ബെംഗളൂരുവിനെതിരെ ജയിക്കുവാനാകാതെ ജയ്പൂര്‍

പ്രൊകബഡി ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസത്തിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു ബുള്‍സിനോട് പരാജയം ഏറ്റുവാങ്ങി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. 40-32 എന്ന സ്കോറിനായിരുന്നു ബുള്‍സിന്റെ വിജയം. ആദ്യ പകുതിയില്‍ മിനട്ടുകള്‍ അവശേഷിക്കാനിരിക്കെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും അവസാന രണ്ട് മിനുട്ടില്‍ ലീഡ് ബെംഗളൂരു കൈക്കലാക്കി. 19-16നായിരുന്നു ഇടവേള സമയത്ത് ബുള്‍സ് ലീഡ് ചെയ്തത്.

13 പോയിന്റുമായി ദീപക് ഹൂഡയും 8 പോയിന്റ് നേടി സെല്‍വമണിയും ജയ്പൂര്‍ നിരയില്‍ തിളങ്ങിയപ്പോള്‍ 16 പോയിന്റുമായി പവന്‍ ഷെഹ്റാവത്ത് ബെംഗളൂരുവിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. രോഹിത് കുമാര്‍ അഞ്ചും സുമിത് സിംഗ്, അമിത് ഷിയോരന്‍ എന്നിവര്‍ നാലും പോയിന്റ് നേടി.

റെയിഡിംഗില്‍ 25-23 എന്ന നിലയിലും പ്രതിരോധത്തില്‍ 10-9 എന്ന നിലയിലും നേരിയ ലീഡ് മാത്രമാണ് ബെംഗളൂരുവിനു നേടാനായതെങ്കിലും രണ്ട് തവണ ജയ്പൂരിനെ ഓള്‍ഔട്ട് ആക്കിയ വഴി ലഭിച്ച നാല് പോയിന്റും ഒരു അധിക പോയിന്റും ടീമിന്റെ ലീഡ് വര്‍ദ്ധിപ്പിക്കുവാന്‍ സഹായിച്ചു.