ഇറാനെ അട്ടിമറിച്ച് പാക്കിസ്ഥാന്‍, ഇനി ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍

- Advertisement -

അവസാന നിമിഷത്തില്‍ ഇറാന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലാക്കി പാക്കിസ്ഥാന്‍ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. 28-24 എന്ന സ്കോറിനാണ് ആതിഥേയറായ ഇറാനെ പാക്കിസ്ഥാന്‍ കീഴ്പ്പെടുത്തിയത്. അവസാന നിമിഷത്തില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കുവാനുള്ള ഇറാന്‍ പ്രതിരോധത്തിന്റെ ശ്രമം പിഴച്ചപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിനു സാധ്യത തെളിയുകയായിരുന്നു. പകുതി സമയം വരെ പാക്കിസ്ഥാനു തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഇടവേളയില്‍ പത്ത് പോയിന്റിനു ആതിഥേയര്‍ പിന്നിലായിരുന്നു.

ഇടവേളയ്ക്ക് ശേഷം വര്‍ദ്ധിച്ച വീര്യത്തോടെ കളത്തിലിറങ്ങിയ ഇറാന്‍ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു. ഫസല്‍ അത്രച്ചാലിയും മെറാജ് ഷെയ്ഖും മികവ് പുലര്‍ത്തിയപ്പോള്‍ ലീഡ് 3 പോയിന്റായി കുറയ്ക്കാന്‍ ഇറാക്കിനായി. മത്സരം അവസാനിക്കുവാന്‍ ഒരു മിനുട്ട് മാത്രം അവശേഷിക്കെ പാക്കിസ്ഥാന്‍ 25-23നു മുന്നിലായിരുന്നുവെങ്കിലും ഒരു താരം മാത്രമാണ് ടീമില്‍ അവശേഷിച്ചത്. എന്നാല്‍ പ്രതിരോധത്തിലെ പിഴവ് പാക്കിസ്ഥാനു രണ്ട് ടച്ച് പോയിന്റും മത്സരം രക്ഷിക്കുവാനുള്ള അവസരവും നല്‍കുകയായിരുന്നു.

നേരത്തെ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നിരുന്നു. 45-29 എന്ന സ്കോറിനാണ് ഇന്ത്യ മത്സരം വിജയിച്ചത്. 2016ല്‍ ലോകകപ്പില്‍ ഇന്ത്യയെ അട്ടിമറിയ്ക്കാന്‍ കൊറിയയ്ക്ക സാധിച്ചുവെങ്കിലും ഇന്ന് കൊറിയ ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു. ഇടവേള സമയത്ത് 21-14നു ലീഡ് ചെയ്ത ഇന്ത്യ രണ്ടാം പകുതിയില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തി.

ടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement