ഡല്‍ഹിയുടെ വിജയക്കുതിപ്പിനു തടയിട്ട് യുമുംബ, ജയം രണ്ടാം പകുതിയിലെ തിരിച്ചുവരവിലൂടെ

ഡിസംബര്‍ മാസത്തിലെ ആദ്യ മത്സരത്തില്‍ തന്നെ ദബാംഗ് ഡല്‍ഹിയ്ക്ക് പരാജയത്തിന്റെ കയ്പുനീര് സമ്മാനിച്ച് മുംബൈ. ഇന്നലെ നടന്ന ഏക മത്സരത്തില്‍ പകുതി സമയത്ത് 23-13നു മുന്നില്‍ നിന്ന ശേഷമാണ് ഡല്‍ഹി മത്സരത്തില്‍ പരാജയമേറ്റു വാങ്ങിയത്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 41-34 എന്ന നിലയില്‍ മുംബൈ സ്വന്തമാക്കി. 10 പോയിന്റ് പിന്നില്‍ നിന്ന് രണ്ടാം പകുതി തുടങ്ങിയ മുംബൈ അവിസ്മരണീയമായ തിരിച്ചുവരവാണ് നടത്തിയത്.

സിദ്ധാര്‍ത്ഥ ദേശായി ആണ് മുംബൈയുടെ തിരിച്ചുവരവിനു ചുക്കാന്‍ പിടിച്ചത്. 19 പോയിന്റുകളാണ് താരം ഒറ്റയ്ക്ക് നേടിയെടുത്തത്. ഡല്‍ഹിയ്ക്കായി നവീന്‍ കുമാര്‍ 12 പോയിന്റും ചന്ദ്രന്‍ രഞ്ജിത്ത് 7 പോയിന്റും നേടി. റെയിഡിംഗില്‍ 27-20നും ടാക്കിള്‍ പോയിന്റുകളില്‍ 10-8 എന്ന നിലയിലുമാണ് മുംബൈ മത്സരതില്‍ മുന്‍തൂക്കം നേടിയത്. ഇരു ടീമുകളും ഓള്‍ഔട്ട് പോയിന്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അധിക പോയിന്റുകളില്‍ 2-0നു ഡല്‍ഹി മുന്നിട്ട് നിന്നു.