
ഇതിഹാസ നായകൻ കഫുവിന്റെ വിടവാങ്ങലിന് ശേഷം കാനറികളുടെ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് സ്ഥായിയായ പ്രകടനത്തോടെ ടീമിൽ നിലയുറപ്പിച്ച താരമായിരുന്നു മൈകോൺ. തന്റെ സമകാലികരായ ഡാനീ ആൽവസിനെയും സീസീന്യോയെയും മറികടന്നായിരുന്നു മൈകോൺ ദുംഗയുടെ ബ്രസീലിനു കീഴിൽ സ്ഥിര സാന്നിദ്ധ്യമായി വളർന്നത്. ദുംഗയുടെ ഇഷ്ട താരമായിരുന്നുവെന്നത് മൈകോണിന് അനുകൂല ഘടകമായിരുന്നു.
ക്രൂസെയ്റോ മൊണാകോ തുടങ്ങിയ ക്ലബുകളിലൂടെ ഉയർന്ന് വന്ന സ്പീഡി വിംഗ് ബാക്കിന്റെ കരിയറിൽ നിർണായകമായത് ഇന്റർമിലാനിലേക്കുള്ള കുടിയേറ്റമായിരുന്നു. നെരാസൂറികളുടെ തുടർച്ചയായി സീരീ എ വിജയങ്ങളിലും ചാമ്പ്യൻസ് ലീഗ് വിജയത്തിലും മൈകോണിന്റെ പങ്ക് വളരെ വലുതാണ്. കക റോബിന്യോ ഫാബിയാനോക്കൊപ്പമുള്ള മൈകോണിന്റെ ആക്രമണനീക്കങ്ങളായിരുന്നു ദുംഗയുടെ കോച്ചിംഗ് സ്പെല്ലിൽ വിജയ ഘടകങ്ങളിലൊന്ന്.
2006-10 വരെയുള്ള ബ്രസീലിയൻ സുവർണ കാലഘട്ടത്തിലും 2008-12 വരെയുള്ള ഇന്റർമിലാൻ സുവർണ തലമുറയിലും ടീമിന്റെ പ്രതിരോധ നിരയിലും ആക്രമണനിരയിലും പകരക്കാരനില്ലാത്ത കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന മൈകോൺ 2012 പിന്നിട്ടതോടെയാണ് കരിയറിൽ മോശം ഫോമിലേക്ക് പതിച്ചത്. ബ്രസീൽ ലോകകപ്പിലെ മോശം പ്രകടനം മൈകോണിന്റെ കരിയറിൽ വൻ വീഴച്ച വരുത്തി. കോൺഫെഡറേഷൻ കപ്പ് വിജയത്തിലും കോപ്പാ അമേരിക്ക വിജയങ്ങളിൽ നിർണായക പങ്ക് വഹിച്ച താരത്തിന്റെ പേര് ചരിത്രതാളുകളിൽ ഇടം നേടിയത് ഒരൊറ്റ ഗോളിന്റെ പിൻബലത്തിലായിരുന്നു.
ലോകകപ്പിൽ ഉത്തരകൊറിയെക്കെതിരെ നേടിയ “സീറോ ഡിഗ്രീ ആംഗിൾ ഗോൾ” കാൽപ്പന്തു ലോകത്തിനത് അത്യ അപൂർവ്വ സംഭവമായിരുന്നു. പക്ഷേ ഈ സീറോ ഡിഗ്രീ ആംഗിൾ ഗോൾ അവിചരിതമായി സംഭവിച്ച ഫ്ലൂക്ക് ഗോളായിരുന്നില്ല. താൻ ക്രോസോ പാസ്സോ ഒന്നുമല്ല ലക്ഷ്യം വെച്ചതെന്നും ഗോൾ ലക്ഷ്യം വെച്ച് തന്നെയാണ് ഷൂട്ട് ചെയ്തതെന്നും മൈകോൺ മൽസരശേഷം പറഞ്ഞപ്പോൾ അത് വിശ്വസിക്കാൻ പലർക്കും പ്രയാസകരമായിരുന്നു. പക്ഷേ മൈകോൺ പറഞ്ഞത് സത്യമായ സംഗതി തന്നെയാണെന്ന് ലോകകപ്പിന് ശേഷം ഫുട്ബോൾ ലോകത്തെ പണ്ഡിറ്റുകൾ പിന്നീട് വിലയിരുത്തി. പോർച്ചുഗലിനെതിരെ 2008ൽ മൈകോൺ ഇതുപോലെയൊരു സമാനമായ സീറോ ആംഗിൾ ഗോൾ അടിച്ചിരുന്നു. മൈകോണിന്റെ സീറോ ഡിഗ്രീ ഗോൾ ഫ്ലൂക്കല്ലെന്ന് തെളിയിക്കാൻ പോർച്ചുഗലിനെതിരെ അടിച്ച ഗോൾ തന്നെ ധാരാളമായിരുന്നു. ഒരു ദശകത്തോളം കാലം ആൽവസിനോടൊപ്പം ലോക ഫുട്ബോളിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കായി വാഴ്ന്ന ഡഗ്ലസ് മൈകോൺ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൈറ്റു ബാക്കുകളുടെ ഗണത്തിൽ ഉൾക്കൊള്ളുമെന്ന് തീർച്ച.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial