Fanzone | വെരി വെരി സ്പെഷ്യല്‍ 281

തുടര്ച്ചയായ പതിനഞ്ച് ടെസ്റ്റ് ജയങ്ങളുമായി എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി അജ്ജയ്യരായി ആണ് സ്റ്റീവ് വോയും സംഘവും 2001ല് ഇന്ത്യയില് വിമാനമിറങ്ങിയത്. അവസാനത്തെ കടമ്പ എന്നാണ് വോ ഇന്ത്യന് പര്യടനത്തേ വിശേഷിപ്പിച്ചത്. ലോകചാമ്പ്യന്മാരും ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളില് ഒന്ന് എന്നും വിശേഷിപ്പിക്കാവുന്ന സ്റ്റീവ് വോയുടെ കംഗാരുപ്പടക്ക് ഇന്ത്യന് മണ്ണില് പരമ്പര ജയം അന്യമായിരുന്നു. 1998 ല് 2-1 ഏറ്റ തോല്വിക്കു മറുപടി നല്കുക എന്നത് വോയുടെയും സംഘത്തിന്റയും അഭിമാന പ്രശ്നം തന്നെയായിരുന്നു.

ആദ്യ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയെ തകര്ത്ത ഓസീസ് പരമ്പര ജയം കൈയെത്തും ദൂരത്താക്കി. ദയനീയ പ്രകടനം നടത്തിയ ഇന്ത്യന് സംഘം പൊരുതാതെ കീഴടങ്ങിയത് ആരാധകരേയും നിരാശരാക്കി.വോണ് -മഗ്രോ-ഗിലസ്പീ ത്രയത്തിനെതിരേ സച്ചിനും ദ്രാവിഡും ഗാംഗുലിയും അടക്കം ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റിങ്ങ് നിര തകര്ന്നടിയുന്നത് അവിശ്വസനീയമായിരുന്നു. ഇന്ത്യന് ക്രിക്കറ്റിന്റ അന്ത്യം എന്നാണ് മുൻ നായകന് ബിഷന് സിംഗ് ബേദി മത്സര ശേഷം പറഞ്ഞത്. സ്പിന്നറ്മാര്ക്ക് വേണ്ടി ഒരുക്കിയ പിച്ചില് ആദം ഗില്ക്രിസ്റ്റ് ഇന്ത്യന് ബൗളറ്മാരെ അടിച്ച് നിലംപരിശാക്കുന്നതാണ് കണ്ടത്. സച്ചിനൊഴികേ വേറെ ഒരാള്ക്കും അര്ദ്ധ ശതകം പോലും നേടാനായില്ല. എല്ലാ രീതിയിലും സമ്പൂര്ണ പരാജയം ആയി ഇന്ത്യന് സംഘം.

കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സിലായിരുന്നു രണ്ടാം ടെസ്റ്റ്. ഇന്ത്യക്ക് പൊരുതാനുള്ള കെല്പുണ്ടോയെന്ന് കടുത്ത ആരാധകര്ക്കു പോലും സംശയമായിരുന്നു. അത് ഉറപ്പിക്കുന്ന വിധത്തിലായിരുന്നു ഒന്നാമിന്നിങ്സിലെ ബാറ്റിങ്ങ് പ്രകടനം. ആദ്യ ടെസ്റ്റില് കിട്ടിയ ടോസിലെ ഭാഗ്യവും ഇന്ത്യയേ കൈവിട്ടു. ടോസ്സ് നേടിയ വോ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മികച്ച രീതിയില് തുടങ്ങിയ ഓസീസിന് അല്പമെങ്കിലും വെല്ലുവിളി ഉയര്ത്തിയത് ഹര്ഭജന് സിംഗ് മാത്രമായിരുന്നു. ഭാജിയുടെ ഹാട്രിക്ക് മികവില് ഓസ്സീസ് 269/8 എന്ന നിലയില് തകര്ന്നടിഞ്ഞെങ്കിലും ഗിലസ്പിയേയും മഗ്രോയേയും കൂട്ടുപിടിച്ച് സ്റ്റീവ് വോ ഓസ്സീസ് സ്കോറ് 445ല് എത്തിച്ചു. വാലറ്റക്കാരെ പുറത്താക്കാനാവത്തത് ഇന്ത്യ സംഘത്തിന്റ മനോവീര്യം കെടുത്തി. രണ്ടാം ദിനം ലഞ്ചിന് ശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വീണ്ടും തകരുന്ന കാഴ്ചയാണ് കണ്ടത്. 129/9 ല് നിന്നും അവസാന വിക്കറ്റില് 42 റണ് നേടി ഇന്ത്യയേ 171ല് എത്തിച്ചത് ലക്ഷ്മണും രാജുവും ആയിരുന്നു. ആറാം നമ്പറില് ഇറങ്ങിയ ലക്ഷമണിന്റ ചെറുത്ത് നില്പ്പ് ശ്രദ്ദേയമായിരുന്നു. ഫോമിലുള്ള അദ്ദേഹത്തെ രണ്ടാമിന്നിംഗ്സില് മൂന്നാം നമ്പറില് ഇറക്കാന് ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു. മറുവശത്ത് രണ്ടാം ദിനത്തില് ഇന്ത്യയുടെ ബാറ്റിങ്ങ് തകര്ച്ച ഓസീസിനെ ആവേശഭരിതരാക്കി. മൂന്നാം ദിനം ആദ്യസെഷന് പകുതിയില് ഇന്ത്യന് ഇന്നിംഗ്സ് അവസാനിച്ചു. ഫോളോ ഓണ് ചെയ്യാന് ആവശ്യപ്പെട്ട വോയുടെ മനസ്സില് ഇന്നിംഗ്സ് ജയമായിരുന്നു ലക്ഷ്യം.

(Photo credit  ARKO DATTA/AFP/Getty Images)

പിന്നീടുള്ള രണ്ടു ദിവസങ്ങളില് സംഭവിച്ചത് ഇന്ത്യയുടെ കടുത്ത ആരാധകര് പോലും പ്രതീക്ഷിക്കാത്തതായിരുന്നു. വെങ്കിപുരപ്പ് വെങ്കിട്സായി ലക്ഷ്മണ് എന്ന ഹൈദരബാദുകാരന് രാഹുല് ദ്രാവിഡിനെ കൂട്ട് പിടിച്ച് നടത്തിയ പോരാട്ടം അവിശ്വസനീയമായിരുന്നു. രണ്ടാമിന്നിംഗ്സ് ബാറ്റിങ്ങ് തുടങ്ങിയ ഇന്ത്യക്ക് ലഞ്ചിന് ശേഷം ആദ്യ വിക്റ്റ് നഷ്ടമായി. സ്കോറ് 52/1. ലക്ഷ്മണ് ആണ് ഫോമിലല്ലാത്ത ദ്രാവിഡിന് പകരം എത്തിയത്. മുന്പ് ഓപ്പണറുടെ റോളില് തിളങ്ങാതിരുന്നതും പുതിയ പന്തില് കളിച്ച് പരിചയക്കുറവുമുള്ള ലക്ഷ്മണ് മൂന്നാം നമ്പറിലെത്തുന്നത് കാര്യങ്ങള് തങ്ങള്ക്ക് അനുകൂലമാക്കുമെന്നാണ് കരുതിയത് എന്നാണ് സ്റ്റീവ് വോ പിന്നീട് ഒരഭിമുഖത്തില് പറഞ്ഞത്. നേരിട്ട ആദ്യ പന്തു മുതല് ലക്ഷ്മണ് ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ക്ഷമയോടെ തുടങ്ങിയ ലക്ഷമണ് ആദ്യം പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ചായക്കു മുന്നേ SS ദാസും സച്ചിനും തുടരെ തുടരെ പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. പഴയ കഥയുടെ ആവര്ത്തനമാണോ എന്ന സന്ദേഹം എല്ലാവരിലുമുണ്ടായിരുന്നു.

പക്ഷെ ക്രീസില് അക്ഷോഭ്യനായി നിന്ന ലക്ഷ്മണ് ഗാംഗുലിക്കൊപ്പം മികച്ച് ഒരു കൂട്ടുകെട്ട് പടുതുയര്ത്തി. കടുത്ത ചൂടില് തളര്ന്ന ഓസീസ് ബൗളറ്മാരുടെ മേല് അനായാസം ആധിപത്യം സ്ഥാപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ടീമിലെ ഏക സ്പിന്നറായ ഷൈന് വോണിനെ സ്‌കൂൾ കുട്ടികളേ നേരിടുന്ന ലാഘവത്തോടെയാണ് ലക്ഷ്മണ് നേരിട്ടത്. ഒരേ ഏരിയയില് പിച്ച് ചെയ്ത വോണിന്റ രണ്ടു പന്തുകളേ കവറിലൂടെയും മിഡ്ഡോണിലൂടെയും ബൗണ്ടറി നേടുന്നത് കണ്ട് നിസ്സഹായനാലി നില്ക്കാനേ വോണിന് സാധിച്ചൊള്ളു. ഗാഗുലി പുറത്തായ ശേഷം എത്തിയത് രാഹുല് ദ്രാവിഡാണ്. മൂന്നാം ദിനം കളിയവസാനിക്കുന്നതിന് മുന്നേ തന്നെ ലക്ഷ്മണ് തന്റെ രണ്ടാം ടെസ്റ്റ് ശതകത്തിലെത്തി. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള് 254/4 എന്ന നിലയിലായിരുന്നു ഇന്ത്യ. ഓസീസിന്റ ഇന്നിംഗ്സ് ലീഡ് 20 റണ്സ്. കളിയില് ഇപ്പോഴും മേല്ക്കൈ ഓസീസിന് തന്നെയായിരുന്നു.

നാലാം ദിനം ആദ്യ സെഷനില് വിക്കറ്റ് വീഴാതെ പ്രതിരോധത്തിലൂന്നി കളിക്കുമെന്നുള്ള എല്ലാവരുടേയും പ്രതീക്ഷകളേ കാറ്റില് പറത്തി ആക്രമിച്ചു ളിക്കുന്ന ലക്ഷ്മണിനേയാണ് കണ്ടത്.മറുവശത്ത് പ്രധിരോധക്കോട്ട തീര്ത്ത് ദ്രാവിഡും ഉറച്ചു നിന്നതോടെ ഓസീസ് തളര്ന്നു. രണ്ടാം ന്യൂ ബോളെടുത്തിട്ടും കാര്യങ്ങളില് വല്യ മാറ്റങ്ങള് സംഭവിച്ചില്ല. ലഞ്ചിന് സ്കോറ് 376/4. ലഞ്ചിന് ശേഷം സ്റ്റീവോ എല്ലാ തന്ത്രങ്ങളും പയറ്റിയെങ്കിലും ലക്ഷമണ് അചഞ്ചലനായി ബാറ്റിങ്ങ് തുടരുന്ന കാഴ്ചയാണ് കണ്ടത്. ഓഫ് സ്റ്റംപിന് പുറത്ത് കുത്തിയ പന്ത് സ്ക്വയറ് ലെഗ്ഗിലൂടെ ബൗണ്ടറി കടക്കുന്നത് പുതിയ കാഴ്ച ആയിരുന്നു. പലതവണ പേശിവലിവ് മൂലം കഷ്ടപ്പെട്ടെങ്കിലും ദ്രാവിഡ് വിക്കറ്റ് കളയാതെ പൊരുതി നിന്നു. രണ്ടാം സെഷനില് ലക്ഷ്മണ് ഇരട്ടസെഞ്വറിയും ദ്രാവിഡ് സെഞ്ച്വറിയും പൂര്ത്തിയാക്കി. ചായക്ക് പിരിയുമ്പോള്‍ സ്കോറ് 491/4.


ഇന്നിംങ്സ് ജയം സ്വപ്നം കണ്ട ഓസീസ് സ്വനത്തില് പോലും പ്രതീക്ഷിക്കാത്ത തിരിച്ച് വരവായിരുന്നു ഇന്ത്യ നടത്തിയത്. ഗാലറി നിറഞ്ഞ് കവിഞ്ഞ ആരാധകര് ഇന്ത്യുടെ തിരിച്ചു വരവ് ആഘോഷമാക്കി. മൂന്നാം സെഷനില് ഇരുവരും തളര്ന്നെങ്കിലും വികറ്റ് കളയാതെ സ്കോറ് ഉയര്ത്തുന്നതില് വിജയിച്ചു. സുനില് ഗവാസ്കറിന്റ 17 വര്ഷം പഴക്കമുള്ള ഉയര്ന്ന വ്യക്തിഗത സ്കോറിന്റ റിക്കോര്ഡ്(236) ഇതിനിടെ ലക്ഷ്മണ് മറികടന്നു. കീപ്പറായ ഗില്ക്രിസ്റ്റും വോയും ഒഴികേ എല്ലാവരും പന്തെറിഞ്ഞ് നോക്കി.റണ്ണപ്പിനടയില് ചേഷ്ടകളോട പന്തെറിയാന് വന്ന ഗില്ലസ്പി ഓസീസ് ബൗളറ്മാരുടെ നിസ്സഹായതക്കുള്ള ഉദാഹരണമായിരുന്നു. തകരാത്ത പ്രതിരോധവുമായി കളിഅവസാനിക്കുമ്പോള് 275 റണ്ണുമായി ലക്ഷ്മണും 155 റണ്സോടെ ദ്രാവിഡും ക്രീസില് അപരാജിതരായി നിന്നു. ഇന്ത്യന് ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ ദിനം എന്ന് കളിയെഴുത്തുകാര് വിധിയെഴുതി. വിക്കറ്റ് നഷ്ടപ്പെടാതെ 335 റണ്സ്.

അഞ്ചാം ദിവസം അതിവേഗം സ്കോറ് ചെയ്‌ത് മികച്ച ലീഡ് നേടി ഡിക്ളയറ് ചെയ്യുക എന്നതായിരുന്നു ഇന്ത്യന് ലക്ഷ്യം. സ്കോറ് ഉയര്ത്താനുള്ള ശ്രമത്തില് ലക്ഷ്മണിന്റ വിക്കറ്റ് വീണു. മഗ്രോയുടെ പന്തില് പോണ്ടിങ്ങിന് ക്യാച്ച് നല്കിയാണ് ലക്ഷ്മണ് മടങ്ങിയത്. പത്ത് മണിക്കൂറിലധികം ക്രീസില് നിന്നു പൊരുതിയ ലക്ഷ്മണ് 44 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 281 റണ്ണിലെത്തിയത്. താന് കണ്ടിട്ടുള്ള ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടങ്ങളിലൊന്ന് എന്നാണ് വോ മത്സര ശേഷം പറഞ്ഞത്. 376 റണ് ലീഡോടെ ഇന്ത്യ ഡിക്ളയറ് ചെയ്തു. 75 ഓവറുകളില് ലക്ഷ്യം നേടുക എന്നവെല്ലുവിളിയാണ് ഓസീസിന് നല്കിയത്. മികച്ച രീതിയില് തുടങ്ങിയ ഓസീസ് ചായ സമയത്ത് 161/3 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരം ചായക്കു ശേഷം ഹര്ഭജന്റ നേതൃത്വത്തില് ഇന്ത്യ തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. ആറ് വിക്കറ്റ് നേടിയ ഭാജിക്ക് ഗില്ലിയുടേയും വോണിന്റയും വിക്കറ്റുകളെടുത്ത സച്ചിനും പിന്തുണ നല്കി. ഇന്ത്യന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിസ്മരണീയ തിരിച്ച് വരവായി ആ ജയം. ലക്ഷ്മണ് തന്നെയായിരുന്നു മാന് ഓഫ് ദി മാച്ച്.

ഈഡന് ഗാര്ഡനില് കണ്ടത് പുതിയൊരു ക്രിക്കറ്റ് ശക്തിയുടെ ഉദയമായിരുന്നു. ഏത് ദുര്ഘട ഘട്ടത്തിലും പൊരുതാനുള്ള മനക്കരുത്ത് ഇന്ത്യന് ടീമിന് ലഭിച്ചത് ആ മത്സര ശേഷമായിരുന്ന് എന്ന് പറഞ്ഞാല് അതിശയോക്തിയാവില്ല. ദയനീയ പരാജയം മുഖാമുഖം കണ്ട ശേഷം ഇങ്ങനെ ഒരു ഉയര്ത്തെഴുന്നേല്പ്പ് നടാടേ ആയിരുന്നു. വി വി എസ്സ് ലക്ഷ്മണ് തുടങ്ങി വച്ച പ്രത്യാക്രമണത്തില് നിന്ന് ലഭിച്ച ആത്മവിശ്വാസം മൂന്നാം ടെസ്റ്റിലും പ്രതിഭലിച്ചു. ആവേശകരമായ മൂന്നാം ടെസ്റ്റ് രണ്ടു വിക്കറ്റിനു ജയിച്ച് ഇന്ത്യ പരമ്പരയും സ്വന്തമാക്കി. പിന്നീട് പല മികച്ച പ്രകടനങ്ങള് കണ്ടിട്ടുണ്ടെങ്കിലും വി വി എസ് ലക്ഷ്മണിന്റ ഈഡന് ഗാര്ഡന്സിലെ 281 ന് ഒപ്പം പിടിക്കുന്ന ഒരിന്ത്യന് ഇന്നിംഗ്സ് ഇനിയും വന്നിട്ടില്ലന്ന് നിസംശയം പറയാം. ഇന്ത്യന് ആരാധകരുടെ മനസ്സിലെ വെരി വെരി സ്പെഷ്യല് 281.

NB :2016 ജനുവരിയില് ESPN ക്രിക്കിന്ഫോ കഴിഞ്ഞ അന്പത് വര്ഷത്തെ മികച്ച ഇന്നിംഗ്സിനായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില് പഴയ കളിക്കാരും കളിയെഴുത്തുകാരും തെരഞ്ഞെടുത്തത് വി വി എസ് ലക്ഷ്മണിന്റ ഈഡന് ഗാര്ഡനസിലെ 281 റണ്സിന്റ പ്രകടനമായിരുന്നു

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial