Fanzone | യുവി, Once in a life time player!!!

- Advertisement -

ദംഗൽ ഫിലിം കണ്ടു, ആമിർ ഖാനും പിള്ളേരും തകർത്തു അഭിനയിച്ചു, ശരിക്കും മനംകവർന്നു!! തനിക്ക് നേടാൻ കഴിയതെ ഇരുന്നത് മക്കളിൽ കൂടെ നേടിയെടുക്കണം എന്നു തീരുമാനിച്ചു ഉറപ്പിച്ച ഒരു അച്ഛന്റെ കഥ. ഫിലിം ഇഷ്ടായി എങ്കിലും അതിൽ കൂടെ കിട്ടുന്ന സന്ദേശത്തോട് അല്പം വിയോജിപ്പ് തോന്നാം, ഒന്നും അടിച്ചേല്പിക്കപ്പെടേണ്ടത് അല്ല എന്നു ചിന്തിക്കുന്നവർക്കു മാത്രമെങ്കിലും!! കാരണം വിജയിച്ച ഒരാൾ പ്രചോദനം ആകുമ്പോൾ എങ്ങും എത്താതെ പോയ 99 പേര് കൂടെ ഉണ്ടാകും. ഇഷ്ടമല്ലാത്ത രംഗം തിരഞ്ഞെടുക്കാൻ നിര്ബന്ധിതർ ആയവർ.!! സമാനമായ ഒരു കഥ കേട്ടിട്ടു ഉള്ളത് ഒരു ക്രിക്കറ്റ് കളിക്കാരന്റേത് ആണു. എവിടെയോ ഒരു സാമ്യം തോന്നുന്നു.

കായിക രംഗത്ത് സ്വന്തം കൈയൊപ്പ്‌ ചാർത്തിയ ഒരുപാട് പ്രതിഭകൾ ഉണ്ട് ഇന്ത്യക്കു. അസൂയാവഹമായ നേട്ടങ്ങൾ സ്വന്തമാക്കിയവർ.!! ധ്യാൻചന്ദ്, മിൽഖാ സിംഗ്, പി.ടി ഉഷ, കർണം മല്ലേശ്വരി, അനിൽ കുംബ്ലെ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, നാരായൺ കാർത്തികേയൻ, ബൈച്ചുങ് ഭൂട്ടിയ, സുനിൽ ചേത്രി, അഭിനവ് ബിന്ദ്ര, എം. എസ്‌. ധോണി…. പട്ടിക അപൂർണം ആണു. ഈ കൂട്ടത്തിൽ ചേർത്ത് വയ്ക്കപ്പെടേണ്ട ഒരു പഞ്ചാബി പയ്യന്റെ പേര് കൂടെയുണ്ട്. എതിരാളികളെയും പിന്നെ ക്യാൻസർ എന്ന കൊലയാളിയെയും ചെറുത്തു തോൽപിച്ച പ്രതിഭ, യുവരാജ് സിംഗ് !!

ദംഗൽ ഫിലിമും ആയുള്ള സാമ്യത എന്താണ്?

ഒരു തലമുറ പിന്നോട്ട് ഒന്ന്‌ പോയേച്ചും വരാം.. യുവിയുടെ അച്ഛനും ഇന്ത്യക്ക്‌ വേണ്ടി കളിച്ചിട്ട് ഉള്ള ഒരു ഫാസ്റ്റ് ബൗളർ ആണു.. യോഗ്‌രാജ് സിംഗ് . ഒരു ടെസ്റ്റ് മത്സരം മാത്രം കളിച്ചു. അധികം നീണ്ടു നിൽക്കാഞ്ഞ ഒരു കരിയർ. സ്വപ്നം കണ്ട വേദിയിലേക്ക് കാൽ വെച്ചപ്പോളെ സ്വപ്നം തീർന്നു പോയ അവസ്ഥ!!!
കുട്ടിക്കാലത് സ്‌കേറ്റിങ് ആയിരുന്നു യുവിക്ക് താല്പര്യം, അതിൽ നേടിയ മെഡൽ വലിച്ചു എറിഞ്ഞു മകനോട് ക്രിക്കറ്റ് സീരിയസ് ആയി കണ്ടാൽ മതി എന്നു പറഞ്ഞു നിർബന്ധിച്ച് ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് അദ്ദേഹം ആണു . സിനിമയിൽ ആമിർഖാൻ അവതരിപ്പിച്ച കഥാപാത്രത്തോട് നല്ല സാമ്യം.!!

2000, പുതിയ നൂറ്റാണ്ടിന്റെ പിറവി, അഭ്യൂഹങ്ങൾ പോലെ ഒന്നും നടന്നില്ല, ലോകം അവസാനിച്ചില്ല ! ഇന്ത്യൻ ക്രിക്കറ്റിനും പുതിയ ഒരു തുടക്കം ആയിരുന്നു. 2011 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടുന്നതിൽ പ്രധാന പങ്കു വഹിച്ച 2പേർ അരങ്ങേറ്റം കുറിച്ച വർഷം. !! യുവിയും സഹീർഖാനും. കോഴ വിവാദവും സ്ഥിരതയില്ലാത്ത പ്രകടനങ്ങളും ഒക്കെ ആയി ക്രിക്കറ്റ് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോകുന്നു. പുതിയ നായകന് സൗരവ് ഗാംഗുലിക്ക്‌ കീഴിൽ പുതിയ തുടക്കത്തിനും 2000 സാക്ഷിയായി.
ഐ സി സി നോക്ക്ഔട്ട് ടൂർണമെന്റ് 2000, കെനിയയ്ക്കു എതിരെ ആണു അരങ്ങേറ്റം കുറിച്ചത് എങ്കിലും വരവറിയിച്ചതു ഓസ്ട്രേലിയക്ക് എതിരെ നേടിയ 84(80) കൊണ്ടാണ്, അതും സാക്ഷാൽ മഗ്രാത്തും, ബ്രെറ്റ് ലീയും, ഗില്ലസ്പിയും പന്തെറിഞ്ഞ ഓസ്‌ട്രേലിയൻ ടീമിനോട്. കേവലം 18 വയസ്സ് മാത്രം ഉള്ള ഒരു പയ്യൻ, അയാളിലെ പ്രതിഭ എത്രമാത്രം ഉണ്ട് എന്നു ലോകത്തിനു കാട്ടി തന്നു. വരാൻ പോകുന്നതിന്റെ ചെറിയ ഒരു മിന്നലാട്ടം. ഇന്നത്തെപോലെ ട്വന്റി ട്വന്റി ശൈലിയിൽ ഉള്ള കളി ഒന്നും കേട്ട് കേൾവി പോലും ഇല്ല, അങ്ങനെ കളിക്കുന്ന ജയസൂര്യ ഒക്കെ അപൂർവ പ്രതിഭാസം ആണു എന്നു വിചാരിക്കാനേ നിവർത്തി ഉള്ളൂ.ഒരു അർദ്ധശതകം പോലും വല്യ കാര്യാണ്. അപ്പോൾ പൊരുതി നേടിയ 84 റൺസ് നു ഇത്തിരി തിളക്കം കൂടും.

 

മാറ്റങ്ങൾ ഒരുപാട് നടന്ന ഒരു കാലഘട്ടത്തിൽ ടീമിലെ ഏറ്റവും മികച്ച യൂട്ടിലിറ്റി പ്ലയെർ എന്ന പരിവേഷത്തോടെ പിന്നീടുള്ള വർഷങ്ങൾ യുവി സ്വന്തം പേരിൽ ആക്കി. ടെസ്റ്റ് മത്സരങ്ങളിൽ നാൽപ്പതിൽ താഴയേ കളിച്ചിട്ടുള്ളു. സ്ഥിരതയില്ലായ്മ ആണു ക്രിക്കറ്റിന്റെ നീളൻ വേർഷനിൽ അയാൾക്ക് വിനയായത്. എന്നാൽ ഏകദിന ക്രിക്കറ്റിൽ അയാൾ ഇല്ലാത്ത ഒരു ഇന്ത്യൻ ടീം തന്നെ അന്ന് ചിന്തിക്കുക ദുഷ്കരം. സച്ചിനും ഗാംഗുലിയും കഴിഞ്ഞാൽ പേരിനൊരു മധ്യനിരയും പിന്നെ ബൗളേഴ്‌സും എന്ന ശോകം അവസ്ഥ മാറി തുടങ്ങിയിരുന്നു. വല്യ സ്കോറും, റൺ റേറ്ററും കണ്ടാൽ “നമ്മളില്ലേ” എന്ന ചിന്താഗതിക്കാരായ കളിക്കാരുടെ ഈ പിന്മുറക്കാരൻ പക്ഷേ ക്രീസിൽ ഉള്ളിടത്തോളം കളി ജയിക്കും എന്ന പ്രതീക്ഷ നമുക്ക് ഉണ്ടായിരുന്നു. ( ഇതു ഏറ്റവും നന്നായി ചെയ്‍തത് ധോണി ആണു എന്നു മറക്കുന്നില്ല,ധോണിക്കും മുൻപുള്ള കാലഘട്ടമാണ് ഇവിടെ പ്രതിപാദിക്കുന്നത് )

ഇടംകയ്യന്റെ അനായാസതയും, പകരം വയ്ക്കാനില്ലാത്ത ടാലന്റും പിന്നെ ജന്മസിദ്ധമായ അലസതയും !! ഇതൊക്കെ ചേർന്നതായിരുന്നു യുവരാജ്. “കഴിവാണു ” ഒരാളുടെ വലുപ്പം നിശ്ചയിക്കുന്നത് എങ്കിൽ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാൻമാരിൽ ഒരാൾ ആണു അയാൾ. എന്നാൽ ആ ടാലന്റിനെ പിന്നീട് തേച്ചുമിനുക്കുന്നതിൽ അയാൾ വേണ്ടത്ര ശ്രദ്ധ കാട്ടിയില്ല. അലസത കൂടെപ്പിറപ്പായിരുന്നു. എന്നിട്ടുപോലും അയാൾ അസൂയാവഹമായ നേട്ടങ്ങൾ കൊയ്ത്തു. പുറംവേദന കൊണ്ടു കളിക്കാൻ ബുദ്ധിമുട്ടിയപ്പോൾ പോലും ഇംഗ്ലണ്ടിനെതിരെ 58പന്തിൽ നേടിയ സെഞ്ച്വറി, 2007 t20 Worldcup ഇൽ ഓസ്ട്രേലിയക്ക് എതിരെ 30 പന്തിൽ 70, ഇംഗ്ലണ്ടിന് എതിരെ 12 പന്തിൽ 50. വേഗമേറിയ അർധശതകം സ്വന്തം പേരിൽ കുറിക്കുമ്പോൾ അതിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവേർട്ട് ബ്രോഡിന്റെ കണ്ണീരും വീണിട്ടുണ്ടാവും ഉറപ്പ് . യുവിയോട് കോർത്ത ഫ്ലിന്റോഫ് പോലും പിന്നീട് പശ്ചാത്തപിച്ചിട്ട് ഉണ്ടാകും. ബ്രോഡ് ഒരിക്കലും ഒരു മോശം ബൗളർ അല്ല. എന്നാൽ അന്ന് ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും അയാളെ പോലെ ഒരു വേൾഡ് ക്ലാസ് ഫാസ്റ്റ് ബൗളറെ നിർദയം സിക്സർ അടിക്കുമ്പോൾ, ആവനാഴിയിൽ ആയുധങ്ങൾ ഒന്നും തന്നെ ബാക്കി ഉണ്ടായിരുന്നില്ല ബ്രോഡ് നു . രക്തപ്രസാദം നഷ്ടപെട്ട അയാളുടെ മുഖം മാത്രം മതിയായിരുന്നു അതു മനസിലാക്കുവാൻ . “എവിടെ പന്ത് എറിയണം എന്നു നിനക്ക് തീരുമാനിക്കാം എന്നാൽ അതു എവിടെ എത്തിക്കണം എന്നു എനിക്ക് അറിയാം ” എന്ന മനോഭാവത്തോടെ മുറിവേറ്റ ഒരു യുവി ക്രീസിൽ നിൽക്കുമ്പോൾ ബ്രോഡ് എന്ത് ചെയ്യാനാണ് ??? ഇംഗ്ലണ്ടിൽ വെച്ചു തന്നെ ഒരോവറിൽ 5സിക്സ് അടിച്ചു പരിഹസിച്ച മസ്കരണസിന്റെ ടീമിനോട് തന്നെ അതു ചെയ്‍തത് കാവ്യനീതി.

(Photo by Hamish Blair/Getty Images)

2011 Worldcup ഇൽ മാന് ഓഫ് ദി സീരീസ് ആരാണ് ???? മറ്റാരും അല്ല നമ്മുടെ സ്വന്തം യുവി തന്നെയാ. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീൽഡിങ്ങിലെ കണിശതക കൊണ്ടും അയാൾ കളം വാണ ടൂർണമെന്റ് !! അല്ലേലും അയാൾ ഒരു ചാമ്പ്യൻ മെറ്റീരിയൽ ആയിരുന്നു. നേട്ടങ്ങളുടെ പട്ടിക ഒന്ന്‌ പരിശോധിച്ചാലോ ??
അണ്ടർ 19 Worldcup ജയിച്ചാണ് തുടങ്ങുന്നത്. ചാമ്പിയൻസ് ട്രോഫി, T20 Worldcup, ഏകദിന worldcup, ഐ പി എൽ , ഒക്കേം ജയിച്ച ലോകത്തിലെ ഒരേ ഒരു കളിക്കാരൻ. നമ്മൾ ഇന്ത്യക്കാർഡെ സ്വകാര്യ അഹങ്കാരം. പകരം വെക്കാൻ മറ്റൊരാൾ ഇല്ല എന്ന സങ്കടകരമായ വസ്തുത മനസിലാകുമ്പോൾ മാത്രമേ അയാളുടെ വില മനസ്സിലാകുള്ളൂ. പകരം ആ ജനുസ്സിൽ പെട്ട ഒരാളെ… പോട്ടെ അതിന്റെ പകുതി എങ്കിലും കഴിവുള്ള ഒരാളെ ഇന്നും തിരയുകയാണ് ടീം ഇന്ത്യ. എവിടെ കിട്ടാൻ ?? ആ മുതലിനു വേറെ പകർപ്പുകൾ ഇല്ല സേട്ടാ !!

ഫോം നഷ്ടപ്പെട്ട് പുറത്തു ഇരുന്നു വീണ്ടും ടീമിൽ എത്തി ആണു യുവി worldcup 2011 കളിക്കുന്നത്. അയാളുടെ പ്രകടനങ്ങൾക്ക് എന്നു പഴയ ആധികാരീകത തോന്നിയില്ല. എങ്കിലും അയാൾ വിമർശകരെ പ്രകടനങ്ങൾ കൊണ്ടു വായടപ്പിച്ച വ്യക്തിയാണ്. യുവി പഴയ യുവി അല്ല, എങ്കിലും പഴയ യുവി ആകാൻ അയാൾക്ക് കഴിയും എന്നു തന്നെ എല്ലാരും വിശ്വസിച്ചു. അയർലണ്ട് നു എതിരെ ഒരു ഫിഫ്റ്റി ഉം 5 വിക്കറ്റ് ഉം എടുത്ത യുവി, ഓരോ കളികളിലും ഒരു മികച്ച ആൾറൗണ്ടർ ടെ കളി പുറത്തു എടുത്തു. പാർട്ണർഷിപ് തകർക്കാൻ എപ്പോളൊക്കെ ധോണി അയാൾക്കുനേരെ പന്ത് നീട്ടിയോ, അപ്പോളൊക്കെ ഒരു മജീഷ്യൻ തന്റെ തൊപ്പിയിൽ നിന്നും മുയലിനെ പുറത്തെടുക്കുംപോലെ അയാൾ തന്റെ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. എങ്കിലും നൂറു ശതമാനം ഫിറ്റ്നസ് അയാൾക്കില്ല എന്നു കളി കണ്ട ആർക്കും മനസിലാകും. ഓസ്‌ട്രേലിയയ്ക്ക് എതിരെയും ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെയും സമ്മർദ്ദഘട്ടങ്ങളിൽ ഉള്ള പ്രകടനങ്ങൾ മാത്രം മതി ടീം അയാളെ എന്തുമാത്രം ആശ്രയിച്ചിരുന്നു എന്നു മനസ്സിലാക്കാൻ. നൂറു കോടിയിൽ പരം ജനങ്ങളുടെ പ്രതീക്ഷകൾ അയാളുടെ ചുമലുലകിൽ ഒരു അധിക ഭാരം ആയിരുന്നുവോ ??? ആവാൻ വഴിയില്ല. കാരണം അയാൾക്ക് താൻ എന്താണ് എന്നും, ടീമിന് താൻ ഇത്ര മാത്രം ആവശ്യം ആണു എന്നും നന്നായി അറിയാം. തന്റെ പ്രിയപ്പെട്ട സച്ചിൻ ലോകകപ്പ് നേടുന്നതു യാഥാര്ഥ്യം ആക്കുക എന്നത് അയാളുടെ കൂടെ ആഗ്രഹമായിരുന്നു. ആരാധനാ പുരുഷന്റെ കൂടെ കളിക്കാൻ ഭാഗ്യം സിദ്ധിച്ച, സച്ചിന് വേണ്ടി അതു നേടും എന്നു ഉറപ്പിച്ച യുവി !. എന്നാൽ ഫൈനലിനു മുൻപ് ഉള്ള രാത്രി ച്ഛർദിച്ച യുവി, അതു ടീം മാനേജ്‌മന്റ്നോട് പറയരുത് എന്നും അറിഞ്ഞാൽ അയാൾക്ക് ഫൈനലിൽ കളിക്കാൻ കഴിയാതെ പോകും എന്നു ഹര്ഭജനോട് പറയുകയുണ്ടായി (പിൽക്കാലത്തു ഹർഭജന്റെ വെളിപ്പെടുത്തൽ ). ഉള്ളിലെ ക്യാൻസറിനെ പറ്റി യുവിക്ക് അറിയാമായിരുന്നു. എന്നാൽ worldcup ജയിക്കുകയാണ് അയാളുടെ ലക്ഷ്യം. വാങ്കഡെയിൽ ധോണി ചരിത്രത്തിലേക്ക് അടിച്ച സിക്സറില് ഇന്ത്യ വിജയം സ്വന്തമാക്കി. അപ്പോൾ മറ്റേ തലയ്ക്കൽ യുവി ആയിരുന്നു എന്നത് കാവ്യനീതി. അയാൾ എന്തുമാത്രം വേദന തിന്നാണു ഓരോ നിമിഷവും കളിച്ചതു എന്നു ഓർക്കുമ്പോൾ ആരാധന കൂടുകയാണ്, അഭിമാനമാണ്, അഹങ്കാരമാണു, പ്രചോദനമാണ് യുവി താങ്കൾ ഞങ്ങൾക്ക് !

ലോകകപ്പിൽ മുത്തമിട്ടു, ദൈവം സന്തോഷാശ്രുക്കൾ പൊഴിച്ചു!!! സഹകളിക്കാരുടെ ചുമലിൽ ഏറി വാങ്കഡെ ചുറ്റി. !
ആ ഒരു ഇന്നിങ്സിൽ മാത്രം പെർഫോം ചെയ്‌ത ധോണി ലോക കപ്പ് നേടി തന്നു എന്നു അമുൽ ബേബികൾ വാഴ്ത്തി പാടി. സഹീർ, ഗംഭീർ, യുവി എന്നിവരുടെ സംഭാവനകളെ പലരും കണ്ടില്ല എന്നു വെച്ചു. അയാൾക്ക് അതിൽ പരാതി ഉണ്ടാവാനും വഴിയില്ല. കാരണം ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക് അറിയാം, യുവി ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ അതു നേടില്ല എന്നു. പല കരിയറിനും പൂർണത ലഭിച്ചു. രാജ്യം ഒന്നടങ്കം ആ പഞ്ചാബി ചെക്കനോട് കടപ്പെട്ടിരിക്കുന്നു.
തോൽക്കാൻ മനസ്സില്ലാത്തവനാണ് യുവി. ക്യാൻസർ തോറ്റു. പിന്നാണു !!!

ഇന്ന് അയാൾ തന്റെ നല്ലകാലം പിന്നിട്ടു, കരിയറിന്റെ അവസാന നാളുകളാണ് ! വേദനയോടെയേ അയാളുടെ കുറയുന്ന മികവിനെ കാണനാകു. എങ്കിലും യുവി ആണു, അയാൾക് ചിലതൊക്കെ ഇനിയും കഴിയും, അയാൾക്ക് മാത്രം കഴിയുന്ന ചിലതൊക്കെ!!. സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കളിക്കാതെ, ടീമിന് വേണ്ടി അർപ്പണബോധത്തോടെ കളിച്ച യുവി, താങ്കൾ ഒരു കാലഘട്ടത്തിന്റെ ആവേശമാണ്.
നന്ദി ഉണ്ട് യുവി !””

ബാറ്റിൽ MRFനു പകരം ഹീറോ ഹോണ്ട ലോഗോ ഒട്ടിക്കാൻ എന്നെപോലെ ഉള്ള ചിലർക്കെങ്കിലും പ്രചോദനം ആയതിനു !!

വലം കൈയ്യന്മാരിൽ “ഇടം കൈ കൊണ്ട് യുവിയെ പോലെ കളിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ” എന്ന് ആഗ്രഹം കുത്തിവെച്ചതിനു.!!

പന്ത് പിടിക്കാൻ ഒന്ന്‌ ചാടിയാൽ കുഴപ്പം ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന തോന്നൽ ഉണ്ടാക്കിത്തന്നതിനു.!!

ഫീൽഡിങ് ഒരു കലയാണ് എന്ന് കാട്ടിത്തന്നതിനു. !!

സ്വയം ഇല്ലാതായാലും സ്വപ്നങ്ങൾ സത്യമാക്കും എന്ന് ഉറച്ച തീരുമാനം എടുത്തതിനു.!!
ലോകകപ്പ് നേടി തന്നതിന് !!

മാറ്റങ്ങൾ ആഗ്രഹിക്ക മാത്രം ചെയ്യുന്ന ഒരു ജനതയ്ക്ക്, ഒരു മാറ്റമായി സ്വയം അവതരിച്ചു മാതൃക ആയതിനു !!
ക്യാൻസർ നെ സിക്സർ അടിച്ചതിനു !!

ജീവിതത്തിൽ തകർന്നു എന്ന് ചിന്തിക്കുന്നവർക്ക്, നിരാശർക്ക്, ഒക്കെ ഒരു പ്രചോദനം ആയതിനു !!

പലർക്കും “ജീവിതത്തിൽ ആസാധ്യമായത് ഒന്നുമില്ല, ഇച്ഛാശക്തിക്കു മുന്നിൽ മരണം പോലും തോൽവി സമ്മതിക്കും” എന്ന് തെളിയിച്ചു തന്നതിന്,
റിസ്ക് എടുക്കാൻ പഠിപ്പിച്ചതിന്,
പ്രചോദനമായതിനു,

സർവോപരി ഞങ്ങളുടെ ബാല്യ -കൗമാര കാലത്തിനെ നിറമുള്ളതു ആകിയതിനു !
ഒരുപാട് ഒരുപാട് ഒരുപാട് നന്ദി !!!

 

വാഴ്ത്തപ്പെടാതെ പോയ ഒരുപാടു പ്രതിഭകൾ ഉണ്ട് കായിക ചരിത്രത്തിൽ. അതിൽ ഒന്നായി അവസാനിക്കണ്ടതല്ല യുവിയുടെ പേരും. തന്റെ പ്രതിഭയോട് നീതി പുലർത്താൻ അയാൾക്കായിരുന്നു എങ്കിൽ അയാൾ ഇനിയും ഉയരങ്ങൾ എത്തിപിടിച്ചേനെ, എന്നാൽ പൂർണത എന്നൊന്ന് ഇല്ല, ദൈവം അല്പം കുറവ് എല്ലാരിലും ഇട്ടേക്കും. യുവിലും ഉണ്ടായിരുന്നു അങ്ങനെ ചിലതൊക്കെ. എങ്കിലും അയാൾക്ക് തുല്യം അയാൾ മാത്രം. വളരെ കുറച്ചു നാളുകൾ കൂടി അയാളുടെ കളി കാണാനായേക്കും. ജയിക്കാനായി ജനിച്ചവനാണു, തൊട്ടതെല്ലാം പൊന്നാക്കിയ കളിക്കാരനാണ്.!!

ഇനി ഒന്നും നേടാൻ ബാക്കിയില്ല, ആരെയും ഒന്നും തെളിയിക്കുകേം വേണ്ടാ, സ്വന്തം സ്വപ്നങ്ങൾക്ക് ഒപ്പം ഒരു ജനതയുടെ സ്വപ്നം കൂടി പൂവണിയിച്ചവനാണ്,

“Once in a life time player” അല്ലേ അയാൾ ?? “Half man, half amazing” എന്ന് ഞാൻ എന്റെ ഭാഷയിൽ പറയും.
അർഹിച്ച വിടവാങ്ങലോടെ അയാൾ ഒരിക്കൽ കളി മതിയാക്കും, അന്നു അടുത്ത യുവിക്കായുള്ള നമ്മുടെ കാത്തിരിപ്പിന് തുടക്കമാകും !!!

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement