FANZONE| തിയാഗോ സിൽവ, നിഷ്കളങ്കനായ മോൺസ്റ്റർ

- Advertisement -

ശ്വാസകോശ രോഗം(tuberculosis) ബാധിച്ച് അവനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ  ഡോക്ടർ പറഞ്ഞത് നിങ്ങൾ ഇവിടെ എത്താൻ അൽപ്പം വൈകിയിരുന്നെങ്കിൽ നിങ്ങൾ ഇപ്പോൾ ജീവനോടെ ഉണ്ടാവില്ല എന്നായിരുന്നു. അന്ന് അയാൾ ബ്രസീലുകാർ ഭാവി വാഗ്ദാനം ആയി വിലയിരുത്തിയ ഒരു യുവ താരം ആയിരുന്നു. ബ്രസീലിയൻ മാധ്യമങ്ങൾ അവനെ ലൂയി പെരേരയുടെയും അൽഡറിന്റയും റോക്കി ജൂനിയറിന്റെയും ലൂസിയോയുടെയുമൊക്കെ പിന്ഗാമി എന്ന് വിശേഷിപ്പിച്ചു. പക്ഷേ ഈ ശ്വാസകോശ രോഗം അവനെ മാനസ്സികമായി തളർത്തി.അങ്ങനെ മാധ്യമങ്ങളും ഫുട്ബോൾ വിദഗ്ധരും ഭാവി താരം എന്ന് വിശേഷിപ്പിച്ച ആ ബ്രസീലിയൻ ഡിഫൻഡർ തന്റെ ഇരുപത്തി ഒന്നാം വയസ്സിൽ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചു! പക്ഷേ അവന്റെ അമ്മ അവൻ തോറ്റ് പിന്മാറുന്നത് കാണാൻ തയ്യാറായിരുന്നില്ല.രോഗത്തോട് പട വെട്ടി ഫുട്ബോളിലേക്ക് തിരിച്ചു വരാൻ അവർ അവൻ പ്രചോദനം നൽകി. ഇന്ന് ലോകത്തെ മികച്ച ഡിഫൻഡർമാരുടെ ലിസ്റ്റ് എടുത്താൽ നിങ്ങൾക്ക് അവന്റെ പേരും കാണാം. പറഞ്ഞത് വന്നത്  ഇന്നത്തെ ബ്രസീലിന്റെ വല്യേട്ടൻ തിയാഗോ എമിലിയാനോ ഡ സിൽവ എന്ന  തിയാഗോ സിൽവയെ കുറിച്ചാണ്.

ബ്രസീലിലെ പ്രശസ്തമായ റിയോ ഡി ജനീറോയിൽ 1984 സെപ്റ്റംബർ 22ന് ആയിരുന്നു തിയാഗോ സിൽവ ജനിച്ചത്. സിൽവ തന്റെ പതിനാലാം വയസ്സിൽ ആണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. റിയോ ഡി ജനീറയ്ക്ക് അടുത്തുള്ള കാമ്പേ ഗ്രാൻഡെ എന്ന സ്ഥലത്തുള്ള സ്കൂളിൽ ആയിരുന്നു സിൽവ പഠിച്ചിരുന്നത്. ആ സ്കൂൾ ബ്രസീലിയൻ ഫുട്ബോൾ ക്ലബ്ബ് ഫ്ലുമിനൻസിന്റെ മേൽനോട്ടത്തിൽ ആയിരുന്നു.ഒരു ദിവസം സ്കൂൾ ടീമുകൾ തമ്മിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരം ഫ്ലുമിനൻസ് കോച്ച് മൗറീഞ്ഞ്യോ കാണാൻ ഇടയായി.അദ്ദേഹം സിൽവയുടെ പ്രകടനം കണ്ടു ആകൃഷ്ടനായി. മൗറീഞ്ഞ്യോ സിൽവയെ ഫ്ലുമിനൻസിന്റെ യൂത്ത് ക്ലബിന്റെ ട്രയൽസിൽ പങ്കെടുപ്പിച്ചു.അങ്ങനെ 1998ൽ സിൽവയെ ഫ്ലുമിനൻസിന്റെ യൂത്ത് ക്ലബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അവിടെ സിൽവയ്ക്ക് കളിക്കാനുള്ള അവസരങ്ങൾ കുറവായിരുന്നു.അതു കൊണ്ട് ഫ്ലുമിനൻസിൽ ചേർന്ന്  ഒരു  വർഷത്തിന് ശേഷം സിൽവ പുതിയ ക്ലബുകളിൽ അവസരം തേടി അലഞ്ഞു. മഡുറ്രെയ്റ, ഒലാറിയ, ഫ്ലമങ്ങോ, ബോട്ടഫാഗോ തുടങ്ങിയ ക്ലബുകളെല്ലാം സിൽവയ്ക്ക് അവസരം നിഷേധിച്ചു. പിന്നീട് 2000ൽ ബായ്സലോണ എന്ന ബ്രസീലിലെ ഒരു ചെറിയ ക്ലബിലേക്ക് സിൽവ ചേക്കേറി.

ആ വർഷം  സാവോപോളോയിൽ വെച്ച് നടന്ന ഒരു ടൂർണമെന്റിൽ ബായ്സലോണയ്ക് വേണ്ടി സിൽവ നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ ശ്രദ്ധയാകർഷിച്ചു. സിൽവയുടെ പ്രകടനം ബ്രസീലിയൻ ക്ലബ് ആയ RS Futebol Clubeന്റെ പരിശീലകൻ പൗളോ സെസാർ കാണാനിടയാവുകയും അദ്ദേഹം സിൽവയെ തന്റെ ക്ലബിലേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ സിൽവ RS Futebol ടീമിൽ സ്ഥിര സാന്നിദ്ധ്യം ആയി മാറി.ഡിഫൻസീവ് മിഡ്ഫീൽഡർ ആയി ആ സീസൺ സിൽവ ബ്രസീലിയൻ മൂന്നാം ഡിവിഷൻ ലീഗിൽ തകർത്തു കളിച്ചു. ആ വർഷം ഇറ്റലിയിൽ വെച്ച് നടന്ന ഒരു ടൂർണമെന്റിൽ സിൽവ പങ്കെടുക്കുകയും സിൽവയുടെ കളി അന്നത്തെ റോമയുടെ കോച്ച് ബ്രൂണോ കോണ്ടി കാണാൻ ഇടയാവുകയും ചെയ്തു.സിൽവയെ എന്ത് വില കൊടുത്തും റോമയിൽ കളിപ്പിക്കണം എന്ന് തീരുമാനിച്ച് അദ്ദേഹം സിൽവയെ സമീപിച്ചപ്പോൾ സിൽവ ആ ഓഫർ നിരസിച്ചു. കുടുംബ പരമായ പ്രശ്നങ്ങൾ ആയിരുന്നു കാരണം. പിന്നീട് സിൽവ juventude എന്ന മറ്റൊരു ബ്രസീലിയൻ ക്ലബിലേക്ക് കൂടുമാറി.

2004ൽ ആണ് 20 കാരനായ സിൽവ juventude ക്ലബിൽ എത്തുന്നത്. അവിടെ ഒരു സീസണിൽ മാത്രമാണ് കളിച്ചെതെങ്കിലും സിൽവയുടെ കരിയർ മാറി മറിഞ്ഞത് അവിടെ വെച്ചാണ്. juventude ക്ലബിന്റെ  പരിശീലകൻ Ivo wortmann ആണ് സിൽവയിലെ ഡിഫൻഡറെ തിരിച്ചറിഞ്ഞത്.അദ്ദേഹം സിൽവയെ ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിൽ നിന്ന് ഡിഫൻഡർ പൊസിഷനിലേക്ക് മാറ്റി കളിപ്പിച്ചു. അത് വരെ കണ്ട സിൽവയെ ആയിരുന്നില്ല ആ സീസണിൽ കണ്ടത്.ഡിഫൻഡർ ആയി പരിണമിച്ച സിൽവ ആ സീസണിൽ തരംഗമായി.സെന്റർ ബാക്ക് ആയി സിൽവ നിറഞ്ഞാടുകയായിരുന്നു. ബ്രസീലിലെ palcar എന്ന സ്പോർട്സ് മാഗസിൻ  സീസണിലെ മികച്ച മൂന്ന് ബ്രസീലിയൻ ഡിഫൻഡറെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്ന് സിൽവ ആയിരുന്നു. സിൽവയുടെ പിൻബലത്തിൽ juventude ക്ലബ് ആ സീസണിൽ ബ്രസീലിയൻ ലീഗിൽ വലിയ കുതിച്ചു ചാട്ടം തന്നെ നടത്തി.സിൽവ വരുന്നതിന് മുൻപുള്ള 2003 സീസണിൽ 53 പോയിന്റുമായി ലീഗിൽ പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം സിൽവയുടെ വരവോടെ 2004 സീസണിൽ ലീഗിൽ 70 പോയിന്റ് നേടി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു കയറി. juventude ക്ലബിൽ സിൽവയുടെ അവിസ്മരണീയ പ്രകടനം കണ്ട് പോർച്ചുഗീസ് ക്ലബ് പോർട്ടോ സിൽവയെ സമീപിച്ചു.അങ്ങനെ പോർട്ടോയ്ക്ക് വേണ്ടി പന്ത് തട്ടാൻ സിൽവ സമ്മതം മൂളി.

രണ്ടര മില്യൺ യൂറോയ്ക്ക് 2004ൽ ആണ് സിൽവ ആദ്യമായി യൂറോപ്യൻ ക്ലബിന് വേണ്ടി കളിക്കാൻ പോർച്ചുഗലിലേക്ക് വിമാനം കയറിയത്. ഒരുപാട് പ്രതീക്ഷകളോടെ പോർച്ചുഗലിൽ എത്തിയ സിൽവയ്ക്ക് പക്ഷേ പോർട്ടോ സമ്മാനിച്ചത് നിരാശയായിരുന്നു. പോർട്ടോയുടെ റിസർവ് ടീമിൽ മാത്രം ഒതുങ്ങി പോയി സിൽവ. പോർട്ടോയുടെ പ്രധാന ടീമിൽ ഇടം നേടാൻ കഴിയാത്തതിൽ സിൽവ അതീവ ദുഖിതനായിരുന്നു.ഒടുവിൽ 2005ൽ പോർട്ടോ വിടാൻ സിൽവ തീരുമാനിച്ചു. അങ്ങനെ ലോണിൽ റഷ്യൻ ക്ലബ് ആയ ഡൈനാമോ മോസ്കോയിലേക്ക് സിൽവ പോയി.അവിടെ വെച്ചാണ് സിൽവയ്ക്ക് ശ്വാസകോശ സംബന്ധമായ രോഗം(tuberculosis) ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്.അതോടെ സിൽവ മാനസികമായി തളർന്നു പോയി. ആറു മാസം സിൽവ ആശുപത്രിയിൽ കഴിച്ചു കൂട്ടി. ഇനി തനിക്ക് ഫുട്ബോളിലേക്ക് ഒരു തിരിച്ചു വരവുണ്ടാവില്ല എന്ന് സിൽവ സ്വയം തീരുമാനമെടുത്തു.പക്ഷേ സിൽവയുടെ അമ്മയ്ക്ക് അവരുടെ മകന്റെ കഴിവ് എത്രത്തോളം ഉണ്ട് എന്ന് നല്ല ബോധ്യമുണ്ടായിരുന്നു. അവർ സിൽവയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകി. അങ്ങനെ സിൽവ പതുക്കെ ഫുട്ബോളിലേക്ക് തിരിച്ചു വന്നു. സിൽവയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയത് സിൽവയുടെ ആദ്യത്തെ ക്ലബ് ഫ്ലുമിനൻസ് ആയിരുന്നു. സിൽവയിലെ ഡിഫൻഡറെ കണ്ടെത്തിയ പഴയ juventude കോച്ച്  Ivo wortmann ആയിരുന്നു അന്ന് ഫ്ലുമിനൻസിന്റെ കോച്ച്. സിൽവയുടെ കഴിവിനെ കുറിച്ച് വ്യക്തമായ ധാരണയുള്ള അദ്ദേഹം സിൽവയുടെ ആരോഗ്യ നില പരിഗണിക്കാതെ സിൽവയെ ടീമിൽ എടുക്കണം എന്ന് ഫ്ലുമിനൻസ് മാനേജ്മെന്റിനോട് പറഞ്ഞു. അങ്ങനെ 2006ൽ ഫ്ലുമിനൻസ് പോർട്ടോയിൽ നിന്നും സിൽവയെ വാങ്ങി.


2006 സീസൺ ഫ്ലുമിനൻസ് ക്ലബിന് ബ്രസീലിയൻ ലിഗിൽ അത്ര നല്ല കാലം ആയിരുന്നില്ല. ലീഗിൽ പതിനഞ്ചാം സ്ഥാനത്ത് ആണ് അവർ ഫിനിഷ് ചെയ്തത്.പക്ഷേ തിയാഗോ സിൽവ വീണ്ടും ഫുട്ബോളിലേക്ക്  തിരിച്ചുവരവറിയച്ച സീസൺ ആയിരുന്നു അത്. ആ സീസണിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ബ്രസീലിയൻ മാധ്യമങ്ങളും ഫുട്ബോൾ വിദഗ്ധരും സിൽവയുടെ പേരും ഉൾപ്പെടുത്തി.ആ സീസണിലാണ് സിൽവയ്ക്ക് The monster  എന്ന് അർഥം വരുന്ന “O Monstro” എന്ന പോർച്ചുഗീസ് വിളിപ്പേര് ലഭിച്ചത്.2006 ഒരു തുടക്കം മാത്രം ആയിരുന്നു. സിൽവയ്ക്കും ഫ്ലുമിനൻസ് ക്ലബിനും 2006 സീസണിനേക്കാൾ മികച്ച സീസൺ ആയിരുന്നു 2007. പതിനഞ്ചാം സ്ഥാനത്ത് ആയിരുന്ന ഫ്ലുമിനൻസ് ആ സീസണിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് മുന്നേറി. ആ സീസണിൽ 38 കളികളിൽ 39 ഗോളുകൾ മാത്രം ആണ്  ഫ്ലുമിനൻസ് വഴങ്ങിയത്.ഫ്ലുമിനൻസിന്റെത് ആ സീസണിലെ മികച്ച രണ്ടാമത്തെ ഡിഫൻസ് ആയിരുന്നു . ആ സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായി കോപ്പ ഡേ ബ്രസീലിയ കപ്പ് സ്വന്തമാക്കി  ഫ്ലുമിനൻസ് ചരിത്ര വിജയം സ്വന്തമാക്കി. ആ വിജയത്തിൽ സിൽവ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും സിൽവ നേടിയ ഗോളുകൾ ഫ്ലുമിനൻസിന്റെ വിജയത്തിൽ നിർണ്ണായകമായി.ആ സീസണിലെ സിൽവയുടെ തകർപ്പൻ പ്രകടനത്തിനുള്ള അർഹിച്ച അംഗീകാരം ആയിരുന്നു ബ്രസീൽ ദേശീയ ടീമിലേക്കുള്ള വിളി. 2007 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിൽ ദുംഖ സിൽവയെയും  ഉൾപ്പെടുത്തി. കോപ്പ ഡേ ബ്രസീലിയ നേടിയതോട് കൂടെ ബ്രസീലിലെ താരമായി മാറിയിരുന്നു സിൽവ. ആ സീസണിൽ മികച്ച ഡിഫൻഡർമാരുടെ അവാർഡിനായുള്ള അവസാന പട്ടികയിൽ  ബ്രെണോയ്ക്കും ഫാബിയോ ലൂസിയാനോയ്ക്കും ഒപ്പം സിൽവയും ഇടം നേടി.അവസാന ഘട്ട വോട്ടിങ്ങിൽ സിൽവ ബ്രെണോയ്ക്ക് പിറകിൽ രണ്ടാമനായി.2008 സീസൺ ഫ്ലുമിനൻസ് ക്ലബിന് അത്ര മികച്ചത് ആയിരുന്നില്ല.ലീഗ് ടേബിളിൽ അവർ പതിനാലാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. പക്ഷേ സിൽവയുടെ പ്രകടനത്തിന്  കോട്ടം ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ സീസണിനേക്കാളും ഇരട്ടി ആവേശത്തോടെ സിൽവ പോരാടി.ഫ്ലുമിനൻസ് ആരാധകർക്കിടയിൽ സിൽവ തരംഗമായി  മാറി.കളിക്കിടെ സിൽവ കയ്യിൽ അണിയുന്ന വെളുത്ത ആം ബാൻഡ് ബ്രസീലിലെ കൗമാരക്കാർ ഏറ്റുപിടിച്ചു.ആ സീസണിൽ സിൽവ ബ്രസീലിയൻ ലീഗിന്റെ ടീം ഓഫ് ദ സീസണിൽ (Brasileirão Team of the Season) ഇടം നേടി. ഫ്ലുമിനൻസ് ആ സീസണിൽ കോപ്പ ലിബർട്ടഡോറസ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു.ഫൈനലിൽ ഫ്ലുമിനൻസ് പൊനാൾട്ടി ഷൂട്ടൗട്ടിൽ തോറ്റെങ്കിലും സിൽവയുടെ പ്രകടനം സൗത്ത് അമേരിക്കയിൽ എങ്ങും വാർത്തയായി. സിൽവയുടെ മികച്ച പ്രകടനങ്ങൾ 2008 ഒളിമ്പിക്സിനുള്ള ബ്രസീൽ ടീമിൽ ഇടം നേടി കൊടുക്കാൻ കാരണം ആയി.ആ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ സിൽവ വലിയ വാർത്ത ആയി.ചെൽസിയെയും ഇന്റർ മിലാനെയും പോലെയുള്ള വമ്പൻ ക്ലബുകൾ സിൽവയ്ക്ക് വേണ്ടി വല വിരിച്ചു. എന്നാൽ സിൽവ തിരഞ്ഞെടുത്തത് എ സി മിലാൻ ആയിരുന്നു.

അഞ്ചു മാസം എ സി മിലാൻ സിൽവയുടെ പിറകിൽ തന്നെ ആയിരുന്നു.സിൽവയുടെ കഴിവ് മനസ്സിലാക്കി തന്നെ ആയിരുന്നു ഇറ്റാലിയൻ വമ്പന്മാരായ മിലാൻ സിൽവയ്ക്ക് വേണ്ടി കച്ചകെട്ടി ഇറങ്ങിയത്.ഒടുവിൽ 2008 ഡിസംബറിൽ 10 മില്യൺ യൂറോയ്ക്ക് നാലു വർഷത്തെ കരാറിൽ സിൽവ മിലാനിലെത്തി. മിലാനിൽ എത്തിയ ആദ്യത്തെ കുറച്ചു മാസങ്ങളിൽ സിൽവയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. എന്നിരുന്നാലും മിലാന്റെ ഫസ്റ്റ് ഇലവൻ ടീമിന്റെ കൂടെ ആയിരുന്നു സിൽവയുടെ പരിശീലനം.ഈ അവസരം സിൽവ ശരിക്കും ഉപയോഗിച്ചു. ഇറ്റാലിയൻ ഇതിഹാസം പൗളോ മാൾഡീനിയുടെ അടുത്ത് നിന്ന്  പ്രതിരോധത്തിലെ പുതിയ പാഠങ്ങൾ സിൽവ പഠിച്ചെടുത്തു. അന്നത്തെ മിലാൻ കോച്ച് കാർലോസ് അൻചോലോട്ടി യൂറോപ്യൻ ഫുട്ബോളിന് ഇണങ്ങും വിധം സിൽവയെ തിട്ടപ്പെടുത്തി. 2009 ജനുവരിയിൽ ജർമ്മൻ ക്ലബ് Hannovar96 എതിരെയുള്ള സൗഹൃദ മത്സരത്തിൽ ആണ് സിൽവ മിലാൻ വേണ്ടി ആദ്യമായി കളിച്ചത്. ആ മത്സരത്തിൽ തന്നെ സിൽവ ക്ലബ് പ്രസിഡന്റിന്റെ പ്രശംസ പിടിച്ച് പറ്റി.2009-10 സീസണിൽ ആണ് സിൽവ ഇറ്റാലിയൻ ലീഗിൽ ആദ്യമായി കളിക്കുന്നത്. ആദ്യ മത്സരങ്ങളിലെ  സിൽവയുടെ പ്രകടനത്തെ പ്രശംസിച്ച് മാൾഡീനിയും നെസ്റ്റയും സീഡോർഫും രംഗത്തെത്തി.ആ സീസണിൽ തന്നെ ലാസിയോയ്ക്കെതിരെ സിൽവ മിലാൻ വേണ്ടി തന്റെ ആദ്യ ഗോൾ കണ്ടെത്തി. യുവേഫ ചാംപ്യാൻസ് ലീഗിൽ റിയൽ മാഡ്രിഡിനെതിരെയും ഫ്രഞ്ച് ക്ലബ് മായ്സിലെയ്ക്കെതിരെയും സിൽവയുടെ പ്രകടനം അവിസ്മരണീയമായിരുന്നു. യൂറോപ്യൻ ഫുട്ബോളുമായി പെട്ടെന്ന് ഇണങ്ങിയ സിൽവ ഇറ്റാലിയിലും താരമാവുകയായിരുന്നു.സിൽവയുടെ സൈനിങ്ങ് ആണ് ആ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച സൈനിങ്ങ് എന്ന് ഇറ്റാലിയൻമാധ്യമങ്ങൾ അവകാശപ്പെട്ടു.സിൽവയെ വാങ്ങിയത്  മിലാന് നേട്ടമായി എന്ന്  അവർ പറഞ്ഞു.സിൽവയും നെസ്റ്റയും തമ്മിൽ കളത്തിനു അകത്തും പുറത്തും വളരെ നല്ല ബന്ധം വളർന്നു.എ സി മിലാന്റെ പ്രതിരോധത്തിൽ സിൽവ-നെസ്റ്റ കൂട്ട് കെട്ട് എതിരാളികളുടെ തലവേദന ആയി മാറി.ആ സീസണിന്റെ അവസാനം
പ്രശസ്ത ഇറ്റാലിയൻ ദിനപത്രം La Gazette dello Sport 2009-10 സീസണിലെ ഇറ്റാലിയൻ ലീഗിലെ മികച്ച മൂന്നാമത്തെ ഡിഫൻഡർ ആയി സിൽവയെ തിരഞ്ഞെടുത്തു.

2010-11 സീസൺ സിൽവ തുടങ്ങിയത്  ഇറ്റാലിയൻ ക്ലബ്  Leceയ്ക്കെതിരെയുള്ള ഗോളോട് കൂടിയാണ്.ആ സീസണിൽ നടന്ന മിലാൻ ഡെർബിയിൽ ഇന്റർ മിലാനെതിരെ സിൽവ മികച്ച പ്രകടനത്തോടെ കയ്യടി നേടി. ആ സീസണിൽ കുറച്ചു മത്സരങ്ങളിൽ ഡിഫൻസീവ് മിഡ്ഫീൽഡായും സിൽവ കളിച്ചു.2010-11 സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 26 തവണ മാത്രമാണ് സിൽവ എതിരാളികളെ ഫൗൾ ചെയ്തത്. ഒരു തവണ മാത്രമാണ് മഞ്ഞ കാർഡ് ലഭിച്ചത്. എതിരാളികളെ അധികം ഫൗൾ ചെയ്യാതെ പന്ത് തട്ടിയെടുക്കുന്ന സിൽവയുടെ ശൈലി യൂറോപ്പിൽ കൂടുതൽ ആരാധകരെ സൃഷ്ടിച്ചു.ആ സീസണിൽ ഒട്ടനവധി അവാർഡുകളും സിൽവയെ തേടിയെത്തി. മിലാൻ പ്ലയർ ഓഫ് ദി സീസൺ,La Gazette dello Sport പ്ലയർ ഓഫ് ദി സീസൺ,Goal.com സീരി എ പ്ലയർ ഓഫ് ദി സീസൺ,ബെസ്റ്റ് ഡിഫൻഡർ ഇൻ സിരി എ തുടങ്ങിയ അവാർഡുകൾ സിൽവ കരസ്ഥമാക്കി. അതോടെ മിലാൻ സിൽവയുമായുള്ള കരാർ 2016 വരെ നീട്ടി. 2011-12 സീസണിലും സിൽവ തന്റെ ഫോം തുടർന്നു. 2011 യുവേഫ ചാംപ്യാൻസ് ലീഗ് ടീം ഓഫ് ദി ഇയറിലേക്ക് സിൽവയും ഇടം നേടി. എ സി മിലാന് ഒഴിച്ച് കൂടാനാവത്ത കളിക്കാരനായി സിൽവ മാറി. ആ സീസണിൽ സിൽവയ്ക്ക് പരിക്ക് പറ്റിയത് കാരണമാണ് മിലാന് സിരി എ കപ്പ് നഷ്ടമായത് എന്ന് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ആ സീസണിലും ഒരുപാട് മാധ്യമ അവാർഡുകൾ സിൽവ നേടി. ഒപ്പം സിരി എ ബെസ്റ്റ് ഡിഫൻഡർ അവാർഡ് യുവന്റസിന്റെ ബാർസാഗ്ലിയുമായി സിൽവ പങ്കിട്ടു.

മിലാനിൽ എത്തി തുടർച്ചയായി മൂന്നു സീസണിലും സിൽവയുടെ സ്ഥിരതയാർന്ന പ്രകടനം യൂറോപ്പിലെ മറ്റു ക്ലബുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു.2012ൽ പാരീസ് സൈന്റ് ജർമ്മൻ  സിൽവയ്ക്കായി രംഗത്തെത്തി.അന്നത്തെ പി സ് ജിയുടെ സ്പോർട്ടിംഗ് ഡയറക്ടർ മിലാന്റെ പഴയ കോച്ച് ലിയനാർഡോ ആയിരുന്നു. അദ്ദേഹം സിൽവയെ എന്ത് വില കൊടുത്തും പി സ് ജിയിൽ എത്തിക്കും എന്ന് പ്രഖ്യാപിച്ചു.എന്നാൽ മിലാനിൽ താൻ സന്തോഷവാൻ ആണ് എന്നും മിലാൻ വിടുന്നത് ആലോചിച്ചിട്ട് പോലും ഇല്ലെന്നും സിൽവ പറഞ്ഞു. മിലാൻ അധികൃതരും സിൽവയെ വിൽക്കുന്നില്ല എന്ന് ആദ്യം പറഞ്ഞു.എന്നാൽ പിന്നീട് 46 മില്യൺ യൂറോ കിട്ടിയാൽ സിൽവയെ വിൽക്കുമെന്ന് പറഞ്ഞ് അവർ രംഗത്തെത്തി. അന്ന് ഒരു ഡിഫൻഡറുടെ ഏറ്റവും വലിയ പ്രൈസ് ടാഗ് ആയിരുന്നു അത്.എന്നാൽ സിൽവയുടെ കരാർ 2017 വരെ പുതുക്കി മിലാൻ വീണ്ടും സിൽവയെ വിൽക്കുന്നില്ല എന്ന് പറഞ്ഞു. അത് കഴിഞ്ഞ് 12 ദിവസത്തിന് ശേഷം സിൽവയെ പി സ് ജി വാങ്ങി എന്ന വാർത്തയാണ് വന്നത്.അങ്ങനെ നാടകീയമായ നീക്കങ്ങൾക്ക് ഒടുവിൽ 42 മില്യൺ യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് പി സ് ജി സിൽവയെ ടീമിൽ എത്തിച്ചത്. അന്ന് ഒരു ഡിഫൻഡർക്ക് കിട്ടുന്ന ഏറ്റവും വല്യ തുകയായിരുന്നു അത്.പഴയ മിലാൻ കോച്ച് കാർലോസ് അൻചേലോട്ടി ആയിരുന്നു അന്ന് പി സ് ജിയുടെ കോച്ച്.സിൽവയെ ടീമിൽ എത്തിക്കാൻ അൻചേലോട്ടിയാണ് നിർദേശം നൽകിയത്. ഇറ്റാലിയൻ ഇതിഹാസം പൗളോ മാൾഡീനി ആണ് പി സ് ജിയിലേക്ക് പോവാൻ സിൽവയെ ഉപദേശിച്ചത് എന്ന്  വാർത്തകൾ വാർത്തകൾ വന്നെങ്കിലും മാൾഡീനി അത്  നിഷേധിച്ചു രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന ലേബലോടെ ആണ് സിൽവ പി സ് ജിയിൽ എത്തിയത്. പരിക്ക് ഉള്ളതിനാൽ പി സ് ജിയിൽ അരങ്ങേറ്റത്തിനായി സിൽവയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ചാംപ്യാൻസ് ലീഗിൽ ഡൈനാമോ കീവിനെതിരെ ഗോളടിച്ച് കൊണ്ട് സിൽവ അരങ്ങേറ്റം ഗംഭീരമാക്കി.തുടർച്ചയായി രണ്ടാം തവണയും സിൽവയെ യുവേഫ ടീം ഓഫ് ദ ഇയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2012-13 സീസണിൽ 2 മാസത്തോളം സിൽവയെ പരിക്ക് വേട്ടയാടിയെങ്കിലും ചാംപ്യാൻസ് ലീഗിൽ വലെൻസിയക്കെതിരെയും ബായ്സലോണയ്ക്കെതിരെയും സിൽവ കാഴ്ചവെച്ച പ്രകടനം ലോകത്തിലെ ബെസ്റ്റ് ഡിഫൻഡർ പട്ടം സിൽവയ്ക്ക് മാധ്യമങ്ങളും ഫുട്ബോൾ വിദഗ്ധരും ചാർത്തി കൊടുക്കാൻ കാരണം ആയി. ആ സീസണിൽ വെറും 14 തവണ മാത്രമാണ് സിൽവ എതിരാളികളെ ഫൗൾ ചെയ്തത്.2012-13 ഫ്രഞ്ച് ലീഗ് ടീം ഓഫ് ദി സീസണിൽ സിൽവ ഇടം നേടി.ലീഗ് വൺ പ്ലയർ ഓഫ് ദി ഇയർ അവാർഡിനും സിൽവ നോമിനേറ്റ് ചെയ്യപ്പെട്ടു.കളിച്ച ആദ്യ സീസണിൽ തന്നെ ഫ്രഞ്ച് ലീഗിലെ ബെസ്റ്റ് ഡിഫൻഡർ ആയി ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ സിൽവയെ തിരഞ്ഞെടുത്തു.


2013-14 സീസൺ തുടങ്ങിയത് പി സ് ജി ഫ്രൻസ് സൂപ്പർ കപ്പ് നേടി കൊണ്ടാണ്.സൂപ്പർ കപ്പ് ഫൈനലിൽ സിൽവ മികച്ച പ്രകടനം കാഴ്ചവെച്ച് പി സ് ജിയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു.പി സ് ജി 2018 വരെ സിൽവയുമായുള്ള കരാർ പുതുക്കി.2013ൽ തുടർച്ചയായ മൂന്നാം തവണയും  സിൽവയെ യുവേഫ ടീം ഓഫ് ദി ഇയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമായിരുന്നു സിൽവ.ആ വർഷം തന്നെ സിൽവ ആദ്യമായി ഫിഫ പ്രോ ടീം ഓഫ് ദി ഇയറിലും അംഗമായി. സിൽവയെ പുകയ്ത്തി കൊണ്ട് റിയോ ഫെർഡിനാന്റും ബ്രസീലിന്റെ റൊണാൾഡോയും രംഗത്തെത്തി.റൊണാൾഡോ സിൽവയെ ഫ്രാൻസ് ബെക്കൻബവറിനോടാണ് ഉപമിച്ചത്.സിൽവ യൂറോപ്പിൽ എത്തി മൂന്നു സീസണിന് ശേഷം ആണ് ഒരു പൊനാൾട്ടി വയങ്ങുന്നത് എന്നത് തന്നെ സിൽവയുടെ ഡിഫൻസിലെ മികവ് വിളിച്ചോതുന്നു.ആ സീസണിൽ സിൽവയായിരുന്നു പി സ് ജിയുടെ ക്യാപ്റ്റൻ.ആ സീസണിൽ തുടർച്ചയായി രണ്ടാം തവണയും സിൽവ ലീഗ് വൺ ടീം ദി ഇയറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ആ സീസണിലെ ഫ്രഞ്ച് ലീഗിലെ ബെസ്റ്റ് ഡിഫൻഡർ ആയും മികച്ച അഞ്ചാമത്തെ താരമായും ഫ്രാൻസ് ഫുട്ബോൾ അസോസിയേഷൻ സിൽവയെ തിരഞ്ഞെടുത്തു.

2014-15 സീസൺ തുടങ്ങിയപ്പോൾ സിൽവയുടെ പ്രകടനം നിറം മങ്ങിയതായിരുന്ന്. 2014 ലോകകപ്പിൽ ജർമ്മനിയോടേറ്റ തോൽവിയിൽ നിന്നും താൻ മുക്താനായിട്ടില്ലെന്ന് സിൽവ തുറന്നു പറഞ്ഞു.പിന്നീട് പരിക്കേറ്റ സിൽവ 2 മാസത്തിലേറെ കളത്തിനു പുറത്തായിരുന്നു. പിന്നീട് തിരിച്ചു വന്ന സിൽവ ഡേവിഡ് ലൂയീസിന്റെ കൂടെ പി സ് ജി പ്രതിരോധനിരയിൽ പുതിയ കൂട്ട് കെട്ട് ഉണ്ടാക്കി.തുടർച്ചയായി രണ്ടാം തവണയും ഫിഫ പ്രോ വേൾഡ് ഇലവൻ 2015 ൽ സിൽവ തിരഞ്ഞെടുക്കപ്പെട്ടു. സീസണിന്റെ തുടക്കത്തിൽ മോശം പ്രകടനം കൊണ്ടും സ്ഥരിത ഇല്ലായ്മയുടെ പേരിലും വിമർശനം ഏറ്റു വാങ്ങിയ സിൽവ സീസൺ അവസാനിപ്പിച്ചത് അത്യുജ്ജലൻ പ്രകടനത്തോടെ ആണ്.സീസൺ അവസാനത്തിൽ തുടർച്ചയായി 630 മിനുട്ട് എതിരാളികാളെ ഫൗൾ ചെയ്യാതെ  കളിച്ച സിൽവ ഏവരെയും അത്ഭുതപ്പെടുത്തി.തുടർച്ചയായി മൂന്നാം തവണയും സിൽവ ലീഗ് വൺ ടീം ഓഫ് ദി ഇയറിൽ ഇടം നേടി. 2015-16 സീസണിലും സിൽവ മോശമാക്കിയില്ല. ആ സീസണിലും യുവേഫ ടീം ഓഫ് ദി ഇയറിലേക്ക് സിൽവയെ തിരഞ്ഞെടുത്തു.ആ സീസണിലും സിൽവ മികച്ചു നിന്നു. എതിരാളികളെ അധികം ഫൗൾ ചെയ്യാതെ സിൽവ പ്രതിരോധത്തിൽ മതിൽ കെട്ടി.2016-17 സീസണിൽ പി സ് ജിയ്ക്ക് ലീഗ് വൺ കിരീടം നഷ്ടമായെങ്കിലും സിൽവ സ്ഥിരത കൈവിട്ടില്ല.പോയ വർഷങ്ങളെ അപേക്ഷിച്ച് പ്രകടനത്തിൽ അൽപ്പം മങ്ങലേറ്റെങ്കിലും എതിർ ടീമിന്റെ മുന്നേറ്റനിരയ്ക്ക് ഭീഷണി ഉയർത്താൻ സിൽവയ്ക്ക് സാധിച്ചു. പി സ് ജിയുടെ പ്രകടനം എങ്ങനെ ആയാലും സിൽവയെ അത് ബാധിച്ചിരുന്നില്ല.ടീം മോശം ഫോമിൽ കളിക്കുമ്പോൾ പോലും സിൽവ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ടീമിന് ഊർജ്ജം പകർന്നു.

2007 കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീൽ ടീമിൽ സിൽവ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. പിന്നീട് അൾജീരിയ്ക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ട സിൽവയ്ക്ക് പക്ഷേ സൈഡ് ബെഞ്ചിൽ ഇരിക്കാനായിരുന്നു വിധി. 2008 ൽ ഒളിമ്പിക്സിനുള്ള ടീമിലേക്കും സിൽവയ്ക്ക് വിളി വന്നു.സന്നാഹ മത്സരത്തിൽ പരിക്കേറ്റ സിൽവ പിന്നീട്  ബ്രസീലിന്റെ മൂന്നാമത്തെ ഗ്രൂപ്പ് മത്സരത്തിൽ ചൈനക്കെതിരെ അരങ്ങേറി.അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും ബ്രസീലിന്റെ മറ്റു മത്സരങ്ങളിൽ ദുംഖ സിൽവയ്ക്ക്  അവസരം നൽകിയില്ല. ആ ഒളിമ്പിക്സിൽ ബ്രസീൽ വെങ്കലം നേടി.പിന്നീട് നടന്ന പല സൗഹൃദ മത്സരങ്ങളിലും സിൽവ ദേശീയ ടീമിന്റെ ഭാഗമായി.അതിൽ പോർച്ചുഗിലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനേ റൊണാൾഡോയെ തളച്ചിട്ട് സിൽവ പ്രശംസ നേടി.എ സി മിലാൻ വേണ്ടിയുള്ള സിൽവയുടെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ 2010 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തി. ആ ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായ ബ്രസീലിന് വേണ്ടി സിൽവയ്ക്ക് ഒരു കളിയിൽ പോലും കളിക്കാൻ സാധിച്ചില്ല. പിന്നീട് സിൽവ ടീമിന്റെ അവിഭ്യാജഘടകമായി മാറി.2010 ലോകകപ്പ് തോൽവിക്ക് ശേഷം ടീമിന്റെ ചുമതല ഏറ്റെടുത്ത മാനോ മെനസ് സിൽവയെ  ക്യാപ്റ്റൻ ആയി പ്രഖ്യാപിച്ചു.

2011 കോപ്പ അമേരിക്ക ടൂർണമെന്റിൽ സിൽവയാണ് ബ്രസീലിനെ നയിച്ചത്. ആ ടൂർണമെന്റ് സിൽവയും ബ്രസീലും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്.കാരണം അന്ന് പരാഗ്വക്കെതിരെ ബ്രസീൽ ഷൂട്ടൗട്ടിൽ തോറ്റ് പുറത്തായപ്പോൾ പെനാൾട്ടി പാഴക്കിയവരുടെ ലിസ്റ്റിൽ സിൽവയുടെ പേരും ഉണ്ടായിരുന്നു. പിന്നീട് അമേരിക്കയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ സിൽവ ബ്രസീലിനായി തന്റെ ആദ്യ ഗോൾ നേടി.2012 ഒളിമ്പിക്സിലും സിൽവ തന്നെ ആയിരുന്നു ബ്രസീൽ ക്യാപ്റ്റൻ. പക്ഷേ ഫൈനലിൽ മെക്സിക്കോയോട് തോൽക്കാനായിരുന്നു ബ്രസീലിന്റെ വിധി.ബ്രസീലിന് വേണ്ടി ഒരു കിരീടം നേടാൻ സിൽവയ്ക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു.

2013ൽ ബ്രസീലിൽ വെച്ച് നടന്ന കോൺഫെഡറേഷൻ കപ്പിൽ സിൽവ തന്റെ സ്വപ്നം യാഥാർഥ്യമാക്കി. ബ്രസീൽ കിരീടം നേടിയപ്പോൾ സിൽവ ടീമിന്റെ പ്രതിരോധത്തിൽ ഇളകാത്ത മതിൽ തീർത്ത് ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ആ ടൂർണമെന്റിലെ മികച്ച അഞ്ചാമത്തെ താരമായിരുന്നു സിൽവ.ബ്രസീലിന് വേണ്ടി   സിൽവയുടെ ഏറ്റവും മികച്ച പ്രകടനം ഒരു പക്ഷേ കോൺഫെഡറേഷൻ കപ്പിലേതായിരിക്കാം. ഫിഫയുടെ കോൺഫെഡറേഷൻ കപ്പ് ഡ്രീം ടീമിലേക്കും സിൽവയെ തിരഞ്ഞെടുത്തു.ബ്രസീലിന് വേണ്ടി സിൽവ ആദ്യമായി കളിക്കുന്ന ലോകകപ്പ് ആയിരുന്നു 2014ൽ ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പ്. കോൺഫെഡറേഷൻ കപ്പിലെ ഉജ്ജ്വല ഫോം സിൽവ ലോകകപ്പിലും തുടർന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ ഫിഫയുടെ ആ ലോകകപ്പിലെ മികച്ച  ഡിഫൻഡർമാരുടെ പട്ടികയിൽ മൂന്നാമതും മികച്ച കളിക്കാരുടെ പട്ടികയിൽ ഒൻപതാം സ്ഥാനവും സിൽവയ്ക്കായിരുന്നു. പ്രീ ക്വാർട്ടറിൽ ചിലിക്കെതിരെയുള്ള മത്സരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീളുകയും ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിക്കുകയും ചെയ്തു. പക്ഷേ ഷൂട്ടൗട്ട് നടക്കുന്ന സമയത്ത് കണ്ണീരോടെ ആണ് സിൽവയെ ഗ്രൗണ്ടിൽ കണ്ടത്.ടീമിനെ ഈർജജം പകരേണ്ട ക്യാപ്റ്റൻ കരയുന്നത് കണ്ട് വിമർശകർ സിൽവയെ കടന്നാക്രമിച്ചു. ടീമിന് പറ്റിയ ക്യാപ്റ്റൻ അല്ല സിൽവ എന്ന് പരക്കെ വിമർശനം ഉയർന്നു.പക്ഷേ അപ്പോഴും ആ ലോകകപ്പിലെ മികച്ച ഡിഫൻഡർമാരുടെ പട്ടികയിൽ മുൻപന്തിയിൽ സിൽവയുണ്ടായിരുന്നു. കൊളംബിയക്കെതിരേയുള്ള ക്വാർട്ടർ ഫൈനലിൽ ഗോൾ നേടിയാണ് സിൽവ വിമർശകർക്ക് മറുപടി നൽകിയത്.ആ മത്സരത്തിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച സിൽവയ്ക്ക് പക്ഷേ നിർഭാഗ്യം മഞ്ഞകാർഡിന്റ രൂപത്തിൽ ആയിരുന്നു വന്നത്. കൊളംബിയയുടെ ഗോൾ കീപ്പർ ഓസ്പിനിയയെ തടസ്സപ്പെടുത്തിയതിനായിരുന്നു സിൽവയ്ക്ക് ആ ടൂർണമെന്റിലെ രണ്ടാം മഞ്ഞകാർഡ് ലഭിച്ചത്.അത് കാരണം സെമി ഫൈനലിൽ സിൽവയ്ക്ക്  കളിക്കാനാവില്ല. ബ്രസീൽ ആ വിധിക്കെതിരെ അപ്പീൽ പോയെങ്കിലും ഫിഫ ശിക്ഷയിൽ ഇളവ് അനുവധിച്ചില്ല.ആ ക്വാർട്ടർ ഫൈനലിൽ തന്നെ പരിക്കേറ്റ് പുറത്തു പോവേണ്ടി വന്ന നെയ്മെറിന് പിറകെ സിൽവയ്ക്ക് കിട്ടിയ സസ്പെൻഷൻ ബ്രസീലിന് കൂനിൻമേൽ കുരുവായി. ജർമ്മനിക്കെതിരെയുള്ള സെമി ഫൈനൽ മത്സരം ദുരന്തത്തിൽ കലാശിച്ചു. 7-1 എന്ന സ്കോറിന് തോൽവി ഏറ്റുവാങ്ങിയ ബ്രസീൽ ടീമിൽ സിൽവയുടെ അഭാവം നിഴലിച്ചു എന്നു മൗറീഞ്ഞ്യോ അടക്കമുള്ള വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒരു പക്ഷേ നെയ്മറുടെ അഭാവത്തേക്കാൾ ബ്രസീലിന് അനുഭവപ്പെട്ടത് സിൽവയുടെ അഭാവമായിരിക്കാം.കാരണം ക്വാർട്ടർ ഫൈനൽ അവസാനിച്ചപ്പോൾ ആ ലോകകപ്പിലെ മികച്ച ഡിഫൻഡർമാരുടെ പട്ടികയിൽ രണ്ടാമതായിരുന്നു സിൽവ. പിന്നീട് സിൽവ ഹോളണ്ടിനെതിരായ ലൂസേയ്സ് ഫൈനലിൽ മടങ്ങിയെത്തിയെങ്കിലും സെമിയിൽ ഏറ്റ കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്ന് ബ്രസീൽ ടീം മുക്തരായിരുന്നില്ല. ആ കളിയിലും തോറ്റ ബ്രസീൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ആ ലോകകപ്പിലെ മികച്ച മൂന്നാമത്തെ ഡിഫൻഡർ ആയി സിൽവയെ തിരഞ്ഞെടുത്തു.ഒപ്പം ലോകകപ്പ് ഡ്രീം ടീമിലും സിൽവ അംഗമായി. ആ ലോകകപ്പ് തോൽവിയിൽ മനംനൊന്ത് സിൽവ ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു.പിന്നീട് 2015 കോപ്പ അമേരിക്കയിൽ നെയ്മെർ നയിച്ച ബ്രസീൽ ടീമിൽ ടീമിൽ സിൽവയും അംഗമായിരുന്നു.പക്ഷേ അത് വരെ കണ്ട സിൽവയെ ആയിരുന്നില്ല ആ ടൂർണമെന്റിൽ കണ്ടത്.പഴയ സിൽവയുടെ നിഴൽ മാത്രമായിരുന്നു ആ കോപ്പ അമേരിക്കയിൽ കണ്ടത്.

 


പ്രതിരോധത്തിൽ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ലോകത്തെ തന്നിലേക്ക് ആകർഷിപ്പിച്ച കളിക്കാരൻ ആണ് സിൽവ. ഏത് പ്രതിരോധ നിരയേയും മുന്നിൽ നിന്ന് നയിക്കാൻ സിൽവയ്ക്ക് അറിയാമായിരുന്നു. സിൽവ തന്റെ ടീമിനെ പിന്നിൽ നിന്ന് നയിച്ച നായകൻ ആയിരുന്നു എന്ന് എവിടെയോ വായിച്ചത് എത്ര ശരിയാണ്. ടീം ഒന്നടങ്കം തളരുമ്പോയും പ്രതിരോധത്തിൽ തളരാതെ പോരാടി ടീമിനെ മുന്നോട്ട് നയിച്ച  പോരാളിയാണ് സിൽവ. ബ്രസീലിനെയും പി സ് ജിയെയും തന്റെതായ രീതിയിൽ മുന്നോട്ട് നയിച്ച ക്യാപ്റ്റൻ ആയിരുന്നു സിൽവ. പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്ന ഒരു വ്യക്തിക്ക് ഒരു നല്ല ക്യാപ്റ്റൻ ആവാൻ കഴിയില്ല.വികാരത്തിന് അടിമപ്പെടുന്ന വ്യക്തിത്വം ആയിരുന്നു സിൽവയുടേത് പക്ഷേ അദ്ദേഹത്തെ ഒരു മികച്ച ക്യാപ്റ്റൻ ആയി ഫുട്ബോൾ ലോകം വിലയിരുത്തുന്നു. അതിന് കാരണം സ്വന്തം പ്രകടനം കൊണ്ട് ടീമിലെ സഹതാരങ്ങൾക്ക് ഊർജ്ജം പകർന്ന ക്യാപ്റ്റൻ ആയിരുന്നു സിൽവ എന്നതാണ്.ടീം മോശം പ്രകടനം നടത്തുമ്പോൾ പോലും സിൽവ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു.ഇറ്റാലിയൻ ഇതിഹാസം ഫ്രാങ്ക് ബരേസിയുമായാണ് സിൽവയെ ഫുട്ബോൾ വിദഗ്ധർ താരതമ്യം ചെയ്യുന്നത്. ജന്മസിദ്ധമായി ലഭിച്ച വേഗതയും ഉയർന്നു വരുന്ന പന്തുകൾ പിടിച്ചെടുക്കാനുള്ള കഴിവും(aerial ability) ആണ് സിൽവയെ ശക്തനാക്കുന്നത്. ഒപ്പം എതിരാളികളെ ഫൗൾ ചെയ്യാതെ പന്ത് തട്ടിയെടുക്കാനുള്ള മികവും കൃത്യമായി പൊസിഷൻ കവർ ചെയ്യാനുള്ള മിടുക്കും സിൽവയെ മറ്റു ഡിഫൻഡർമാരിൽ നിന്ന് വേറിട്ട് നിർത്തുന്നു.ഇന്ന് ലോകത്തുള്ള മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് സിൽവ. ലൂസിയോയ്ക്ക് ശേഷം ബ്രസീൽ പ്രതിരോധത്തിൽ കണ്ട ഇതിഹാസം തന്നെ ആണ് സിൽവ.450ൽ ഏറെ മത്സരങ്ങൾ ക്ലബിനായും രാജ്യത്തിനായും കളിച്ച സിൽവയ്ക്ക് ആകെ ലഭിച്ചത് ഒരു റെഡ്കാർഡ് മാത്രമാണ്. എതിരാളികളെ വളരെ വിരളമായാണ് സിൽവ ഫൗൾ ചെയ്യാറ്.അനാവശ്യമായി എതിരാളികളെ ഫൗൾ ചെയ്തു ടീമിനെ സമ്മർദ്ദത്തിൽ ആക്കാതെ കൃത്യമായ ടാക്ലിങ്ങിലുടെ പന്ത് റാഞ്ചിയെടുക്കാൻ മിടുക്കൻ ആയിരുന്നു സിൽവ. പി സ് ജിയ്ക്ക് വേണ്ടി ഫ്രഞ്ച് ലീഗ് നാലു തവണയും എ സി മിലാൻ വേണ്ടി ഒരു തവണ സിരി എ കിരീടവും സിൽവ നേടി.ബ്രസീൽ ജയ്സിയിൽ കോൺഫെഡറേഷൻ കപ്പ് സ്വന്തമാക്കിയതിന് പുറമെ ഒളിമ്പിക്സിൽ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. ഇതുവരെയുള്ള ഫുട്ബോൾ കരിയറിൽ വിവിധ ടീമുകൾക്ക് ആയി 20  കിരീടങ്ങൾ നേടാൻ സിൽവയ്ക്കായി.

2018 ലോകകപ്പിലും ബ്രസീലിന്റെ പ്രതിരോധനിരയേ നയിക്കാൻ സിൽവയും ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിക്കാം.സിൽവയുടെ കരിയറിൽ ഇനി നേടാൻ ബാക്കി ഉള്ളതും ആ വിശ്വ കിരീടം ആണ്. പ്രതിരോധ നിരയിൽ സിൽവയുടെ സാന്നിദ്ധ്യം ഓരോ ബ്രസീൽ ആരാധകനും കൂടുതൽ ധൈര്യം പകരുന്നു. 2018 ൽ റഷ്യയിൽ ബ്രസീലിനെ പിന്നിൽ നിന്ന് നയിക്കാൻ നമ്മുടെ വല്യേട്ടൻ കൂടി ഉണ്ടെങ്കിൽ നമുക്ക് കിരീട പ്രതീക്ഷ വർധിക്കും. ബ്രസീലിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് പോലെ സിൽവ പ്രതിരോധത്തിലെ മോൺസ്റ്റർ തന്നെ ആണ്. എതിരാളികാളെ വേദനിപ്പിക്കാതെ അവരുടെ ആക്രമണത്തിന്റെ മുനയൊടിക്കുന്ന നിഷ്കളങ്കനായ മോൺസ്റ്റർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement