Local Sports News in Malayalam

മനോഹരമീ രാത്രി: ഒരു സ്പോര്‍ട്സ് ഫാനിന്റെ കുറിപ്പ്

ഓഫീസിൽ നിന്നെത്തിയ ശേഷം ഉടനെ തന്നെ ലാപ്ടോപ്പിൽ ഹോട്സ്റ്റാറിൽ IPL കളി വെക്കുകയാണ് ആദ്യം ചെയ്തത്. ടോസ് നഷ്ടമായി SRH ബാറ്റിംഗ് ആരംഭിച്ചിരുന്നു. വില്യംസണിന്റെ മികച്ച ഷോട്ടുകൾ നിറഞ്ഞു നിന്ന 29 റൺസും യൂസഫ് പത്താന്റെ ഏകദേശം “ഒരു റൺ എ ബോൾ” ഇന്നിംഗ്സ് കാരണവും SRH 118 നേടി.

ആദ്യത്തെ അഞ്ചു കളികളിൽ നിന്ന് നാലെണ്ണം തോറ്റ് വരുന്ന മുംബൈക്ക് അനുയോജ്യമായ തുടക്കം. കഴിഞ്ഞ രണ്ടു കളികളും തോറ്റ ഹൈദരാബാദിന് ഈ ജയം ഇല്ലെങ്കിൽ കോൺഫിഡൻസ് തീരെ ചോർന്നു പോയേക്കാം. രണ്ട് ടീമുകൾക്കും അങ്ങനെ ജയം നിർണായകം. പിന്നീട് രണ്ടാം ഇന്നിങ്സിൽ കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നാണ്.

ഇന്നലെ 8 മണിവരെ എനിക്ക് താല്പര്യമുള്ള ഒരു കളിക്കാരനിൽ നിന്നും എനിക്കേറ്റവും ഇഷ്ടപെട്ട കളിക്കാരുടെ ലിസ്റ്റിലേക്ക് കെയ്ൻ സ്റ്റുവർട്ട് വില്യംസൺ നടന്നുകയറുകയായിരുന്നു. ശൂന്യതയിൽ നിന്നും തന്റെ സാമർഥ്യവും ശാന്തതയും സമന്വയിപ്പിച്ച് സൃഷ്ടിച്ചെടുത്ത വിജയം. വാർണറിന് പകരക്കാരനായി മാനേജ്മെന്റ് വില്യംസണ് കൊണ്ടുവന്നപ്പോൾ നെറ്റിച്ചുളിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. സ്വപ്നത്തിൽ പോലും കരുതിയതല്ല വാർണറിനോട് ഒപ്പം നിൽക്കുന്ന ബാറ്റിങ്ങും ക്യാപ്റ്റൻസിയും വില്യംസണിനെ കൊണ്ട് പറ്റുമെന്ന്. താൻ ഇപ്പോഴും ലോ പ്രൊഫൈൽ മെയ്ന്റൈൻ ചെയ്യുന്നതുകൊണ്ട് ആവാം അങ്ങനെ ഒരു തോന്നൽ വന്നത്.

തന്റെ രണ്ടു സ്ട്രൈക്ക് ബൗളർമാർ പരിക്ക് പറ്റി പുറത്തിരുന്നപ്പോൾ ഇങ്ങനൊരു സ്കോർ ഡിഫൻഡ് ചെയ്യാൻ തനിക്ക് കഴിയുമെന്ന് പറഞ്ഞാൽ ഫാൻസിന് പോലും വിശ്വസിക്കാൻ പാടായിരുന്നിരിക്കും. ഭുവനേശ്വർ കുമാറും, ബില്ലി സ്റ്റാൻലേക്കും ഉണ്ടാക്കിയ ആ ശൂന്യതയിലേക്ക് വന്നത് സന്ദീപ് ശർമയും, ഈ ഐപിഎലിൽ ആദ്യത്തെ കളിക്കിറങ്ങുന്ന ബേസിൽ തമ്പിയും. പിന്നെ മൊഹമ്മദ് നബി എന്ന അഫ്ഘാനിസ്താന്റെ മാച്ച് വിന്നറും. ഇത്രയും ചെറിയ ഒരു വിജയലക്ഷ്യം ഉള്ളപ്പോൾ തന്നെ ബാറ്റസ്മാൻമാർ അമിതമായ ശ്രദ്ധ കാണിച്ചു കലമുടയ്ക്കുന്നത് നമ്മൾ മുന്നേ കണ്ടിട്ടുണ്ട്. അങ്ങനെ എന്തിലേക്കെങ്കിലും മുംബൈയെ തള്ളിവിടാതെ ഹൈദരാബാദിന് ജയം അസാധ്യം. അതിനു അനുയോജ്യമായ തുടക്കം ബൗളേഴ്‌സ് ഇന്നലെ നൽകണം. അതിനുള്ള ആൾക്കാർ ഉണ്ടാവണം. അതിന്നലെ ഉണ്ടായിരുന്നു. സന്ദീപ് ശർമയും, മുഹമ്മദ് നബിയും തുടങ്ങി വെച്ചത് ഇടക്കുള്ള ഓവറുകളിൽ ഷാക്കിബും, റാഷിദും വിജയകരമായി മുന്നോട്ട് കൊണ്ടുപോയി. രണ്ടു മോശം മത്സരങ്ങൾക്ക് ശേഷം റാഷിദ് ശക്തമായി തിരിച്ചുവന്നു. സിദ്ധാർഥ് കൗൾ എന്ന സ്മാർട്ട് ബൗളറുടെയും, ബേസിൽ തമ്പിയുടെ കണിശ്ശതയും, മുംബൈയുടെ റൺ ചേസിനെ ബോട്ടിൽ നെക്കിനുള്ളിൽ നിർത്തി.

400 റൺ വരുന്ന മത്സരങ്ങളെക്കാൾ ലോ സ്കോറിങ് കളികൾ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു ഇന്നലത്തെ മത്സരം. ഇത്രയും നാൾ ക്രിക്കറ്റ് കണ്ടിട്ടുള്ളതിന്റെ അനുഭവത്തിൽ മികച്ച ക്യാപ്റ്റൻസി മൂലം കളിയിൽ ഉണ്ടാകുന്ന വ്യത്യാസം കാര്യമായിട്ട് എടുത്തറിയാൻ കഴിഞ്ഞ മത്സരങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടെ. KANE WILLIAMSON, TAKE A BOW!

ഇത് കഴിഞ്ഞു കുറച്ച് കഴിഞ്ഞ ഉടനെ തന്നെ UEFA ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരം കാണാൻ ആരംഭിച്ചു. ആദ്യപാദത്തിൽ ആൻഫീൽഡിൽ വെച്ച് ലിവർപൂളും, AS റോമയും ഏറ്റുമുട്ടുമ്പോൾ മുൻതൂക്കം ലിവർപൂളിന് തന്നെയായിരുന്നു. മികച്ച മുന്നേറ്റനിരയുള്ള ലിവർപൂളിന് റോമാ കഠിനമാകില്ല എന്ന് കരുതിയവർ ഏറെ. എന്നാൽ തുടക്കം മികച്ചത് റോമയുടേത് ആയിരുന്നു. നല്ല പ്രെസ്സിങ് ഗെയിം കളിച്ച അവർ ലിവർപൂൾ ഡിഫെൻസിനു കാര്യമായ അധ്വാനം നല്കിക്കൊണ്ടേയിരുന്നു.

ഇതിനൊക്കെ ഇടയിൽ അലക്സ് ഓക്സ്ലെഡ് ചേമ്ബെര്ലിന് ഷിന്നിൽ പരിക്ക് പറ്റിയതും വിനയായി. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച ഒരു ഗോൾ നേടിയ അലക്സിന്റെ നേരത്തെയുള്ള മടക്കം ലിവർപൂളിനെ ബാധിക്കുമെന്ന് കരുതിയെങ്കിലും പിന്നീട്, 80ആം മിനിറ്റ് വരെ കണ്ടത് ലിവർപൂളിന്റെ സമ്പൂർണ ആധിപത്യമാണ്.  35ആം മിനിറ്റുള്ളിൽ ബോക്സിന്റെ അകത്തു വലത് മൂലയിൽ കിട്ടിയ ബോൾ, ഇടംകാൽ കൊണ്ട് മോ സലാ തൊടുത്ത ഷോട്ട് അലിസൺ ബേക്കറിന്റെ മുഴുനീള ഡൈവിന് എത്തുന്നതിനു അപ്പുറം ആയിരുന്നു. പിന്നെ ആദ്യപകുതി തീരുന്ന സമയത്ത് ഫിർമിന്യോയുടെ അളന്നുമുറിച്ച ത്രൂ ബോൾ ഡിഫെൻഡർമാരെയെല്ലാം മറികടന്നു മുന്നിലെത്തിയ സലായ്ക്ക് മുന്നിലേക്ക്. മുന്നോട്ട് കയറി പിച്ചിൽ നിന്നും ബോൾ കളക്ട് ചെയ്യാൻ ഡൈവ് ചെയ്ത ആലീസനേ കബളിപ്പിച്ചു മനോഹരമായ ചിപ്പിലൂടെ പന്ത് വലയിൽ എത്തിച്ചു.

ആദ്യപകുതിയിൽ ഒന്നിലധികം അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാനേയുടെ അവസരം ആയിരുന്നു അടുത്തത്. അസിസ്റ്റ് സലായുടെ വക. അടുത്ത സലാ അസിസ്റ്റ് കിട്ടാനുള്ള യോഗം ഫിർമിന്യോയ്ക്ക് ആയിരുന്നു. അതിനുശേഷവും ഒരു ഗോൾ കൂടെ ഫിർമിന്യോ വലയിൽ എത്തിച്ചു. അതിനോടകം തന്നെ സലായെ സബ് ചെയ്തിരുന്നു യുർഗൻ ക്ളോപ്പ്. എന്നാൽ 80ആം മിനിറ്റിനു ശേഷം പിന്നെയും കളത്തിൽ സ്പേസ് കിട്ടിയ റോമാ നിർണായകമായ രണ്ടു എവേ ഗോളുകൾ കൂടെ നേടി. എഡിൻ ജ്‌സെക്കോയും, പെറോട്ടിയും. ബാഴ്സയോടുള്ള ക്വാർട്ടറിൽ ആദ്യപാദത്തിനു ശേഷം ഉണ്ടായിരുന്ന ഗോൾ വ്യത്യാസം ഇവിടെയും. ആദ്യത്തെ എവേ ഗോൾ നേടിയപ്പോഴുള്ള റോമാ കോച്ച് ഫ്രാൻസെസ്കോയുടെ ആഘോഷം മറക്കാവുന്നതല്ല, ഈ UCL സീസണിൽ ഒറ്റ ഗോൾ പോലും എതിർ ടീം സ്റ്റേഡിയ ഒളിംപിക്കോയിൽ നേടിയിട്ടില്ല എന്നത് കൂടെ ചേർത്ത് വായിക്കുമ്പോൾ രസകരമായ ഒരു രണ്ടാം പാദമാണ് കാത്തിരിക്കുന്നതെന്ന് വ്യക്തം.

ഇന്നലത്തെ രാത്രിയുടെ താരങ്ങൾ, റഷീദ് ഖാൻ, ഫിർമിന്യോ എന്നിവരും, സൂപ്പർ താരങ്ങൾ കെയ്ൻ വില്യംസൺ, മോ സലാ എന്നിവരും ആയി.

നെയ്മർ പണ്ട് പറഞ്ഞത് പോലെ 1% സാധ്യതയും ബാക്കി വിശ്വാസവും കൊണ്ടാകും റോമാ അടുത്ത പാദം കളിയ്ക്കാൻ ഇറങ്ങുക. അത് ഈ സീസണിൽ ആ കാര്യത്തിൽ അവർ മുൻപ് വിജയിച്ചതുമാണ്. മുംബൈ ഇന്ത്യൻസിനും  ഇനിയും സാധ്യത ദൂരെയല്ല. മനോഹരമായതും ആവേശമേറിയതുമായ മത്സരങ്ങൾക്ക് കാത്തിരിക്കാം!

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like