കായികാധ്യാപകരുടെ ത്യാഗം: മലപ്പുറത്ത് കൈപന്ത് കുതിയ്ക്കുന്നു

- Advertisement -

മലപ്പുറത്തിന്റെ കളിയാവേശം ഫുട്ബോൾ ഫീൽഡിൽ മാത്രമായി ഒതുങ്ങിരുന്ന കാലം കഴിഞ്ഞു എന്നതാണ് ഈ കഴിഞ്ഞ വാരം കണ്ണൂരിൽ സമാപിച്ച സംസ്ഥാന കായികമേളയുടെ ഉത്തരമേഖലാ മത്സര ഫലങ്ങളും, സംസ്ഥാന ടീമിലേക്ക് മലപ്പുറം ജില്ലാ ജൂനിയർ സീനിയർ ടീമുകളിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട കുട്ടികളുടെ എണ്ണവും സൂചിപ്പിക്കുന്നത്.

കണ്ണൂരിൽ നടന്ന ഉത്തര മേഖലാ മത്സരങ്ങളിൽ ജൂണിയർ സീനിയർ വിഭാഗം ഫൈനൽ ജയത്തോടെ മലപ്പുറം ഹാന്റ് ബോളിൽ ഡബിൾ ചാമ്പ്യൻസായിരിക്കുകയാണ്. മലപ്പുറത്തിന്റെ കുത്തക ഇനമായ ഫുട്ബോളിൽ പോലും ഈ വർഷം ഏറെ പിറകിലായി പോയ അവസരത്തിലാണ് ഹാന്റ്ബോളിൽ സമീപ കാലങ്ങളിലായി നില നിർത്തിപ്പോരുന്ന ഈ നേട്ടം എന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ മലപ്പുറം ജില്ലാ ടീം സംസ്ഥാന ഹാന്റ്ബോളിലെ ശക്തരായ തൃശൂർ ജില്ല അടക്കമുള്ള ടീമുകളെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാണ് ഡബിൾ കിരീടം തിരിച്ചു പിടിച്ചത്. ഫുട്ബോളിൽ ഈ വർഷം മലപ്പുറത്തിന് സീനിയർ വിഭാഗത്തിലെ രണ്ടാം സ്ഥാനവും പതിനെട്ടംഗങ്ങൾ വീതമുള്ള ജൂനിയർ സീനിയർ ടീമുകളിൽ നിന്ന് യഥാക്രമം രണ്ടും നാലുമായി മൊത്തം ആറ് കുട്ടികളുടെ സ്റ്റേറ്റ് ടീം സെലക്ഷനും മാത്രമായിരുന്നു ആശ്വാസം. അതേ സമയം ഇരു വിഭാഗങ്ങളിലെയും കിരീടത്തിന് പുറമെ പതിനാറംഗങ്ങൾ വീതമുള്ള സംസ്ഥാന ജൂനിയർ സീനിയർ ടീമുകളിൽ യഥാക്രമം നാലും അഞ്ചും വീതമായി മൊത്തം ഒമ്പത് കുട്ടികളെ സംസ്ഥാന ടീമിലേക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതും മലപ്പുറത്തെ പുതു തലമുറ ഫുട്ബോളിനെയെന്ന പോലെയോ അതിലുപരിയായോ ഹാന്റ്ബോളിനെയും നെഞ്ചിലേറ്റാൻ തുടങ്ങി എന്നതാണ് സൂചിപ്പിക്കുന്നത്.

മലപ്പുറം ജില്ലാ ടീമിന്റെ പരിശീലകൻ കൊണ്ടോട്ടി കക്കോവ് ഹയർ സെക്കന്ററി സ്കൂളിലെ കായികാധ്യാപകനായ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത ചെട്ടിയർമാട്ടുകാരൻ പി.ജംഷീർ ബാബുവായിരുന്നു. ഇദ്ദേഹം സ്കൂൾ കോളജ് പഠന കാലത്ത് സംസ്ഥാന ടീമുകളിലും യൂണിവേഴ്സിറ്റി ടീമുകളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്നു സംസ്ഥാന ടീമിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും നായക സ്ഥാനവും അലങ്കരിച്ചിട്ടുള്ള ഇദ്ദേഹം ഒരു മികച്ച അത്ലറ്റും ഫുട്ബോറും കൂടിയായിരുന്നു. മലപ്പുറം ജില്ലാ ടീമിന്റെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും ഹാന്റ് ബോൾ ടീം കോച്ച് ഇൻ ചാർജ്ജും, ജില്ലാ ഹാന്റ്ബോൾ അസോസിയേഷൻ ഭാരവാഹിയുമായിട്ടുള്ള ഇദ്ദേഹം കോളജ് പoന കാലത്ത് കോഴിക്കോട് ഫാറൂഖ് കോളജ് ഫുട്ബോൾ ടീമിലും – അത്ലറ്റിക് ടീമിലും ഒരേ സമയം അംഗവുമായിരുന്നു.

ഒരു കാലത്ത് മലപ്പുറം ജില്ലയുടെ വടക്ക് പടിഞ്ഞാറ് മൂലയിൽ കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചുറ്റുവട്ട പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന, ഒരു മേജർ ഒളിമ്പിക് ഗെയിമിനമായ, ഹാന്റ്ബോളിനെ മലപ്പുറത്തെ എറ്റവും ജന പ്രിയ ഗെയിമായ ഫുട്ബോളിനൊപ്പം മലപ്പുറം ജില്ലയിലെ ഇതര ഭാഗങ്ങളിലേക്ക് പല ക്ലബ്ബുകൾ വഴിയും സ്കൂളുകൾ വഴിയും ഇത്രമേൽ പ്രചാരവൽക്കരിച്ചത് ജംഷീർ ബാബുവിനെ പോലുള്ള മികച്ച മുൻ താരങ്ങൾ കായികാധ്യാപക രംഗത്തേക്ക് വന്ന് ത്യാഗ പൂർണ്ണമായ സേവനം കാഴ്ച്ചവച്ചു തുടങ്ങിയ ശേഷമാണെന്ന്, മലപ്പുറത്തെ കായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കായിക പ്രേമികളുമായിട്ടുള്ളവരും ഒരേ സ്വരത്തിൽ പറയുന്ന വസ്തുതയാണ്.

ജംഷീർ ബാബുവിനെപ്പോലെ തന്നെ ഹാന്റ് ബോളിൽ സംസ്ഥാന – ദേശീയ തലങ്ങളിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച് ശ്രദ്ദേയനായിട്ടുള്ള സഹോദരനും അത്താണിക്കൽ എം.ഐ.സി എഡ്യൂക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് കായിക വിഭാഗം മേധാവി കൂടിയായ പി. മുനീർ, അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലെ കായികാധ്യാപകനും മികച്ച സംഘാടകനുമായ കിഴിശ്ശേരി നാസർ, ജംഷീറിന്റെയും മുനീറിന്റെയും ബാല്യകാല ഗുരുവായ കോച്ച് സോസിം (എൻ.ഐ.എസ്) തുടങ്ങിയവരും മലപ്പുറം ജില്ലയുടെ ഇന്ന് കാണുന്ന ഹാന്റ്ബോൾ നേട്ടങ്ങളുടെ മുഖ്യ ശിൽപ്പികളായി അറിയപ്പെടുന്നു.

കണ്ണൂരിൽ നടന്ന ഉത്തരമേഖലാ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ തൃശൂരിനെ ജൂനിയർ വിഭാഗത്തിൽ 14-10 എന്ന സ്കോറിലും സീനിയർ വിഭാഗത്തിൽ 17-10 എന്ന സ്കോറിലും മലർത്തിയടിച്ച മലപ്പുറം ജില്ലാ ടീമിൽ നിന്ന് കേരളാ ജൂണിയർ ടീമിലേക്ക് അടക്കാകുണ്ട് ക്രസന്റിലെ റബീഹ്, ഇർഷാദ്, റമീസ് ചേളാരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഷഹീർ എന്നിവരും സീനിയർ ടീമിലേക്ക് മൊറയൂർ വി.എച്ച്.എം.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് സഫ്വാൻ, ആശിഖ്ശിയാൻ, അടക്കാകുണ്ട് ക്രസന്റിലെ ശഹദ്, ചേളാരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ സലീൽ, ജിജിത്ത് എന്നിവരുമാണ് തെരെഞ്ഞെടുക്കപെട്ടിട്ടുള്ളത്.

ഈ വർഷത്തെ ദേശീയ സ്കൂൾ ഗെയിംസിനുള്ള കേരളാ ടീമിന്റെ പരിശീലക ചുമത നൽകാൻ സംസ്ഥാന സ്കൂൾ സ്പോർട്സ് ആന്റ് ഗെയിംസ് അധികാരികളുടെ സജീവ പരിഗണയിലുള്ള കോച്ചുമാരുടെ സാധ്യതാ പട്ടികയിൽ ഈ വർഷത്തെ സംസ്ഥാന ടീമിന് ഒമ്പത് കുട്ടികളെ സംഭാവന ചെയ്ത മലപ്പുറം ജില്ലാ ടീമിന്റെ കോച്ചായ പി. ജംഷീർ ബാബു ഉണ്ട് എന്നതും മലപ്പുറം കാൽപ്പന്തിൽ എന്നപോലെ കൈപ്പന്തിലും ഏറെ മുന്നേറിയിരിക്കുന്നു എന്നതിനുദാഹരണമായി പറയാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement