Fanzone | ഹൃദയത്തിൽ കുടിയേറിയ ചെകുത്താന്മാർ

- Advertisement -

ബാറ്റ്മാൻ ബിഗിൻസ് എന്ന നോളൻ ചിത്രത്തിൽ ഒരു സീൻ ഉണ്ട്. ഗോതം സിറ്റിയെ രക്ഷിക്കാൻ ഉള്ള പടയോട്ടത്തിനിടയിൽ തന്റെ സർവ്വ സമ്പത്തും കത്തിയമർന്നു പോകുന്നത് കണ്ട ബ്രൂസ് വെയ്നിനോട് ഡോക്ടർ ആൽഫ്രഡ് പറയുന്നത്.. “ദി വെയ്ൻ ലെഗസി ഈസ് നോട്ട് മേഡ് ഓഫ് ബ്രിക്ക് ആൻഡ് മൊട്ടർ സർ”. അതെ… പാരമ്പര്യവും പൈതൃകവും പണിത്തുയർത്തുന്നത് ഇഷ്ടികകൊണ്ടോ സിമെന്റ്കൊണ്ടോ അല്ല. അതിനാൽ തന്നെയും ഒരുതരത്തിലുള്ള തകർച്ചയിലും അത് ഇല്ലാതാവുകയും ഇല്ല. ഒരുപക്ഷെ 115 വർഷങ്ങൾക്ക് മുൻപ് ഒഫിഷ്യൽ ഫുട്ബാൾ ക്ലബ്ബ് ആയി രൂപം കൊണ്ട യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ്ബിൽ ഒന്നിനെ പല തിരിച്ചടികളിലും തകരാതെ പിടിച്ചു നിർത്തിയത് ഈ ലെഗസി ഒന്നുമാത്രം ആണ്. ചെറുതും വലുതുമായ എത്ര പ്രതിസന്ധികൾ ആണ് ഈ ചുവന്ന ചെകുത്താന്മാർക്ക് ഒരു നൂറ്റാണ്ട് നീണ്ട യാത്രക്ക് ഇടയിൽ നേരിടേണ്ടി വന്നത്.

ഏർനെസ്റ്റ് മനഗ്നൽന് കീഴിൽ അണിനിരന്ന ആദ്യ ടീം ആറ് വർഷങ്ങൾക്ക് ഉള്ളിൽ തങ്ങളുടെ ആദ്യ ലീഗ് കിരീടം നേടിയപ്പോൾ തുടങ്ങിയ പടയോട്ടം ആണ് ഇന്നും നിലയ്ക്കാത്ത തുടരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം 1927ഇൽ ജോൺ ഹെൻറി ഡേവിസിന്റെ മരണത്തോടെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങിയ ക്ലബ്ബിനെ ജെയിംസ് ഗിബ്സൺ പിടിച്ചുയർത്തിയപ്പോൾ അത് വരാനിരുന്ന വലിയ നേട്ടങ്ങൾക്ക് ഉള്ള മുന്നൊരുക്കം ആയിരുന്നു. പക്ഷെ വിധി മറിച്ചായി, നാല് വർഷങ്ങൾക്ക് ശേഷം രണ്ടാം ഡിവിഷനിലേക്ക് താഴ്ത്തപ്പെട്ട ക്ലബ്ബ് പിന്നീട് അവിടെ അവസാന സ്ഥാനക്കാരായ നിലംപതിച്ചു. വലിയ വീഴ്ചകൾ അനിവാര്യമാണ് , വലിയ വിജയങ്ങൾ ആഘോഷിക്കാൻ. അതെ വലിയ വിജയങ്ങൾ അവരെ കാത്തിരിപ്പുണ്ടായിരുന്നു.

പരീക്ഷണ കാലഘട്ടം

1945 ഒക്ടോബറിൽ മാറ്റ് ബസ്ബി മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആണ് ക്ലബ്ബിന് പുതിയ വഴിത്തിരിവായത്. ടീം തിരഞ്ഞെടുപ്പിലും ട്രാൻസ്ഫെറിലും മുഴുവൻ അധികാരങ്ങളും തന്റേതാക്കിയ അദ്ദേഹം അവിടെ അടിത്തറപാകിയത് വലിയ ഒരു മണിസൗധത്തിന് ആയിരുന്നു. വലിയ താരങ്ങളെ വാങ്ങുന്നതിന് പകരം വലിയ ശേഷിയുള്ള ചെറിയ താരങ്ങളെ വളർത്തുന്നതിൽ ആയിരുന്നു ബസ്ബി ശ്രദ്ധ ചെലുത്തിയത്. അവിടം തൊട്ട് ഇവിടെ വരെ യുണൈറ്റഡ് ലോകത്തിന് സമ്മാനിച്ച ഇതിഹാസങ്ങൾക്ക് എണ്ണമില്ല എന്നത് മറ്റൊരു ചരിത്രം. യുവാക്കളുടെ ശക്തിയിൽ തന്റെ വിശ്വാസം അർപ്പിച്ച മാനേജറെ അവരും ചതിച്ചില്ല. തുടർച്ചയായ ഫുട്ബാൾ അസോസിയേഷൻ കപ്പ് നേട്ടങ്ങളും നാൽപ്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം ഉള്ള ലീഗ് കിരീടവും കൊണ്ട് അവർ തങ്ങളുടെ ഫുട്ബോൾ പിതാവിന്റെ തീരുമാനങ്ങൾ ശരിയെന്ന് അടിവരയിട്ടു.

യുവ ടീമിന്റെ കുതിപ്പിനെ കാല്പന്തു ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. 22 വയസ്സ് മാത്രം ശരാശരി പ്രായം ഉള്ള ടീമിനെ കൊണ്ട് തുടർച്ചയായ ലീഗ് നേട്ടങ്ങൾ കൈവരിച്ചവരെ ലോകം ഒരു ഓമനപ്പേരിൽ വിളിച്ചു, ” ബസ്ബി ബേബീസ് “. പക്ഷെ അവിടെയും മറ്റൊരു വീഴ്ച്ച അവരെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്തവണ അതിന് ആരെ പഴിക്കണം അവർ.

1958ലെ യൂറോപ്യൻ കപ്പിലെ ക്വാർട്ടർ ഫൈനലിൽ അവർ വിജയിച്ചെങ്കിലും മടങ്ങി വരവിൽ വിധി അവരെ പ്ലെയിൻ അപകടത്തിന്റെ രൂപത്തിൽ തോൽപ്പിച്ചു. എട്ട് പ്രധാന താരങ്ങൾ അടക്കം 23 പേരുടെ മരണത്തിന് ഇടയാക്കിയ ഫുട്ബോൾ ലോകത്തിലെ വലിയ ദുരന്തങ്ങളിൽ ഒന്ന്. ദേ ഹാവ് ലോസ്റ്റ് മോസ്റ്റ് ഓഫ് ദെം ദേ ഹാഡ്, ഓൾമോസ്റ്റ് എവിരിതിങ് , ബട്ട് നോട്ട് ദി യൂണൈറ്റഡ് ലെഗസി.

അവിടെ നിന്ന് പുതിയ ഒരു ഉദയം ഉണ്ടായി. ചെറിയ പരുക്കുകളോടെ രക്ഷപെട്ട ബസ്ബി ആ ചാരത്തിൽ നിന്ന് തന്നെ പുതിയ സൗധം പണിതു. അതിന്റെ ഉയരവും വ്യാപ്തിയും മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കും മേലേ ആയിരുന്നു.1969ഇൽ ബസ്ബി ടീമിന്റെ അധികാരം ഒഴിയുമ്പോൾ ബോബി ചാൾട്ടൺന്റെയും ഡെനിസ് ലോയുടെയും ജോർജ് ബെസ്റ്റിന്റെയും ചിറകിലേറി യുണൈറ്റഡ് യൂറോപ്പ് വാഴാൻ തുടങ്ങിയിരുന്നു.

എന്നാൽ പിന്നീടും പതനങ്ങളുടെ കാലഘട്ടം അവരെ കത്തിരിപ്പുണ്ടായിരുന്നു. തുടർച്ചയായ ലീഗ് നേട്ടത്തിന്റെ ദാരിദ്ര്യം , മാറി മാറി വന്ന മാനേജ്‌മെന്റ് , ഇതിഹാസങ്ങളുടെ അരങ്ങൊഴിയൽ , എല്ലാം മറ്റൊരു വീഴ്ചയിലേക്ക് അവരെ കൊണ്ടെത്തിച്ചു. ആ മോശം കാലഘട്ടത്തിലും എഫ് എ കപ്പ് നേട്ടങ്ങൾ അവരിലെ ചാരത്തിലെ തീപ്പൊരിയായി നിലകൊണ്ടു.

സുവർണ്ണ വർഷങ്ങൾ…

മാഞ്ചസ്റ്റർ യൂണൈറ്റഡ് ഇന്ന് കാണുന്ന മാഞ്ചസ്റ്റർ യൂണൈറ്റഡ് ആയതിൽ വളരെ അധികം കടപ്പെട്ടിരിക്കുന്നത് ഒരാളോടാണ്. എ വൈറ്റ് മാൻ വിത്ത് സ്പെക്ട്സ് ആൻഡ് ചബ്ബി ചീക്സ് . ഫെർഗി വളർത്തിയത് ഒരു ക്ലബ്ബിനെ മാത്രം ആയിരുന്നില്ല അനേകം ആരാധകരെ കൂടി ആയിരുന്നു. ഇതിഹാസങ്ങളെ വാങ്ങുകയല്ല വളർത്തുകയാണ് ചെയ്യേണ്ടത് എന്ന സമവാക്യത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. തോൽവികളിൽ പതറാതെ തിരിച്ചു വരേണ്ടവർ ആണ് തങ്ങൾ എന്ന തിരിച്ചറിവ് താരങ്ങൾക്ക് അദ്ദേഹം പകർന്നു നൽകി. വിധിയെ തോൽപ്പിച്ചു മുന്നേറിയ ടീം പിന്നീട് കപ്പുകൾ നേടുന്ന കാഴ്ച നയനമനോഹരം ആയിരുന്നു. ഫുട്ബോളിനെ സ്‌നേഹിക്കുന്നവർക്ക് എങ്ങനെയാണ് ഫെർഗിയുടെ ചെകുത്താന്മാരെ വെറുക്കാനാവുക.

വിങ്ങുകളിലൂടെയുള്ള കൗണ്ടറുകളുടെ മനോഹാരിത , താരങ്ങൾ തമ്മിലുള്ള അസൂയവഹം ആയ പരസ്പര ബന്ധം , ഓരോ പോസിഷനിലു ഇതിഹാസങ്ങൾ. അതെ നീണ്ട ഇരുപത്തിഏഴ് വർഷങ്ങൾ കൊണ്ട് ഫെർഗി ഇവരെ നയിച്ചത് ലോകത്തിന്റെ നെറുകയിലേക്ക് ആയിരുന്നു. ലോകത്തിന്റെ ഓരോ മുക്കിലും ഒരു മാഞ്ചസ്റ്റർ ആരാധകൻ കാണും എന്ന രീതിയിൽ യൂണൈറ്റഡിന്റെ ഖ്യാതി വളർന്നു , പടർന്നു പന്തലിച്ചു.

വീണ്ടെടുക്കലിന്റെ നാളുകൾ…

ഫെർഗി 2013ൽ വിടവാങ്ങിയത്തിന് ശേഷം വന്നത് മൂന്ന് മാനേജർമാർ , ചെലവാക്കിയത് ബില്യൺ യൂറോകൾ , പക്ഷെ അനേകം പേരുടെ ഹൃദയം കുടികൊള്ളുന്ന ഓൾഡ് ട്രാഫൊർഡിന് തുടിപ്പേകാൻ ഒരു ലീഗ് കിരീടം ഇല്ല. പല വലിയ കനൽ വഴികളിലൂടെയും നടന്നു കയറിയ യുണൈറ്റഡിന് ഈ പതനവും മറ്റൊരു തിരിച്ചുവരവിനുള്ള വഴി ഒരുക്കൽ മാത്രമാണ്. കഴിഞ്ഞ കുറെ സീസണുകൾ ആയി അന്യം നിന്നുപോയ താരങ്ങൾ തമ്മിലുള്ള ഒരു ഒരുമ വീണ്ടും കൈവന്നതുപോലെ. യൂണൈറ്റഡ് ഈസ് ഗോയിങ് ടു റൈസ് അഗൈൻ ആസ് ഇറ്റ് യൂസ്ഡ് ടു ഡു ഇൻ ദി ഏർലിയർ ഡേയ്സ്.

ചുവന്ന ചെകുത്താന്മാർ ഒരിക്കലും തല കുനിച്ചിട്ടില്ല അധിക കാലത്തേക്ക്. സ്വപ്‌നങ്ങൾ ഉറങ്ങുന്ന രംഗഭൂമിയിലെ ഒരു നിമിഷം ഒരു നൂറ്റാണ്ടിനു സമം ആണ്. കാരണം അതിലെ ഓരോ ഇരിപ്പിടങ്ങൾക്കും ഓരോ മൂലകൾക്കും ഓരോ പുൽക്കൊടികൾക്കും ധാരാളം കഥകൾ പറയാൻ ഉണ്ട്. തിരിച്ചുവരവിന്റെ കഥ , നേട്ടങ്ങളുടെ കഥ , വീര പോരാട്ടങ്ങളുടെ കഥ , തിരിച്ചുവരാത്ത നഷ്ടങ്ങളുടെ കഥ , മറഞ്ഞുപോയ ഒരുപാടു സ്വപ്നങ്ങളുടെ കഥ , ഇതിഹാസങ്ങളെ കൈപിടിച്ചുയർത്തിയ കഥ , അങ്ങനെ എത്ര എത്ര കഥകൾ. അവയ്ക്ക് കാതോർക്കുമ്പോൾ അറിയാതെ രോമങ്ങൾ ഉയർന്നുവരും. കാരണം ഓരോ കഥകളും കണ്ണീരിന് മേൽ ചിരി പടുത്തുയർത്തിയവ ആണ്. അപ്പോൾ ഒരു കോണിൽ നിന്ന് ആ ആരവം ഉയരും ,

Glory glory Man united,
Glory glory Man united,
As the reds go marching on on on!

Just like the busby babes in days gone by,
We’ll keep the red flags flying high,
Your gonna see us all from far and wide,
Your gonna hear the masses sing with pride.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement