 പോയിന്റ് നേടിയ ഋഷാംഗ ദേവഡിഗ എന്നിവരാണ് തിളങ്ങിയത്.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് തെലുഗു ടൈറ്റന്‍സിനു നേടാനായത്. എന്നാല്‍ ടാക്കിള്‍ പോയിന്റില്‍ 15-11 എന്ന സ്കോറിനു ടൈറ്റന്‍സ് വ്യക്തമായ മുന്‍തൂക്കം നേടി. മത്സരത്തില്‍ ആരും തന്നെ ഓള്‍ഔട്ട് ആയില്ല. 2 പോയിന്റ് വീതം അധിക പോയിന്റായി ഇരു ടീമുകളും നേടുകയും ചെയ്തു.

പുനേരി പള്‍ട്ടന്‍ പതറി, ദബാംഗ് ഡല്‍ഹിയ്ക്ക് ആവേശകരമായ ജയം

ആദ്യ പകുതിയില്‍ നേടിയ ലീഡ് രണ്ടാം പകുതിയില്‍ കൈവിട്ട പുനേരി പള്‍ട്ടന് ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തോല്‍വി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 41-37 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. പകുതി സമയത്ത് 20-22 നു പിന്നിലായിരുന്ന ശേഷമാണ് ടീം വിജയം പിടിച്ചെടുത്തത്. നിതിന്‍ തോമര്‍ 20 റെയിഡ് പോയിന്റ് നേടിയിട്ടും മത്സരത്തില്‍ പൂനെയ്ക്ക് ജയിക്കാനായില്ല എന്നത് തന്നെ ദബാംഗിന്റെ ടീം വര്‍ക്കിന്റെ ഉദാഹരണമാണ്.

റെയിഡിംഗില്‍ തോമറിന്റെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ 4 പോയിന്റ് മാത്രമേ അധികമായി പൂനെയ്ക്ക് നേടാനായുള്ളു. അതേ സമയം 23 പോയിന്റ് നേടുവാന്‍ ഡല്‍ഹിയ്ക്ക് ഈ വിഭാഗത്തില്‍ സാധിക്കുകയും ചെയ്തു. പ്രതിരോധത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലു‍ം ഡല്‍ഹിയ്ക്ക് 10-9 എന്ന സ്കോറിനു നേരിയ ലീഡ് നേടാനായി.

രണ്ട് തവണ പൂനെ ഓള്‍ഔട്ട് ആയപ്പോള്‍ ഡല്‍ഹി ടീം ഒരു തവണ മുഴുവനായി പുറത്തായി. അധിക പോയിന്റുകളുടെ എണ്ണത്തിലും 4-2നു ഡല്‍ഹിയായിരുന്നു മുന്നില്‍.

ഗുജറാത്തിന്റെ വെല്ലുവിളിയെ മറികടന്ന് ഹരിയാന

പ്രൊ കബഡി ലീഗില്‍ ആവേശകമായ മത്സരത്തില്‍ 7 പോയിന്റ് വ്യത്യാസത്തില്‍ ജയം സ്വന്തമാക്കി ഹരിയാന സ്റ്റീലേഴ്സ്. ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെതിരെ പകുതി സമയത്ത് 20-13 എന്ന സ്കോറിനു ലീഡ് ചെയ്ത ഹരിയാന ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 32-25നു വിജയം സ്വന്തമാക്കി.

ഗുജറാത്തിന്റെ പ്രപഞ്ചനും(9 പോയിന്റ്) സച്ചിനും(8 പോയിന്റ്) മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഹരിയാന മോനു ഗോയത് കുല്‍ദീപ് സിംഗ് എന്നിവരുടെയും പ്രതിരോധത്തില്‍ നവീന്റെയും പ്രകടനത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. റെയിഡിംഗില്‍ 16-13നു മുന്നില്‍ നിന്നത് ഗുജാത്താണെങ്കിലും പ്രതിരോധത്തിലെ മികവ് ഹരിയാനയ്ക്ക് തുണയായി. 14-9 എന്ന പോയിന്റിനാണ് ഹരിയാന പ്രതിരോധത്തില്‍ മുന്നിട്ട് നിന്നത്.

ഒരു തവണ ഹരിയാന ഗുജറാത്തിനെ ഓള്‍ഔട്ടുമാക്കി. 3 എക്സ്ട്രാ പോയിന്റും നേടി ഹരിയാന 7 പോയിന്റ് ലീഡ് നിലനിര്‍ത്തുകയായിരുന്നു.

ബംഗാള്‍ വാരിയേഴ്സിനോടും തോല്‍വിയേറ്റു വാങ്ങി തമിഴ് തലൈവാസ്

ബംഗാള്‍ വാരിയേഴ്സിന്റെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കി ടീം. തമിഴ് തലൈവാസിന്റെ കഷ്ടകാലം അവസാനിക്കാതിരുന്ന മത്സരത്തില്‍ 36-27 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ 18-15നു ബംഗാള്‍ തന്നെയായിരുന്നു മുന്നില്‍. അജയ് താക്കൂര്‍ നിറം മങ്ങിപ്പോയതാണ് തലൈവാസിനു തിരിച്ചടിയായത്. ആറ് പോയിന്റ് മാത്രമാണ് സൂപ്പര്‍ താരം നേടിയത്. ജസ്വീര്‍ സിംഗ് ഏഴും മഞ്ജീത്ത് ചില്ലര്‍ അഞ്ച് പോയിന്റും തലൈവാസിനായി നേടി.

അതേ സമയം ബംഗാളിനായി മനീന്ദര്‍ സിംഗ് 9 പോയിന്റും മഹേഷ് ഗൗഡ് 5 പോയിന്റും നേടി. സൂപ്പര്‍ താരം ജാന്‍ കുന്‍ ലീയ്ക്ക് അധികം പ്രഭാവം മത്സരത്തില്‍ സൃഷ്ടിക്കാനായില്ല.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ (18-18) പ്രതിരോധത്തില്‍ 10-8നു ലീഡ് ബംഗാള്‍ കൈവശപ്പെടുത്തി. രണ്ട് തവണയാണ് മത്സരത്തില്‍ തലൈവാസ് ഓള്‍ഔട്ട് ആയത്. അധിക പോയിന്റ് നേടുന്നതിലും ബംഗാള്‍ തന്നെയായിരുന്നു ബഹുദൂരം മുന്നില്‍(4-1).

ചാമ്പ്യന്മാര്‍ക്കും ജയം, യുപിയുടെ വെല്ലുവിളി അതിജീവിച്ച് പട്ന പൈറേറ്റ്സ്

പ്രൊ കബഡി ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. യുപി യോദ്ധയുടെ വെല്ലുവിളിയെ അതിജീവിച്ച് 43-41 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 21-20നു നേരിയ ലീഡ് പട്നയ്ക്കായിരുന്നു. രണ്ടാം പകുതിയിലും പര്‍ദീപ് നര്‍വാളിന്റെ മാസ്മരിക പ്രകടനത്തില്‍ വിജയം നേടുവാന്‍ പട്നയ്ക്ക് സാധിച്ചു. ആദ്യ പകുതിയ അവസാനിക്കുവാന്‍ 4 മിനുട്ടില്‍ താഴെ മാത്രമുള്ളപ്പോള്‍ 20-15നു യുപി ലീഡ് നേടിയെങ്കിലും പിന്നീട് വന്‍ തിരിച്ചുവരവ് പട്ന നടത്തുകയായിരുന്നു.

16 പോയിന്റുമായി പര്‍ദീപ് നര്‍വാളിനു പിന്തുണയായി ദീപക് നര്‍വാള്‍(7), ജവഹര്‍(5) എന്നിവരും തിളങ്ങിയപ്പോള്‍ യുപി നിരയില്‍ ശ്രീകാന്ത് ജാധവ്(12), ഋഷാംഗ് ദേവഡിഗ(8), പ്രശാന്ത് കുമാര്‍ റായ്(6) എന്നിവരാണ് തിളങ്ങിയവര്‍.

റെയ്ഡിംഗില്‍ 27-26നു യുപിയായിരുന്നു മുന്നിലെങ്കില്‍ 11-7നു പ്രതിരോധത്തില്‍ പട്ന പിടിമുറുക്കി. ഇരു ടീമുകളും രണ്ട് തവണ പുറത്തായപ്പോള്‍ അധിക പോയിന്റില്‍ നേരിയ മുന്‍തൂക്കം (3-2) യുപി സ്വന്തമാക്കി. എന്നാല്‍ പ്രതിരോധത്തിലെ മികവില്‍ പട്ന മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

​വീണ്ടും തോല്‍വിയേറ്റു വാങ്ങി തലൈവാസ്, ഇത്തവണ ബെംഗളൂരു ബുള്‍സിനോട്

ബെംഗളൂരു ബുള്‍സിനോട് 11 പോയിന്റിന്റെ തോല്‍വിയേറ്റു വാങ്ങി തമിഴ് തലൈവാസ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 48-37 എന്ന സ്കോറിനാണ് ബുള്‍സിന്റെ ജയം. ഇരു ടീമുകളിലെയും റെയിഡര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ 20 പോയിന്റ് വീതം നേടി തലൈവാസിന്റെ അജയ് താക്കൂറും ബെംഗളൂരുവിന്റെ പവന്‍ ഷെറാവത്തും ഒപ്പം നില്‍ക്കുകയായിരുന്നു. പകുതി സമയത്ത് 28-12നു വലിയ ലീഡ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു.

റെയിഡിംഗില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും ഒരു പോയിന്റിനു(31-30) ബെംഗളൂരു മുന്നിലായിരുന്നു. എന്നാല്‍ പ്രതിരോധത്തില്‍ ബെംഗളൂരു തമിഴ് തലൈവാസിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു(12-5). രണ്ട് തവണ തലൈവാസ് ഓള്‍ഔട്ട് ആയപ്പോള്‍ ബെംഗളൂരു ബുള്‍സ് ഒരു തവണ പുറത്തായി.

ജയ്പൂരിനെ കീഴടക്കി മുംബൈ

സിദ്ധാര്‍ത്ഥ് ദേശായിയുടെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ 39-32 എന്ന സ്കോറിനു ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ കീഴടക്കി യു മുംബ. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ മുന്‍ മുംബൈ താരം അനൂപ് കുമാര്‍ ജയ്പൂര്‍ പാളയത്തില്‍ എത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തുക്കുവാന്‍ സീനിയര്‍ താരത്തിനായില്ല. 13 പോയിന്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായിയുടെ മികവിലാണ് മുംബൈ വിജയം കൊയ്തത്. പകുതി സമയത്ത് ജയ്പൂര്‍ ആയിരുന്നു 15-13നു മുന്നില്‍.

പ്രതിരോധത്തില്‍ ഇരു ടീമുകളും 10 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ജയ്പൂര്‍ മത്സരത്തില്‍ രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മുംബൈ ഒരു തവണ പുറത്തായി. മുംബൈ 22 പോയിന്റുകള്‍ നേടിയപ്പോള്‍ 14 പോയിന്റാണ് റെയിഡിംഗില്‍ നിന്ന് ജയ്പൂര്‍ സ്വന്തമാക്കിയത്. ആറ് എക്സ്ട്രാ പോയിന്റുകള്‍ ജയ്പൂര്‍ നേടിയപ്പോള്‍ മുംബൈയ്ക്ക് പകുതി പോയിന്റ് മാത്രമേ നേടാനായുള്ളു.

ചരിത്രം ആവര്‍ത്തിക്കപ്പെട്ടു, ടൈറ്റന്‍സിനോട് വീണ്ടും തോറ്റ് തലൈവാസ്

ചരിത്രം തിരുത്തുവാനാകാതെ തമിഴ് തലൈവാസ് ഒരു വട്ടം കൂടി തെലുഗു ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ നാലാമത്തെ തോല്‍വിയാണ് ഇന്ന് തമിഴ് തലൈവാസ് തെലുഗു ടൈറ്റന്‍സിനോട് ഏറ്റുവാങ്ങിയത്. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് തലൈവാസ് നാട്ടിലേറ്റു വാങ്ങിയത്. 17-11നു പകുതി സമയത്ത് ലീഡ് ചെയ്ത ടൈറ്റന്‍സ് മത്സരം 33-28 എന്ന സ്കോറിനു സ്വന്തമാക്കി.

രാഹുല്‍ ചൗധരിയും അജയ് താക്കൂറും തമ്മിലുള്ള പോര് കണ്ട മത്സരത്തില്‍ ഇരു താരങ്ങളും 9 പോയിന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. തെലുഗു ടൈറ്റന്‍സിനു രണ്ട് ഓള്‍ഔട്ട് പോയിന്റ് ലഭിക്കുകയും പ്രതിരോധത്തില്‍ 3 പോയിന്റിന്റെ (14-11) ലീഡ് നേടുവാനും സാധിച്ചതാണ് ടീമിനു തുണയായത്. റെയിഡിംഗ് പോയിന്റില്‍ ഇരു ടീമുകളും 16 പോയിന്റ് വീതം നേടി ഒപ്പം നിന്നു.

വീണ്ടും സമനില, ഇത്തവണ ഡല്‍ഹിയും ഗുജറാത്തും

പ്രൊ കബഡി ലീഗില്‍ വീണ്ടുമൊരു സമനില കൂടി. പൂനെയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞ അതേ സ്കോര്‍ ലൈനിലാണ് ഇന്ന് ദബാംഗ് ഡല്‍ഹിയും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ദബാംഗ് ഡല്‍ഹി മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. മത്സരം അവസാനിക്കുവാന്‍ ആറ് മിനുട്ട് മാത്രം അവശേഷിക്കെ 28-21 ന്റെ ലീഡ് ഗുജറാത്തിനായിരുന്നുവെങ്കിലും പൊരുതിക്കയറിയ ഡല്‍ഹി അവസാന മിനുട്ടില്‍ 32-31ന്റെ ലീഡ് നേടിയെങ്കിലും ഗുജറാത്ത് പോയിന്റ് നേടി മത്സരം സമനിലയിലാക്കുകയായിരുന്നു. ആധിപത്യം പുലര്‍ത്തിയ മത്സരം അവസാന സെക്കന്‍ഡില്‍ കൈവിടുന്ന സ്ഥിതിയില്‍ നിന്നാണ് ഗുജറാത്തിനു ആശ്വാസ സമനില കൈവരിക്കാനായത്.

റെയിഡിംഗില്‍ ദബാംഗ് ഡല്‍ഹിയും(19-17) ടാക്കിള്‍ പോയിന്റുകളില്‍ ഗുജറാത്ത് ലയണ്‍സും ആണ് മുന്നില്‍ നിന്നത്(11-10). ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ ഗുജറാത്ത് രണ്ട് അധിക പോയിന്റുകളും ഡല്‍ഹി ഒരു പോയിന്റും നേടി.

രണ്ടാം ജയം നേടാനാകാതെ തലൈവാസ്, ആതിഥേയരെ വീഴ്ത്തി യുപി യോദ്ധ

തമിഴ് തലൈവാസിനെ 37-32 എന്ന സ്കോറിനു പരാജയപ്പെടുത്തി യുപി യോദ്ധ. ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍ 18 – 4 ന്റെ വ്യക്തമായ ലീഡ് യുപി നേടിയെങ്കിലും രണ്ടാം പകുതിയില്‍ ആവേശകരമായ തിരിച്ചുവരവ് തലൈവാസ് നടത്തുകയായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ നേടിയ കൂറ്റന്‍ ലീഡ് യുപിയുടെ തുണയ്ക്കെത്തി. മത്സരം അവസാനിക്കുവാന്‍ രണ്ട് മിനുട്ട് മാത്രം അവശേഷിക്കെ ലീഡ് രണ്ട് പോയിന്റായി കുറച്ച് സ്കോര്‍ 30-32 എന്ന നിലയിലേക്ക് തലൈവാസ് കൊണ്ടെത്തിച്ചുവെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷ കൈവിടാതെ മത്സരം യുപി സ്വന്തമാക്കി.

12 പോയിന്റുമായി തലൈവാസിന്റെ അജയ് താക്കൂര്‍ മത്സരത്തില്‍ മികച്ച് നിന്നപ്പോള്‍ മറ്റു താരങ്ങള്‍ക്കാര്‍ക്കും താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുവാനായിരുന്നില്ല. യുപിയ്ക്കായി പ്രശാന്ത് കുമാര്‍ റായ് 8 പോയിന്റ് നേടിയപ്പോള്‍ ശ്രീകാന്ത് ജാധവ് 5 പോയിന്റ് നേടി. റെയിഡിംഗില്‍ മികവ് പുലര്‍ത്തിയത് തമിഴ് തലൈവാസായിരുന്നുവെങ്കില്‍(23-18) പ്രതിരോധത്തില്‍ 10-5ന്റെ ലീഡ് യുപി കൈവശപ്പെടുത്തി.

ഇരു ടീമുകളും രണ്ട് തവണ ഓള്‍ഔട്ട് ആയപ്പോള്‍ മത്സരത്തിലെ വ്യത്യാസമായി മാറിയത് യുപി നേടിയ 5 എക്സ്ട്രാ പോയിന്റുകളാണ്.

ജയം സ്വന്തമാക്കി പള്‍ട്ടന്‍, പരാജയപ്പെടുത്തിയത് ഹരിയാന സ്റ്റീലേര്‍സിനെ

പ്രൊ കബഡി ലീഗിലെ രണ്ടാം ദിവസത്തില്‍ മികച്ച ജയം സ്വന്തമാക്കി പുനേരി പള്‍ട്ടന്‍. ആദ്യ മത്സരത്തില്‍ യു മുംബയെ അവസാന നിമിഷം സമനിലയില്‍ തളച്ച ആവേശത്തിലെത്തിയ പുനേരി പള്‍ട്ടന്‍ 34-22 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ടാക്കിള്‍ പോയിന്റുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ റെയിഡംഗില്‍ 16-11 ന്റെ ലീഡ് പുനേരി പള്‍ട്ടന്‍ സ്വന്തമാക്കി.

രണ്ട് തവണ ഹരിയാനയെ ഓള്‍ഔട്ട് ആക്കിയതും പൂനെയ്ക്ക് മത്സരം സ്വന്തമാക്കുവാന്‍ സഹായകരമായി. 5 എക്സ്ട്രാ പോയിന്റുകളും വിജയികള്‍ സ്വന്തമാക്കിയിരുന്നു. ഹരിയാനയുടെ വികാസ് കണ്ടോല എട്ട് പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോററായി. മത്സരത്തിന്റെ പകുതി സമയത്ത് പുനേരി പള്‍ട്ടന്‍ 15-9 നു മുന്നിലായിരുന്നു.

Exit mobile version