Fanzone | മഗ്രാത്ത് : ലോകക്രിക്കറ്റിന്റെ മേൽക്കൂരയില്‍ എക്കാലവും സ്ഥാനമുള്ള പ്രാവ്

2003ലെ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ആദ്യം ബാറ്റ് ചെയ്ത ഒാസ്ട്രേലിയ 359 റൺസ് വാരിക്കൂട്ടിയപ്പോൾ തന്നെ ഇന്ത്യയുടെ തോൽവി ഉറപ്പായിക്കഴിഞ്ഞിരുന്നു. എങ്കിലും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ പ്രതീക്ഷയുടെ ഒരു ചെറുവെട്ടം അവശേഷിച്ചിരുന്നു-ഉജ്ജ്വല ഫോമിലുള്ള സച്ചിൻ തെൻഡുൽക്കർ നമ്മളെ ജയിപ്പിക്കും. അന്ന്­ സച്ചിന് മല്ലിടാനുണ്ടായിരുന്ന­ത് തന്റെ എക്കാലത്തെയും വലിയ എതിരാളിയോടായിരുന്നു-­ഗ്ലെൻ ഡോണൾഡ് മഗ്രാത്ത് !!

മഗ്രാത്തിന്റെ ഒരു പന്തിനെ സച്ചിൻ മിഡ് വിക്കറ്റ് ബൗണ്ടറിയിലേക്ക് പുൾചെയ്തതു കണ്ടപ്പോൾ ഗാലറിയിലെ ഇന്ത്യക്കാർ ആർത്തുവിളിച്ചു. അടുത്ത പന്തിലും സമാനമായൊരു ഷോട്ടിനാണ് സച്ചിൻ ശ്രമിച്ചത്. വായുവിൽ ഉയർന്നുപൊങ്ങിയ വെള്ളപ്പന്ത് മഗ്രാത്തിന്റെ കരങ്ങളിൽ ഒതുങ്ങി. അത് ഒരു സാധാരണ ക്യാച്ച് ആയിരുന്നില്ല. ­20 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വന്തം ടീം ലോകകപ്പ് ഫൈനൽ കളിക്കുന്നത് കണ്ടുകൊണ്ടിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളെ തകർത്തുകളഞ്ഞ നിമിഷമായിരുന്നു അത്. 1999 ലോകകപ്പിലും ഇതുപോലെ സച്ചിനെ പുറത്താക്കാൻ മഗ്രാത്ത് ഉണ്ടായിരുന്നു. ഇങ്ങനെ­യൊക്കെ ആണെങ്കിലും ആ ആറടി അഞ്ചിഞ്ചുകാരനെ കണ്ണുംപൂട്ടി വെറുക്കാൻ നമുക്ക് ആർക്കെങ്കിലും കഴിഞ്ഞിരുന്നോ? ഇല്ല. അത്രയ്ക്കും മികച്ച ബൗളറായിരുന്നു അയാൾ.

 

ബ്രയാൻ ലാറയോട് ചോദിച്ചുനോക്കൂ. മഗ്രാ­ത്തിന്റെ മികവുകൾ എന്താണെന്ന് കരീബിയൻ മാന്ത്രികൻ വിശദീകരിച്ചുതരും. ലാറ­ മഗ്രാത്തിനെതിരെ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. പലതവണ­ അങ്കത്തട്ടിൽ അടിയറവ് പറഞ്ഞിട്ടുമുണ്ട്. എത്രയോ തവണയാണ് മഗ്രാത്തിന്റെ പന്തുകൾ ലാറയുടെ ബാറ്റിന്റെ ഒൗട്ട്സൈഡ് എഡ്ജ് കണ്ടെത്തിയത് ! അവയെ­ല്ലാം കീപ്പറെയും സ്ലിപ്പിനെയും ഗള്ളിയേയും ലക്ഷ്യമാക്കി പോയി.

താൻ കളിച്ച കാലഘട്ടത്തിലെ ഏറ്റവും മികച്ച രണ്ടു ബാറ്റ്സ്മാൻമാരെ നിരന്തരം പുറത്താക്കിയതു കൊണ്ടു­ തന്നെയാണ് ആ തലമുറയിലെ ക്രിക്കറ്റ് പ്രേമികളിൽ ബഹുഭൂരിപക്ഷവും ഏറ്റവും മികച്ച ബൗളറായി മഗ്രാത്തിനെ കണക്കാക്കുന്നത്. വേഗം­കൊണ്ട് ഭീതിവിതച്ച ബൗളറായിരുന്നില്ല മഗ്രാത്ത്. ലെെനിലും ലെങ്ത്തിലും അപാരമായ നിയന്ത്രണമായിരുന്നു. ­താൻ ആഗ്രഹിക്കുന്നിടത്ത് പന്ത് പിച്ച് ചെയ്യിക്കുന്നതിലും അതിനെ സ്വിംഗ് ചെയ്യിക്കുന്നതിലും അമ്പരപ്പിക്കുന്ന സ്ഥിരതയാണ് മഗ്രാത്ത് കരിയറിലുടനീളം പുലർത്തിയത്. കൂടാതെ ഉയരത്തിന്റെ ആനുകൂല്യത്തിൽ സൃഷ്ടിക്കുന്ന അധിക ബൗൺസും. അങ്ങനെയാണ്­ 944 അന്താരാഷ്ട്ര വിക്കറ്റുകളും കൊതിപ്പിക്കുന്ന ബൗളിംഗ് ശരാശരിയും മഗ്രാത്തിന്റെ പേരിലായത്.

ഒരിക്കൽ വി. വി. എസ് ലക്ഷ്മൺ മഗ്രാത്തിനെക്കുറിച്ച്­ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാം-

”മഗ്രാത്ത് ബൗൾചെയ്യുമ്പോൾ മണിക്കൂറിൽ 135 കിലോമീറ്റർ വേഗമാണ് അയാളുടെ പന്തുകൾക്കെന്ന് ടെലിവിഷനിൽ കളികാണുന്ന പ്രേക്ഷകൻ മനസ്സിലാക്കും. പക്ഷേ മൈതാനത്ത് മഗ്രാത്തിനെ നേരിടുന്ന ബാറ്റ്സ്മാന് അയാൾ അതിവേഗത്തിൽ ബൗൾചെയ്യുന്നതായേ തോന്നൂ ! 2004ലെ മുംബൈ ടെസ്റ്റ് ഞാൻ ഒാർമ്മിക്കുന്നു. ഫാസ്­റ്റ് ബൗളർമാർക്ക് ഒരുതരത്തിലുള്ള സഹായവും ലഭിക്കാത്ത ഒരു പിച്ചാണ് ആ മത്സരത്തിന് തയ്യാറാക്കിയത്. എന്നി­ട്ടും അന്ന് എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബൗളർ മഗ്രാത്തായിരുന്നു ! ”

ഇങ്ങനെയൊക്കെയുള്ള മഗ്രാത്ത് ആദ്യ 8 ടെസ്റ്റുകൾക്കു ശേഷം മോശം പ്രകടനത്തിന്റെ പേരിൽ ടീമിൽനിന്ന് തഴയപ്പെട്ടു എന്നത് ഇന്നൊരു നുണക്കഥയായി തോന്നാം. പക്ഷേ ടീമിൽ മടങ്ങിയെത്തിയതിനു ശേഷം അയാൾ തിരിഞ്ഞുനോക്കിയിട്ടി­ല്ല എന്നതാണ് ശരി. ഡെന്നിസ് ലില്ലിയെ മനസ്സിൽ ധ്യാനിച്ച് ബൗളിംഗിലേക്ക് തിരിഞ്ഞ പയ്യൻ പിന്നീട് തന്റെ മുൻഗാമിയെപ്പോലും വിസ്മയിപ്പിച്ചു . തന്നെ ഒരു ബാറ്റ്സ്മാൻ ബൗണ്ടറിയടിച്ചാൽ മഗ്രാത്ത് ഒരിക്കലും ബാറ്റ്സ്മാന് ക്രെഡിറ്റ് നൽകിയിരുന്നില്ല. തന്റെ­ പിഴവുകൊണ്ടാണ് ബാറ്റ്സ്മാൻ സ്കോർ ചെയ്തത് എന്നേ അയാൾ ചിന്തിച്ചിരുന്നുള്ളൂ­. ഈ മനോഭാവം തന്നെയായിരിക്കാം അയാളുടെ ഏറ്റവും വലിയ കരുത്തും. വാക്കുകൾ കൊണ്ട് കളിക്കാനും മഗ്രാത്ത് മടിച്ചിരുന്നില്ല.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രശസ്തമായ പോരാട്ടമാണ് ആഷസ്. നിത്യവൈരികളായ ഒാസീസും ഇംഗ്ലണ്ടും മാറ്റുരയ്ക്കുന്ന ഈ പരമ്പരയിലെ ഒാസ്ട്രേലിയയുടെ വിജയങ്ങളിൽ മഗ്രാത്തിന്റെ പങ്ക് വളരെ വലുതാണ്. ഇംഗ്ലണ്ടിന്റെ­ മൈക്ക് ആതർട്ടനെ 19 തവണയാണ് മഗ്രാത്ത് വീഴ്ത്തിയത് ! കളിയിൽനിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ആതർട്ടന്റെ ദുഃസ്വപ്നങ്ങളിൽ മഗ്രാത്ത് പ്രത്യക്ഷപ്പെടുന്നു­ണ്ടാവും. ആഷസ് പരമ്പരകൾ­ക്ക് മുൻപ് ഒാസീസിന്റെ വിജയമാർജിനെക്കുറിച്ചും­ താൻ ഒൗട്ടാക്കാൻ പോകുന്ന ബാറ്റ്സ്മാൻമാരെക്കുറിച്ചും മഗ്രാത്ത് പ്രവചനങ്ങൾ നടത്തുമായിരുന്നു. എതിരാളികൾക്ക് മേൽ മാനസികാധിപത്യം നേടാനുള്ള ഈ ശ്രമത്തിൽ പലപ്പോഴും അയാൾ വിജയിക്കുകയും ചെയ്തു.

 

2004ൽ മുപ്പതിലേറെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒാസീസ് ഇന്ത്യയിൽ ടെസ്റ്റ്പരമ്പര ജയിച്ചപ്പോൾ മഗ്രാത്തിന്റെ സംഭാവനകൾ തെളിഞ്ഞുനിന്നു. രണ്ടു­ വർഷങ്ങൾക്കു ശേഷം ഇതേ മണ്ണിൽ ഒാസീസിന് കിട്ടാക്കനിയായിരുന്ന­ ചാംപ്യൻസ് ട്രോഫി അരങ്ങേറി. വീണ്ടും തീപ്പന്തുകളുമായി മഗ്രാത്ത് കളംനിറഞ്ഞു. സെമിയിൽ ന്യൂസിലൻ്റിനെ തകർത്ത മഗ്രാത്തിനെ ഫൈനലിൽ ക്രിസ് ഗെയ്ൽ തുടക്കത്തിൽ ചെറുതായൊന്ന് പെരുമാറി. എന്നാൽ കളി തീരുമ്പോൾ മഗ്രാത്തിൻെറ പ്രകടനം നോക്കുക(7-3-24-2) !! വീഴ്ത്തിയവരിൽ ലാറയും ഉൾപ്പെടും. ഒാസീസ് കിരീടവും നേടി.

ബാറ്റ്സ്മാൻ,ഫീൽഡർ എന്നീ നിലകളിൽ മഗ്രാത്ത് മികച്ചവനായിരുന്നില്ല­. കരിയറിൽ ഒരേയൊരു അർദ്ധസെഞ്ച്വറി മാത്രമേ നേടിയിട്ടുള്ളുവെങ്കി­ലും താൻ പുറത്താക്കപ്പെടുമ്പോ­ൾ മഗ്രാത്ത് നല്ല അസന്തുഷ്ടി പ്രകടിപ്പിക്കുമായിരു­ന്നു. ഒരു ബൗളറെന്ന നിലയിൽത്തന്നെ ലോകത്തെ ഏതു ടീമിലേക്കും നടന്നുകയറാൻ അയാൾക്ക് സാധിക്കുമായിരുന്നു. മഗ്രാത്തും ഭാര്യ ജെയിനും കൂടി 2002ൽ മഗ്രാത്ത് ഫൗണ്ടേഷനും രൂപീകരിച്ചു. സ്തനാർബുദ ബാധിതരെ സഹായിക്കുന്ന ഒരു ജീവകാരുണ്യ സംഘടന.

ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ചെങ്കിലും 2007 ലോകകപ്പ് കളിക്കാനായിരുന്നു മഗ്രാത്തിന്റെ തീരുമാനം. ഭാര്യയുടെ കാൻസർ ബാധ മഗ്രാത്തിനെ വേദനിപ്പിച്ചിരുന്നു. ­കൂടാതെ പരിക്കിൽ നിന്നും മോചിതനായിട്ട് ഏറെക്കാലമായിട്ടുമില്ലായിരുന്നു. ലോകകപ്പ് ടീമിൽ മഗ്രാത്ത് ഒരു ഭാരമാവുമെന്ന തരത്തിലുള്ള സംസാരം പല കോണുകളിൽനിന്നും ഉയർന്നു. എല്ലാവരോടുമാ­യി മഗ്രാത്ത് വാശിയോടെ പ്രഖ്യാപിച്ചു-

”ലോകകപ്പിനു മുമ്പ് ഞാൻ വിരമിക്കുമെന്ന് ആരും കരുതണ്ട. ഇത് എന്റെ അവസാന ടൂർണ്ണമെന്റാണ്. എനിക്ക്­ എന്തു ചെയ്യാൻ കഴിയുമെന്ന് ഞാൻ കാണിച്ചുതരാം. ”

വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ 11 മാച്ചുകളിൽ 26 തലകളാണ് മഗ്രാത്ത് എറിഞ്ഞിട്ടത്. കൂടാതെ പ്ലെയർ ഒാഫ് ദ ടൂർണ്ണമെന്റ് അവാർഡും ഒാസീസിന് തുടർച്ചയായ മൂന്നാം ലോകകിരീടവും !! ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറായും മഗ്രാത്ത് മാറി !അന്തസ്സായി,തലഉയർത്തി­ത്തന്നെ മഗ്രാത്ത് കളിനിർത്തി. വിമർശിച്ചവർക്ക് ഒരു പഴുതു പോലും ശേഷിച്ചിരുന്നില്ല. മഗ്രാത്തിനെ അഭിനന്ദിക്കാനേ അവർക്കും സാധിച്ചുള്ളൂ. എെ. പി. എല്ലിന്റെ ആദ്യ സീസണിൽ ഡെൽഹി ഡെയർഡെവിൾസിനു വേണ്ടി മഗ്രാത്ത് കളിച്ചപ്പോഴും സംശയാലുക്കളായിരുന്നു അധികവും. ടി20 ചെറുപ്പക്കാരുടെ കളിയാണെന്നാണല്ലോ വയ്പ്പ്. പക്ഷേ മഗ്രാത്ത് മികച്ച രീതിയിൽ തന്നെ പന്തെറിഞ്ഞു.

 

മഗ്രാത്ത് ഒരു വിസ്മയമാണ്. ലോകത്തെമ്പാടുമുള്ള യുവ പേസർമാർ മഗ്രാത്തിനെ പോലെ ബൗൾ ചെയ്യാൻ മോഹിക്കുന്നു. ഒാസ്ട്രേലിയക്കാർ ജോഷ് ഹെയ്സൽവുഡിൽ ഒരു മഗ്രാത്തിനെ കാണാൻ ശ്രമിക്കുന്നു. ‘പ്രാവ് ‘ എന്നായിരുന്നു മഗ്രാത്തിന്റെ ഒാമനപ്പേര്. ലോകക്രിക്കറ്റിന്റെ മേൽക്കൂരയിൽ എക്കാലത്തും ആ പ്രാവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial