ഒപ്പത്തിനൊപ്പം പൊരുതി ബെംഗളൂരുവും പട്നയും, അവസാന നിമിഷം ലീഡും ജയവും സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാര്‍

ഇന്ന് പുതിയ സീസണിലെ ഉദ്ഘാടന ദിവസത്തെ രണ്ടാം മത്സരത്തില്‍ ആവേശകരമായ വിജയം നേടി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ബുള്‍സ്. മത്സരം അവസാന എട്ട് മിനുട്ട് വരെ കടക്കുമ്പോളും ലീഡ് പട്നയുടെ പക്ഷത്തായിരുന്നുവെങ്കിലും അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ലീഡ് ബെംഗളൂരു സ്വന്തമാക്കുന്നതാണ് കണ്ടത്. ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതെ പട്‍ന പൊരുതിയെങ്കിലും ബെംഗളൂരു 34-32 എന്ന സ്കോറിന് 2 പോയിന്റിന്റെ ലീഡ് നേടി ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പകുതി ബെംഗളൂരുവിന്റെ ലീഡോടു കൂടിയാണ് മത്സരം ആരംഭിച്ചതെങ്കിലും പിന്നീട് പട്ന മത്സരത്തില്‍ ഇരു ടീമുകളും ലീഡ് മാറി മാറി നേടിയെങ്കിലും ആദ്യ പകുതി അവസാനിച്ചപ്പോള്‍ 17-13ന് പട്നയായിരുന്നു മുന്നില്‍.

ബെംഗളൂരുവിന് വേണ്ടി പവന്‍ ഷെഹ്റാവത്ത് 9 പോയിന്റും അമിത് ഷിയോറന്‍ അഞ്ച് പോയിന്റും നേടിയപ്പോള്‍ സുമിത് സിംഗ്, ആശിഷ് സംഗ്വാന്‍, മഹേന്ദര്‍ സിംഗ്, രോഹിത് കുമാര്‍ എന്നിവര്‍ 4 വീതം പോയിന്റ് നേടി. പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 10 പോയിന്റും മുഹമ്മദ് ഇസ്മായില്‍ മഗ്സൗദലു 9 പോയിന്റും നേടിയെങ്കിലും ഈ വ്യക്തിഗത മികവ് വിജയമാക്കി മാറ്റുവാന്‍ ടീമിന് സാധിച്ചില്ല. ജാംഗ് കുന്‍ ലീയുടെ നിറം മങ്ങിയ പ്രകടനം ടീമിനു തിരിച്ചടിയായി.

റെയിഡിംഗില്‍ 18-17ന് പട്ന ലീഡ് ചെയ്തപ്പോള്‍ പ്രതിരോധത്തില്‍ 15-12ന്റെ മേല്‍ക്കൈ ബെംഗളൂരു കരസ്ഥമാക്കി. ഇരു ടീമുകളും മത്സരത്തില്‍ ഓരോ തവണ ഓള്‍ഔട്ട് ആയി.