ഗുജറാത്ത് മുന്നോട്ട് തന്നെ, ഹരിയാനയ്ക്കെതിരെയും ആധികാരിക വിജയം

പ്രൊ കബഡി ലീഗിന്റെ ഈ സീസണിലും മികച്ച പ്രകടനവുമായി ഗുജറാത്ത് ഫോര്‍ച്യൂണ്‍ജയന്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 47-37 എന്ന സ്കോറിനാണ് പോയിന്റുകള്‍ വളരെ അധികം പിറന്ന മത്സരത്തില്‍ ഗുജറാത്തിന്റെ ജയം. പത്ത് പോയിന്റ് വ്യത്യാസത്തിലാണ് ജയമെങ്കിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പൊരുതിയത്. ഇടവേള സമയത്ത് 28-16നു ജയന്റ്സ് ലീഡ് ചെയ്യുകയായിരുന്നു.

റെയിഡിംഗിലും പ്രതിരോധത്തിലും മേല്‍ക്കൈ നേടിയത് ഗുജറാത്ത് തന്നെയായിരുന്നു. 30-26 എന്ന സ്കോറിനു റെയിഡിംഗിലും 12-8 എന്ന സ്കോറിനു പ്രതിരോധത്തിലും ഗുജറാത്ത് മുന്നിട്ട് നിന്നു. അധിക പോയിന്റുകളില്‍ ടീമുകള്‍ ഒപ്പം നിന്നപ്പോള്‍ ഗുജറാത്ത് 4 ഓള്‍ഔട്ട് പോയിന്റുകളും ഹരിയാന സ്റ്റീലേഴ്സ് 2 ഓള്‍ഔട്ട് പോയിന്റും സ്വന്തമാക്കി.

12 പോയിന്റുമായി പ്രപഞ്ചനും 10 പോയിന്റ് നേടി സച്ചിനും ഗുജറാത്തിന്റെ പ്രധാന പോരാളികള്‍ ആയി മാറിയപ്പോള്‍ പതിവു പോലെ ഹരിയാന നിരയില്‍ മോനു ഗോയത് തിളങ്ങി. 11 പോയിന്റാണ് മോനു സ്വന്തമാക്കിയത്. താരത്തിനു വേണ്ടത്ര പിന്തുണ നല്‍കുവാന്‍ മറ്റു ഹരിയാന താരങ്ങള്‍ക്ക് കഴിയാത്തതും ടീമിനു തിരിച്ചടിയായി.