കബഡി ലോകകപ്പ്: കൊറിയയ്ക്കു അട്ടിമറി ജയം

- Advertisement -

കബഡി ലോകകപ്പിനു ആവേശത്തുടക്കം. ആതിഥേയരായ ഇന്ത്യയെ 32-34 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ തോല്പിച്ചത്. മത്സരത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനെ ആദ്യ റെയിഡില്‍ തന്നെ പുറത്താക്കി കൊറിയ തങ്ങളീ ടൂര്‍ണ്ണമെന്റിലെ കറുത്ത കുതിരകളാകാന്‍ പ്രാപ്തരാണെന്ന് തെളിയിച്ചു. മത്സരം എട്ടാം മിനുട്ട് ആയപ്പോള്‍ 7-6 എന്ന നിലയില്‍ കൊറിയ ലീഡെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പതിനൊന്നാം മിനുട്ടില്‍ കൊറിയയെ ഓള്‍ഔട്ട് ആക്കിക്കൊണ്ട് ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. പകുതി സമയത്ത് 18-13 ന് ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതി ഇന്ത്യയുടെ ആധിപത്യത്തോടു കൂടിയാണ് ആരംഭിച്ചത്. പോയിന്റില്ലാത്ത രണ്ട് മൂന്നു റെയിഡുകള്‍ക്ക് ശേഷം ലീഡ് മൂന്നാക്കി കൊറിയ കുറച്ചെങ്കിലും, മഞ്ജീത് ചില്ലറുടെ ഉഗ്രന്‍ ടാക്കിളുകളുടെ സഹായത്തോടു കൂടി ഇന്ത്യ ലീഡ് 8 പോയിന്റായി ഉയര്‍ത്തി. ആദ്യ പകുതിയുടെ അവസാനം ജസ്വീര്‍ സിംഗിനു പകരം പ്രദീപ് നര്‍വാളിനെ ഇറക്കിയത് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. പ്രദീപിന്റെ വേഗതയേറിയ നീക്കങ്ങള്‍ കൊറിയന്‍ പ്രതിരോധത്തിനു സ്ഥിരം തലവേദന സൃഷ്ടിയ്ക്കുകയായിരുന്നു. മത്സരം അവസാന മിനുട്ടുകളിലേക്കെത്തിയപ്പോള്‍ കൊറിയ ലീഡ് നില കുറച്ചു കൊണ്ടു വന്നു. 39ാം മിനുട്ടില്‍ ഒരു സൂപ്പര്‍ റെയിഡിലൂടെ സ്കോര്‍ നില തുല്യമാക്കാന്‍ ജാന്‍ കുംഗ് ലീയ്ക്ക് സാധിച്ചു. അടുത്ത റെയിഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനൂപ് കുമാര്‍ ഒരു പോയിന്റ് നേടിയെങ്കിലും 2 പോയിന്റുകള്‍ നേടി ജാന്‍ കുംഗ് ലീ ലീഡ് കൊറിയയുടെ ഒപ്പമാക്കി. മത്സരം മുഴുവന്‍ സമയം പിന്നിട്ടപ്പോള്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയ്ക്കായിരുന്ന അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത്.

Advertisement