അവസാന മിനുട്ടുകളില്‍ ജയം നേടി ദബാംഗ് ഡല്‍ഹി

ഒരു ഘട്ടത്തില്‍ 14-4 ന്റെ ലീഡ് നേടിയ ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെതിരെ അവസാന മിനുട്ടുകളില്‍ ലീഡ് തിരിച്ച് പിടിച്ച ദബാംഗ് ഡല്‍ഹിയ്ക്ക് മികച്ച വിജയം. ആദ്യ പകുതി അവസാനിച്ചപ്പോള്‍ 16-9 എന്ന നിലയ്ക്ക് ജയ്പൂര്‍ ആയിരുന്നു ലീഡ് ചെയ്തിരുന്നത്. മത്സരം അവസാന 8 മിനുട്ടുകളിലേക്ക് കടന്നപ്പോള്‍ 21-21 നു തുല്യത ഇരു ടീമുകളും പാലിച്ചുവെങ്കിലും ഇറാനിയന്‍ താരവും ദബാംഗ് ഡല്‍ഹി നായകനുമായ മെഹ്റാജ് ഷെയികിന്റെ ഒറ്റയാള്‍ പോരാട്ടം മത്സരം ഡല്‍ഹിയ്ക്ക് അനുകൂലമാക്കി. ഇരു പകുതികളും അവസാനിച്ചപ്പോള്‍ 30-26 നു ഡല്‍ഹി ജയം സ്വന്തമാക്കി.

ജയ്പൂരിനു വേണ്ടി പവന്‍ കുമാറും ജസ്വീര്‍ സിംഗും പോയിന്റുകള്‍ നേടിയപ്പോള്‍ മഞ്ജീത്ത് ചില്ലര്‍ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. 7 പോയിന്റ് നേടിയ മെഹ്റാജാണ് ഡല്‍ഹി റെയിഡിംഗ് നയിച്ചത്. പ്രതിരോധത്തില്‍ മുന്‍ ബംഗാള്‍ താരം നിലേഷ് ശിണ്ഡേ മികവ് പുലര്‍ത്തി. റെയിഡിംഗ് പോയിന്റില്‍ ജയ്പൂര്‍ 15 പോയിന്റുമായി ഡല്‍ഹിയെക്കാള്‍(13) മുന്നിട്ടു നിന്നുവെങ്കിലും ടാക്കിള്‍ പോയിന്റുകളുടെ അന്തരം വളരെ വലുതായിരുന്നു. ഡല്‍ഹി പ്രതിരോധം 12 പോയിന്റുകള്‍ നേടിയപ്പോള്‍ ജയ്പൂരിന്റെ ടാക്കിള്‍ പോയിന്റുകള്‍ വെറും 4 മാത്രമായിരുന്നു. രണ്ട് തവണ ഡല്‍ഹി ജയ്പൂരിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ജയ്പൂരിനു ഒരു തവണ മാത്രമേ ഓള്‍ഔട്ട് പോയിന്റ് സ്വന്തമാക്കാനായുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐബിഎസിനു തകര്‍പ്പന്‍ ജയം, ഗോള്‍ മഴ പെയ്യിച്ച് എന്‍വെസ്റ്റ്നെറ്റ്
Next articleവിചിത്രമായ സെൽഫ് ഗോൾ കണ്ട മത്സരത്തിൽ ചെൽസിക്ക് തോൽവി