Fanzone | ഞാൻ കണ്ട ലീഗ് വൺ

വളരെ ചുരുക്കം ചില പ്രതിഭാ മിന്നലാട്ടങ്ങൾ മാത്രം ഓർമ്മയിൽ തെളിയുന്ന ഡീന്യോ ഒക്കേച്ചമാരുടെ പിഎസ്ജീ. 2004 യു സി എൽ ഫൈനലിൽ കടന്ന് മൗറീന്യോയുടെ പോർട്ടോയോട് ദാരുണമായി തോറ്റ പഴയ ക്രൊയേഷ്യൻ സ്ട്രൈകർ ദാദോ പർസൊയും സ്പാനിഷ് റിയൽ ഫോർവേഡ് മോറിയന്റസും ബാഴ്സലോണ വിംഗറായിരുന്ന ഗിയൂലിയുമടങ്ങുന്ന മൊണാകോ. ജുനീന്യോയെന്ന എക്കാലത്തെയും മികച്ച നമ്പർ വൺ ഫ്രീകിക്ക് വിദഗ്ധൻ രക്ഷകനായി അവതരിച്ച ലിയോൺ. പിന്നെ പണ്ട് ചെൽസി ആഴ്സനൽ ടീമുകളിലേക്കുള്ള കളിക്കാരുടെ ഉറവിടമായിരുന്ന മാർസെയും..

ഫ്രഞ്ച് ലീഗ് വണ്ണിന്റെ ചെറുപ്പകാല ഓർമ്മകൾ ഈ നാല് ടീമുകളിലൊതുങ്ങും. പ്രത്യേകിച്ചും ജുനീന്യോയെന്ന ഇതിഹാസത്തിന്റെ അപാരമായ സെറ്റ് പീസ് വൈഭവം കൊണ്ട് തന്നെ ലിയോൺ പ്രസിദ്ധമായിരുന്നു അക്കാലത്ത്. ലിയോണിന്റെ കുന്തുമുനയായി ഒൻപതു വർഷക്കാലം കളിച്ച ജുനീന്യോ 44 ഓളം ഫ്രീകിക് ഗോളുകളാണ് സ്വന്തം പേരിലാക്കിയത്. അക്കാലത്ത് ചാമ്പ്യൻസ് ലീഗിൽ റിയലിന്റെ ഗ്രൂപ്പിൽ ആയിരുന്നു പലപ്പോഴും ലിയോൺ പെട്ടിരുന്നത്.രണ്ടോ മൂന്നോ തവണ റിയലിനെ തുടർച്ചയായി തോൽപ്പിച്ചതും ഓർക്കുന്നു.മാത്രമല്ല ബാഴ്സക്കെതിരെ 2008 ലെ ചാമ്പ്യൻസ് ലീഗിൽ ജുനീന്യോ വലതു കോർണറിനും പെനാൽറ്റി ബോക്സിനുമിടയിൽ നിന്നും തള്ളവിരൽ കൊണ്ട് ബോൾ സ്പിൻ ചെയ്യിപ്പിച്ചു മഴവിൽ ട്രാജക്റ്ററിയിൽ നേടിയ അൽഭുത ഗോൾ ഇന്നും ഓർമ്മയിലുണ്ട്. ആറ് തവണ തുടർച്ചയായ ലിയോൺ ലീഗ് ചാമ്പ്യൻസായതിൽ നിർണായക പങ്കാളിയായത് ജുനീന്യോയായിരുന്നു. ഫ്രെഡ് ബെൻസേമ ദിയാറ വിൽറ്റോഡ് ബാസ്റ്റോസ് തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്ന ലിയോൺ
2010 കളുടെ തുടക്കത്തിൽ പിഎസ്ജിയുടെ പണാധിപത്യത്തിനു മുന്നിൽ തകർന്നടിയുകയായിരുന്നു. മൊണാകോ സമീപകാലത്തായി നഷ്ടപ്രതാപം തിരികെ പിടിച്ചെങ്കിലും ലിയോൺ ഇന്നും പ്രതിസന്ധിയിലാണ്.
പഴയകാല ചാമ്പ്യൻസ് ലീഗ് ഓർമ്മകളിൽ മനസ്സിൽ തെളിഞ്ഞു വരുന്ന ഫ്രഞ്ച് മുഖങ്ങളാണ് ലിയോണും മൊണാകോയും.

കേരളത്തിലെ കടുത്ത ഫുട്‌ബോൾ ആരാധകരുടെ മനസ്സിൽ ഇപിഎല്ലും സീരീ എയും ലാ ലീഗായും മാത്രമല്ല ലീഗ് വണ്ണും ബ്രസീലിയൻ ലീഗും ഡച്ച് ലീഗും ബുണ്ടസ് ലീഗും സ്കോട്ടിഷ് ലീഗുമെല്ലാമുണ്ട്. എന്തിനധികം പറയുന്നു തൽസമയം കാണാൻ കഴിയില്ലെങ്കിലും ബ്രസീലിയൻ കൗമാര ടാലന്റുകളുടെ ചുവടുവെപ്പായ ഉക്രൈൻ ലീഗും പോർച്ചുഗീസ് ലീഗ് വരെയും പിന്തുടരുന്നവരും ഞാനുൾപ്പടെ നിരവധിയാണ്. അതുകൊണ്ട് ബിഗ് 3 ക് പുറത്തുള്ള യൂറോപ്യൻ ഫുട്‌ബോൾ ലീഗുകൾ ആരും ശ്രദ്ധിക്കില്ല ജനപ്രീതിയില്ല എന്നതൊക്കെ വെറും പാഴ് വാക്കുകൾ മാത്രമാണ്.

ചില ഒറ്റപ്പെട്ട പ്രകടനങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗുകളിൽ ഫ്രഞ്ച് ടീമുകളുടെ സംഭാവന. മാർസെ 93 ൽ ചാമ്പ്യൻസായതൊഴിച്ചു നിർത്തിയാൽ വേറെയൊരു ടീമും ചാമ്പ്യൻസായിട്ടില്ല. 2012 ന് ശേഷം വൻതാരങ്ങളുമായി വന്ന പിഎസ്ജീ തുടർച്ചയായി ക്വാർട്ടറിൽ വീഴുകയായിരുന്നു. പക്ഷേ നെയ്മറുടെ വരവോടെ ഇതിനൊരു മാറ്റമുണ്ടായേക്കും. പിഎസ്ജീയിലൂടെ ലീഗ് വണ്ണിനെ ഫുട്‌ബോൾ ലോകത്തിന്റ ശ്രദ്ധാകേന്ദ്രമാക്കാൻ നെയ്മറെന്ന ഒറ്റയാനിലൂടെ കഴിയുമെന്നുറപ്പ്.

മറ്റെല്ലാ യൂറോപ്യൻ ലീഗുകളെന്നപോലെ ഫ്രഞ്ച് ലീഗിലെ താരങ്ങളുടെ ചരിത്രമെടുത്തു നോക്കിയാലും നിങ്ങൾക്ക് ഫ്രഞ്ച് താരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം കാണുവാൻ കഴിയുക ബ്രസീലിയൻ താരങ്ങളെയായിരിക്കും. അതു പിന്നെ അങ്ങനെയാണല്ലോ ഏത് രാജ്യത്തെ ലീഗെടുത്താലും ആതിഥേയ രാജ്യത്തെ ഒഴിച്ചു നിർത്തിയാൽ താരങ്ങളുടെ എണ്ണത്തിൽ ഡൊമിനേറ്റ് ചെയ്തു നിൽക്കുന്നത് കാനറികളായിരിക്കും.

നെയ്മറൊടൊപ്പം മാർക്വിനോസ് ആൽവസ് സിൽവ മൗറ വരുന്ന ലോകകപ്പിൽ നിർണായകമായേക്കാവുന്ന കോർ ബ്രസീലിയൻസ്. മുമ്പ് പറഞ്ഞത് വീണ്ടും പറയുന്നു 2006 ലൊകകപ്പിൽ ഇറ്റലി ജയിച്ചപ്പോൾ മിലാൻ-യുവൻറസ് ഇൻഫ്ലുവൻസ്
2010 ൽ സ്പെയിൻ ജയിച്ചപ്പോൾ ബാഴ്സലോണ ഇൻഫ്ലുവൻസ് 2014 ൽ ജർമനി ചാമ്പ്യൻസായപ്പോൾ ബയേൺ മ്യൂണിക്ക് ഇൻഫ്ലുവൻസ്
അതുപോലെ 2018 ൽ ബ്രസീലിന്റെ ലോകകപ്പിലെ വിധി നിർണിയക്കാവുന്ന താരനിരയാണ് പിഎസ്ജിയിലെ “മിനി ബ്രസീൽ”.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial