രോഹിത് കുമാറിനും രക്ഷിയ്ക്കാനായില്ല ബെംഗളൂരുവിനെ

- Advertisement -

രോഹിത് കുമാറിന്റെ(15) തകര്‍പ്പന്‍ പ്രകടനം കണ്ട പ്രൊകബഡി ലീഗ് 85ാം മത്സരത്തില്‍ ബെംഗളൂരു ബുള്‍സ് ചെറുത്തുനില്പിനെ മറികടന്ന് പട്ന പൈറേറ്റ്സ് വിജയികള്‍. പര്‍ദീപ് നര്‍വാലിനെ മറികടക്കുന്ന പ്രകടനവുമായി മോനു ഗോയത്(12) ആണ് മത്സരത്തിലെ താരമായി മാറിയത്. 11 പോയിന്റുമായി പര്‍ദീപ് തൊട്ടു പുറകിലുണ്ടായിരുന്നു. 36-32 നു മത്സരം സ്വന്തമാക്കിയ പട്ന തന്നെയാണ് പകുതി സമയത്തും ലീഡ് നിലനിര്‍ത്തിയത്. സ്കോര്‍ : 19-11.

മത്സരത്തിലെ ടോപ് സ്കോറര്‍ ആയി മാറിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ രോഹിത് കുമാറിനു ആയില്ല. താരത്തിന്റെ ഒറ്റയാള്‍ പ്രകടനവുമായി എത്തിയ ബെംഗളൂരുവിനെ പര്‍ദീപും മോനു ഗോയതും ചേര്‍ന്ന് പിടിച്ചുകെട്ടുകയായിരുന്നു. റെയിഡിംഗില്‍ 22-22 നു ഇരു ടീമുകളും ഒപ്പം നിന്നപ്പോള്‍ രണ്ട് തവണ ഓള്‍ഔട്ട് ആയത് ബെംഗളൂരുവിനു തിരിച്ചടിയായി. പട്നയെ ഒരു തവണ മാത്രമേ പുറത്താക്കാനും അവര്‍ക്കായുള്ളു.

പ്രതിരോധത്തില്‍(7-5) നേരിയ ലീഡ് സ്വന്തമാക്കി മത്സരത്തില്‍ 4 പോയിന്റ് ലീഡ് നേടി ബെംഗളൂരുവിനെ അടിയറവു പറയിക്കുകയായിരുന്നു പട്ന പൈറേറ്റ്സ്. 54 പോയിന്റുമായി പട്ന തന്നെയാണ് സോണ്‍ ബി യില്‍ ഒന്നാമതായി നില്‍ക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ വെറും 3 മത്സരങ്ങളാണ് ടീം തോറ്റത്. ഇത് ബെംഗളൂരുവിന്റെ 9ാം തോല്‍വിയായിരുന്നു. 33 പോയിന്റുമായി 4ാം സ്ഥാനത്താണ് ബെംഗളൂരു സോണ്‍ ബിയില്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement