ബെംഗളൂരുവിനെ വീഴ്ത്തി ബംഗാള്‍

ബംഗാള്‍ വാരിയേഴ്സിനു ബെംഗളൂരു ബുള്‍സിനെതിരെ മികച്ച വിജയം. 6 പോയിന്റ് വ്യത്യാസത്തിലാണ് ബെംഗളൂരുവിനെ ബംഗാള്‍ പരാജയപ്പെടുത്തിയത്. 37-31 എന്ന സ്കോറിനു വിജയം കുറിച്ച ബംഗാള്‍ പാതി സമയത്ത് 12-15നു പിന്നിലായിരുന്നു. മൂന്ന് പോയിന്റ് പിന്നില്‍ നിന്ന് വിജയിച്ച് കയറിയാണ് ബംഗാള്‍ തങ്ങളുടെ ആധിപത്യം മത്സരത്തില്‍ ഉറപ്പിച്ചത്.

16 പോയിന്റുമായി മനീന്ദര്‍ ബംഗാളിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ 7 പോയിന്റ് നേടി ജാംഗ് കുന്‍ ലീയും മികച്ച പിന്തുണ ടീമിനു നല്‍കി. ബെംഗളൂരുവിനായി പവന്‍ ഷെഹ്റാവത്ത് പത്തും രോഹിത് കുമാര്‍ ആറും പോയിന്റാണ് നേടിയത്. റെയിഡിംഗില്‍ 24-19നു ലീഡ് നേടിയ ബംഗാളിനു 7-6 എന്ന നേരിയ ലീഡ് മാത്രമേ പ്രതിരോധത്തില്‍ നേടാനായുള്ളു. ഓള്‍ഔട്ട് പോയിന്റുകളുടെ എണ്ണത്തില്‍ 4-2 എന്ന സ്കോറിനു ബംഗാള്‍ മുന്നിട്ട് നിന്നു.

4-2 എന്ന നിലയില്‍ അധിക പോയിന്റുകളുടെ ഗണത്തില്‍ മുന്നിലെത്തുവാന്‍ ബെംഗളൂരുവിനു സാധിച്ചുവെങ്കിലും മാര്‍ജിന്‍ കുറയ്ക്കുവാന്‍ മാത്രമേ അത് സഹായിച്ചുള്ളു.