കബഡി ലോകകപ്പ്: ദക്ഷിണ കൊറിയ, ഇറാന്‍ ,ഇന്ത്യ എന്നിവര്‍ക്ക് ജയം

ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ നേരിട്ട ദക്ഷിണ കൊറിയ ടൂര്‍ണ്ണമെന്റിലെ നാലാം ജയം സ്വന്തമാക്കി. മത്സരം തുടങ്ങി അഞ്ചാം മിനുട്ടില്‍ തന്നെ ആദ്യ ഓള്‍ഔട്ട് സ്വന്തമാക്കിയ ദക്ഷിണ കൊറിയ 11-3 എന്ന ലീഡ് നേടി. മത്സരത്തിലെ രണ്ടാം ഓള്‍ഔട്ട് സ്വന്തമാക്കി കൊറിയ ലീഡ് 14 പോയിന്റായി ഉയര്‍ത്തി. ഒരു സമയത്ത് ആദ്യ പകുതി അവസാനിക്കുമ്പോള്‍ 20 പോയിന്റിനടുത്ത് ലീഡിനു മേലെ സൃഷ്ടിക്കാനാകുമെന്ന് തോന്നിയെങ്കിലും ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഓസ്ട്രേലിയന്‍ നായകന്‍ ക്യാംപെല്‍ ബ്രൗണ്‍ നേടിയ സൂപ്പര്‍ റെയിഡ് ലീഡ് കുറയ്ക്കുകയായിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ സ്കോര്‍ 30-14. മത്സരത്തില്‍ കൊറിയ അഞ്ച് ഓള്‍ഔട്ടുകള്‍ക്ക് ഓസ്ട്രേലിയയെ വിധേയമാക്കി. മുഴുവന്‍ സമയത്ത് 63-25 എന്ന സ്കോര്‍ നിലയില്‍ ദക്ഷിണ കൊറിയ വിജയം കൈവരിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുന്ന ആദ്യ ടീമായി ദക്ഷിണ കൊറിയ.

രണ്ടാം മത്സരത്തില്‍ ഇറാനും ജപ്പാനും ഏറ്റു മുട്ടിയപ്പോള്‍ വിജയം ഇറാനൊപ്പമായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെയും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇറാന്റെ ആധിപത്യമാണ് കോര്‍ട്ടില്‍ പ്രകടമായത്. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ഓള്‍ഔട്ട് നടത്തി ലീഡ് 12-1 എന്ന നിലയിലാക്കാന്‍ അവര്‍ക്കായി. ആദ്യ പകുതിയില്‍ 19-9 എന്ന സ്കോറിനു ഇറാന്‍ ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയില്‍ ഓള്‍ഔട്ട് കരസ്ഥമാക്കി ലീഡ് ഉയര്‍ത്തിയ ഇറാന്‍ പക്ഷേ മിറാജ് ഷെയ്ഖിനെ പിന്‍വലിച്ചതിനു ശേഷം ജപ്പാന്‍ പതിയെ മത്സരത്തിലേക്ക് തിരിച്ചു വരുന്നതാണ് കാണാന്‍ കഴിഞ്ഞത്. മൂന്നു മിനുട്ടുകള്‍ മാത്രം ശേഷിക്കേ ജപ്പാന്‍ ആദ്യ ഓള്‍ഔട്ട് നേടി. സ്കോര്‍ 35-27. എന്നാല്‍ 38-34 എന്ന അവസാന സ്കോറില്‍ മത്സരം ജയിച്ച് ഇറാന്‍ സെമി പ്രവേശം ഉറപ്പാക്കി. മത്സത്തില്‍ ലീഡ് വ്യത്യാസം കുറച്ചതിനാല്‍ ജപ്പാനു സെമി പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.

മൂന്നാമത്തെ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയും അര്‍ജന്റീനയും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യ പത്തുമിനുട്ടില്‍ രണ്ട് ഓള്‍ഔട്ട് നേടി ഇന്ത്യ തങ്ങളുടെ ആധിപത്യം വ്യക്തമാക്കി. പത്താം മിനുട്ടില്‍ 22-5 എന്ന നിലയില്‍ ഇന്ത്യ വലിയ ലീഡ് സ്വന്തമാക്കിയിരുന്നു. പ്രതിരോധത്തില്‍ സുര്‍ജീത്തും റെയിഡിംഗില്‍ അജയ് താക്കൂറും മികച്ചു നിന്നു. മത്സരത്തിലെ മൂന്നാമത്തെ ഓള്‍ഔട്ട് കരസ്ഥമാക്കിയ ഇന്ത്യ പകുതി സമയത്ത് 36-13നു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാ പകുതിയില്‍ സുര്‍ജീത്തിനു പകരം നിതിന്‍ തോമറും ധര്‍മ്മരാജന്‍ ചേരാലതനു പകരം സുരേന്ദര്‍ നാഡയും ഇറങ്ങി. മത്സരത്തിലെ നാലാം ഓള്‍ഔട്ട് സ്വന്തമാക്കി ഇന്ത്യ 45-15 എന്ന നിലയിലേക്ക് സ്കോര്‍ ഉയര്‍ത്തി. സുരേന്ദര്‍ നാഡ കഴിഞ്ഞ മത്സരത്തിലെ ഫോം കാത്തു സൂക്ഷിച്ചപ്പോള്‍ രാഹുല്‍ ചൗധരിയും പതിയെ തന്റെ പ്രൊകബഡി ലീഗിലേ ഫോമിലേക്ക് തിരിച്ചു വരുന്നതിനു അഹമ്മദാബാദ് സാക്ഷ്യം വഹിച്ചു. അഞ്ചാം തവണ അര്‍ജന്റീനയെ പുറത്താക്കിയ ഇന്ത്യ 59-15 നു ലീഡ് ചെയ്യുകയായിരുന്നു എട്ട് മിനുട്ടുകള്‍ ബാക്കിയുള്ളപ്പോള്‍. രാഹുല്‍ ചൗധരി പത്തു പോയിന്റ് തികച്ചപ്പോള്‍ ആറാം തവണയാണ് അര്‍ജന്റീന പുറത്തായത്. മുഴുവന്‍ സമയത്ത് 74-20 നു ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ ഇറാനുമായുള്ള സെമി പോരാട്ടം തീപ്പാറുമെന്നത് തീര്‍ച്ച.