ദീപക് നര്‍വാലിന്റെ അവിശ്വസനീയ പ്രകടനം, പട്നയുടെ ഒപ്പം പിടിച്ച് ബംഗാള്‍

ജയം പട്നയ്ക്കെന്ന് മുംബൈ മുഴുവന്‍ തീരുമാനിച്ചുറപ്പിച്ച് നിമിഷത്തിലാണ് ദീപക് നര്‍വാല്‍ തന്റെ പഴയ ടീമിനെ ഞെട്ടിച്ചത്. ഒരു ഘട്ടത്തില്‍ 12 പോയിന്റ് ലീഡ് വരെ സ്വന്തമാക്കിയ പട്നയോട് സമനില പിടിക്കാന്‍ ബംഗാളിനെ സഹായിച്ചത് ഈ മുന്‍ പട്ന താരത്തിന്റെ പ്രകടനം ഒറ്റയ്ക്കാണ്. പകുതി സമയത്ത് 24-11 എന്ന സ്കോറിനു 13 പോയിന്റ് ലീഡ് നേടിയരുന്നു പട്ന. ആദ്യ പകുതിയില്‍ രണ്ട് തവണ ഓള്‍ഔട്ട് ആയ ബംഗാള്‍ പട്നയുടെ ഓള്‍റൗണ്ട് പ്രകടനത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതിയുടെ അവസാന മിനുട്ടുകളില്‍ ബംഗാള്‍ കത്തിക്കയറിയപ്പോള്‍ വിജയത്തിനടുത്ത് വെച്ച് പട്നയ്ക്ക് കാലിടറി. ബംഗാള്‍ വാരിയേഴ്സിന്റെ ദീപക് നര്‍വാല്‍(11), ജാംഗ് കുന്‍ ലീ(6), സുര്‍ജീത്ത് എന്നിവരുടെ പ്രകടനങ്ങള്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ മതിയായില്ലെങ്കിലും സമനില നേടിയെടുക്കുവാന്‍ അവര്‍ക്കായി. 36-36 എന്ന സ്കോറിനു ഇരു ടീമുകളും പോയിന്റ് പങ്കുവെച്ച് മടങ്ങുകയായിരുന്നു ഇന്നത്തെ രണ്ടാം മത്സരത്തില്‍. അവസാന സെക്കന്‍ഡില്‍ സുര്‍ജിത്ത് സിംഗ് നടത്തിയ ടാക്കിളാണ് സമനില നേടാന്‍ ബംഗാളിനെ സഹായിച്ചത്.

പര്‍ദീപ് നര്‍വാല്‍ 7 പോയിന്റ് നേടി പട്നയുടെ ടോപ് സ്കോറര്‍ ആയി. പട്നയുടെ വിശാല്‍ മാനേ(6), വിനോദ് കുമാര്‍(6) എന്നിവര്‍ പര്‍ദീപിനു മികച്ച പിന്തുണ നല്‍കി. നാല് ഓള്‍ഔട്ട് പോയിന്റ് പട്ന സ്വന്തമാക്കിയപ്പോള്‍ ബംഗാളിനു രണ്ട് പോയിന്റ് ആ ഇനത്തില്‍ ലഭിച്ചു.

റെയിഡിംഗില്‍ നേരിയ മുന്‍തൂക്കം(22-18) ബംഗാളിനായിരുന്നു. പ്രതിരോധത്തില്‍ തിളങ്ങിയത് പട്നയും(11-13).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial