ഇറാന്‍ : ഇന്ത്യയ്ക്കും കിരീട മോഹങ്ങള്‍ക്കുമിടയില്‍

- Advertisement -

ഇന്ത്യയ്ക്ക് ഈ ലോകകപ്പില്‍ ഒരു തോല്‍വി ചിന്തിക്കാനാകുന്നതേ അല്ല. കബഡിയുടെ രാജാക്കന്മാര്‍ അവരുടെ സ്വന്തം നാട്ടില്‍ കളിയ്ക്കുന്നത് ചാമ്പ്യന്‍ പട്ടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെച്ചല്ല. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാണോയെന്ന് ചോദിച്ചാല്‍ കണക്കുകള്‍ തന്നെ അതിനുത്തരം തരും. 1990 ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയ അന്ന് മുതല്‍ തുടര്‍ച്ചയായി ഏഴു സ്വര്‍ണ്ണം. 2004, 2007 ലോകകപ്പില്‍ കിരീടം. ഈ കപ്പ് നമുക്ക് തന്നെയെന്ന് ഉറപ്പാണ് ഇന്ത്യന്‍ ആരാധകര്‍ക്ക്.

2016 ലോകകപ്പ് അഹമ്മദാബാദില്‍ ഇന്നാരംഭിക്കുമ്പോള്‍ മറ്റൊരിക്കലുമില്ലാത്തൊരു ആവേശം രാജ്യത്തലടയിക്കുന്നുണ്ട്. കബഡി പ്രൊ ലീഗിലൂടെ ലക്ഷങ്ങളുടെ സ്വീകരണ മുറിയിലേക്കെത്തിയ കളിയാവേശം ലോകകപ്പിലും ഉണ്ടാകുമെന്നുറപ്പ്. അതെല്ലാം ഇന്ത്യന്‍ ടീമിനു പതിവില്ലാത്തൊരു സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടെന്ന് ഉറപ്പ്. എന്നാല്‍ ഇത് മാത്രമല്ല ഈ സമ്മര്‍ദ്ദത്തിനു കാരണം. മറ്റു ടീമുകള്‍ തങ്ങള്‍ക്കൊപ്പമെത്താനാവുന്നവിധം കളി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന സത്യം ലോകം മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

ഏഷ്യയില്‍ നിന്ന് കൊറിയയും തായ്‍ലാന്‍ഡും മെച്ചപ്പെട്ടു വരുന്നു, എന്നാലും അവരൊന്നും ഇന്ത്യയെ അട്ടിമറിയ്ക്കാനും മാത്രം പ്രാപ്തരാണെന്ന് കരുതുന്നില്ല. അതിര്‍ത്തിയിലെ സംഘര്‍ഷവും ഉലഞ്ഞ നയതന്ത്രബന്ധങ്ങളും പാക്കിസ്ഥാനെ വിലക്കുന്നത് വരെ എത്തിച്ചു കാര്യങ്ങള്‍. ഇനി പറയാന്‍ പോകുന്നതാണ് ഇന്ത്യയുടെ യഥാര്‍ത്ഥ വെല്ലുവിളി.

ഇന്ത്യയുടെ കഴിഞ്ഞ മികച്ച വിജയം ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണമായിരുന്നു. അന്ന് 2 പോയിന്റ് മാര്‍ജ്ജിനിലാണ് ഇന്ത്യ വിജയം കൈവരിച്ചത്(27-25). ഇടവേള സമയത്ത് 8 പോയിന്റ് ലീഡ് നേടിയത് ഇറാന്‍ ആയിരുന്നു എന്നത് ഇന്ത്യന്‍ ആരാധകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്.

ഇന്ന് ഇറാന്‍ താരങ്ങള്‍ നമുക്ക് സുപരിചിതരാണ്. മെഹ്റാജ് ഷെയ്ക്കും, ഫസല്‍ അത്രച്ചാലിയുമൊക്കെ കബഡി ആരാധകരുടെ സ്വീകരണമുറിയിലെ പരിചിത നാമങ്ങളാണ്.
പ്രൊ കബഡി ലീഗില്‍ കളിച്ച, ഇറാന്‍ ദേശീയ ടീമിനു വേണ്ടി ഈ ലോകകപ്പിനിറങ്ങുന്ന നാല് ഇറാന്‍ താരങ്ങളുണ്ട് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായ.

മെഹ്റാജ് ഷെയ്ഖ്: അവരുടെ ക്യാപ്റ്റനും ഓള്‍റൗണ്ടറും. പ്രൊകബഡി ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സര പരിചയമുള്ള ഇറാന്‍ താരം. ഒറ്റയ്ക്ക് മത്സരഗതിയെ മാറ്റുവാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് പലതവണ തെലുഗു ടൈറ്റന്‍സിനും ഡബാംഗ് ഡല്‍ഹിയ്ക്കും വേണ്ടി പുറത്തെടുത്തിട്ടുണ്ട്. ഒരേ സമയം റെയിഡിംഗിലും ഡിഫന്‍ഡിങ്ങിലും പോയിന്റുകള്‍ നേടുവാനുള്ള കഴിവ് ഇദ്ദേഹത്തെ അപകടകാരിയാക്കുന്നു.

ഫസല്‍ അത്രാച്ചാലി: ഇറാനിയന്‍ ഡിഫന്‍സിന്റെ വന്‍മതില്‍ എന്നു തന്നെ വിശേഷിപ്പിക്കാം 24 വയസ്സുള്ള ഇദ്ദേഹത്തെ. 14ാം വയസ്സില്‍ കബഡി കളിച്ചു തുടങ്ങിയ ഫസല്‍ രണ്ടു തവണ പ്രൊ കബഡി ലീഗ് ചാമ്പ്യന്മാരായ ടീമിലംഗമായിരുന്നു (യുമുംബായ്, പട്ന പൈറൈറ്റ്സ്). ഇറാന്റെ വിജയങ്ങളില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നതായിരിക്കും ഫസലിന്റെ പ്രകടനം.

ഹാദി ഒഷ്ട്രോരക് : പ്രൊകബഡി ലീഗിലെ ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങുന്ന വിദേശിയാണ് ഹാദി. ടാക്കിളിംഗിലെ ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം ഈ 24 വയസ്സുകാരനെ അപകടകാരിയാക്കുന്നു. പ്രൊകബഡി ലീഗില്‍ സീസണ്‍ നാലില്‍ വിജയികളായ പട്ന പൈറൈറ്റ്സിന്റെ വിജയങ്ങളിലെ നിര്‍ണ്ണായക ശക്തി.

അബോല്‍ഫസല്‍ മഗ്സോദ്‍ലു: പട്ന പൈറൈറ്റിസിനു വേണ്ടി ചില മത്സരങ്ങളിലിറങ്ങി തന്റെ പ്രതിഭയുടെ മിന്നലാട്ടം ഇന്ത്യന്‍ ആരാധകര്‍ക്കു മുന്നില്‍ പ്രകടമാക്കിയിരുന്നു ഈ 24 വയസ്സുകാരന്‍. തന്റെ ഉയരവും കൈക്കാലുകളുടെ നീളവും ഉപയോഗപ്പെടുത്തി വേഗത്തിലുള്ള റെയിഡിംഗാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.

ഇന്ത്യന്‍ ആരാധകര്‍ക്ക് പരിചിതരായ ഈ പ്രതിഭകള്‍ക്കപ്പുറം ഇറാന്റെ കൈയ്യില്‍ രഹസ്യായുധങ്ങളുണ്ടോ എന്നതാവും വരും ദിവസങ്ങളില്‍ കബഡി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്തു തന്നെയായാലും ഈ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് പോന്നൊരു എതിരാളിയുണ്ടെങ്കില്‍ അത് ഇറാനാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ സംഘത്തിനു പോലും സംശയമില്ലാത്ത കാര്യമാണ്.

Advertisement