Fanzone | ജുലീന്യോ : ഇന്ദ്രജാല കാലുകളുള്ള വലതു വിംഗിലെ മാന്ത്രികൻ

വലതു വിംഗിലെ അതിയാകരെ കുറിച്ചു പറയുകയാണെങ്കിൽ ഗാരിഞ്ചയെന്ന ഫുട്‌ബോളിന്റെ മാലാഖയെ വെല്ലാൻ മറ്റൊരു താരമില്ലെന്ന് കാൽപ്പന്തിന്റെ ചരിത്രതാളുകൾ മറിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും.
ഗരിഞ്ചയോട് താരതമ്യത്തിന് പോലും ഈ ഗണത്തിൽ പെടുന്ന മറ്റു വിംഗർമാർ അർഹരല്ല. പക്ഷേ ഗരിഞ്ചക്ക് ശേഷം റൈറ്റ് വിംഗർ പൊസിഷനിൽ എക്കാലത്തെയും മികച്ച കളിക്കാരനാര്? പലർക്കും പല ഉത്തരങ്ങളുണ്ടാകും. ബ്രസീൽ ഇതിഹാസം ജെർസീന്യോ,പഴയകാല ഇംഗ്ലീഷ് വിംഗർ സ്റ്റാൻലി മാത്യൂസ്,സ്വീഡിഷ് വിംഗർ കുർട്ട് ഹമറിൻ,ലൂയിസ് ഫിഗോ,എൺപതുകളിലെ ഇറ്റാലിയൻ റൈറ്റ് വിംഗർമാരായിരുന്ന ഡൊണഡോണി , ബ്രൂണോ കോണ്ടി,ജർമൻ താരം ഹെൽമുട്ട് റയാൻ,എഴുപതുകളിലെ നെതർലാന്റസ് ടീമിന്റെ റൈറ്റ് വിംഗറായിരുന്ന ജോണി റെപ് തുടങ്ങിയവർ.

ഭൂരിപക്ഷം പേർക്കും ഉത്തരം ജെർസീന്യോയെന്നായിരിക്കും. എന്നാൽ ജർസീന്യോ അടിസ്ഥാനപരമായി ഒരു റൈറ്റ് വിംഗർ ആയിരുന്നെങ്കിലും കളിച്ച കരിയറിന്റ അടിസ്ഥാനത്തിൽ നോക്കുകയാണേൽ അദ്ദേഹം തന്റെ മുഴുവൻ കരിയർ ടൈമിലും റൈറ്റ് വിംഗറായിട്ടായിരുന്നില്ല കളിച്ചത്. സെലസാവോയിലും ക്ലബായ ബൊട്ടഫോഗോയിലും ഗാരിഞ്ചയെന്ന മഹാ മേരുവിന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം ജർസീന്യോക്ക് മറ്റു പൊസിഷനുകളിൽ കളിക്കാനായിരുന്നു വിധി. റൈറ്റ് വിംഗറായിരുന്നു അദ്ദേഹത്തിന്റെ മെയിൻ പൊസിഷനെങ്കിലും ഇടതു വിംഗറായും അറ്റാക്കിംഗ് പ്ലേമേക്കറായും സ്ട്രൈക്കറായും തന്റെ പ്രതിഭ എക്സ്പ്ലോയിറ്റ് ചെയ്ത ആൾറൗണ്ട് താരമായിരുന്നു ജർസീന്യോ. അതുകൊണ്ട് തന്നെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റൈറ്റ് വിംഗർ എന്ന് വിളിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തെ ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള കരിയറിലുടനീളം വലതു വിംഗിൽ വിംഗറായി മാത്രം കളിച്ച ഒരു “ട്രൂ റൈറ്റ് വിംഗർ” ഉണ്ടായിരുന്നു ഒരു കാലത്ത് ബ്രസീൽ ടീമിൽ. ഫുട്‌ബോൾ ലോകത്ത് തന്റെ കാലഘട്ടത്തിൽ വലതു വിംഗിലെ രാജാവായി വാഴ്ന്ന ഒരു സാവോപോളോക്കാരൻ ജുലീന്യോ.

എതിരാളികളിൽ ഭീതി ജനിപ്പിക്കുന്ന പേസ്സും പവറും ആക്സിലറേഷനും ഡ്രിബ്ലിംഗ് സ്കിൽസും സ്വന്തമായി വികസിപ്പിച്ചെടുത്ത വിനാശകാരിയായ വിംഗർ.വെറുമൊരു സ്പീഡി-ഡ്രിബ്ലിംഗ് വിംഗർ എന്നതിലുപരി ക്രിയാത്മകമായ നീക്കങ്ങൾ സൃഷ്ടിച്ച് മധ്യനിരയിലൂടെയും ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിവുള്ള വിംഗറായിരുന്നു ജുലീന്യോ.1954 ലോകകപ്പിൽ ബ്രസീലിയൻ പ്രതീക്ഷകൾ ജുലീന്യോയുടെ ചുമലിലായിരുന്നു. പക്ഷേ ക്വാർട്ടറിൽ മാജികൽ മംഗ്യാറുകൾ എന്ന് അറിയപ്പെടുന്ന ഹംഗറിയുമായുള്ള ബാറ്റിൽ ഓഫ് ബെർണെയെന്ന ചരിത്ര പ്രസിദ്ധമായ മൽസരത്തിൽ ഭാഗ്യം ജുലീന്യോക്കൊപ്പം നിന്നില്ല.തോൽക്കാനായിരുന്നു വിധി.പക്ഷേ ആ മൽസരത്തിൽ ലോകകപ്പ് കണ്ട എക്കാലത്തെയും മികച്ച ഗോളുകളിൽ പെടുത്താവുന്ന ഒരു സ്പെക്ക്റ്റാക്കുലർ സ്കീമറിന് ജുലീന്യോ അവകാശിയായി. റൈറ്റ് വിംഗിൽ നിന്നും പെനാൽറ്റി ബോക്സിന്റെ വലതു മൂലയിലേക്ക് സാംബാ ചുവടുകളുമായി ഡ്രിബ്ൾ ചെയ്തു കയറി തൊടുത്ത തണ്ടർബോൾട്ട് സ്കീമറിന് ഹംഗേറിയൻ ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല. ആദ്യ മൽസരത്തിൽ യൂഗോസ്ലാവിയക്കെതിരെയും ഗോൾ നേടിയിരുന്ന ജുലീന്യോ സ്വിറ്റ്സർലാന്റ് ലോകകപ്പിലെ താരമായിരിക്കുമെന്ന് പ്രവചിച്ചവർ ഏറെയായിരുന്നു ബ്രസീലിൽ.പക്ഷേ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന ഹംഗറിക്ക് മുന്നിൽ ക്വാർട്ടറിൽ തന്നെ വീണുപോവുകയായിരുന്നു.

 

സാവോപോളോയിൽ ജനിച്ച ജുലീന്യോ തെരുവിലൂടെ പന്ത് തട്ടിയായിരുന്നു വളർന്നത്. ദാരിദ്ര്യം പിടികൂടിയ കൗമാരത്തിൽ തന്റെ പിതാവിന്റെ നിർബന്ധം കൊണ്ട് മാത്രമായിരുന്നു ജുവനൈൽ പാൽമിറാസെന്ന യൂത്ത് ക്ലബിൽ യുവ പ്രതിഭ ചേർന്നത്.
അരങ്ങേറ്റ സീസണിൽ തന്നെ 18 ഗോളുകളടിച്ചായിരുന്നു പതിനാറുകാരൻ തന്റെ മികവു തെളിയിച്ചത്. തുടർന്ന് സാവോപോളോയിലെ തന്നെ യുവന്റസ് സ്പോർട്സ് ക്ലബ് ജുലീന്യോയെ ടീമിലെത്തിച്ചതോടെ താരത്തെ സാവോപോളോയിലെ വമ്പൻമാരായ കൊറിന്ത്യൻസ് ,സാവോപോളോ, പാൽമിറാസ്,സാന്റോസ് തുടങ്ങിയവർ നോട്ടമിട്ടിരുന്നു.പക്ഷേ സാവോപോളോയിലെ അഞ്ചാമത്തെ വമ്പൻ ക്ലബായ പോർട്ടുഗീസയായിരുന്നു ജുലീന്യോ തെരഞ്ഞെടുത്തത്. പോർട്ടുഗീസയിലെത്തിയതോടെ വളരെ പെട്ടെന്നായിരുന്നു ജുലീന്യോയുടെ വളർച്ച.ബ്രസീലിയൻ ഫുട്‌ബോൾ എന്ന ദേശീയ വികാരം ത്യജിച്ച് യൂറോപ്പിലേക്ക് പോകാൻ മടിച്ച മറ്റു ബ്രസീൽ ഇതിഹാസങ്ങളെപ്പോലെയായിരുന്നില്ല ജുനീന്യോ. യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ ആദ്യ ബ്രസീൽ സൂപ്പർ താരമാണ്.ഇറ്റാലിയൻ സീരീ എ ക്ലബ് ഫിയോറന്റീനയോടൊപ്പം നാല് സീസണുകളിൽ കളിച്ച വലതു വിംഗിലെ മാന്ത്രികൻ നൃത്തചുവടുവെപ്പുകളുമായി ഇറ്റാലിയൻ ഫുട്‌ബോൾ ആരാധകർക്കിടയിലെ ആസ്വാദന പാത്രമായി മാറി.ഫ്ലോറൻസിൽ തന്റെ കരിയറിലെ പീക്ക് ഫോമിൽ നിൽക്കെ ചില കുടുംബ പ്രശ്നങ്ങളാൽ ബ്രസീലിലേക്ക് മടങ്ങിയ താരം കരിയറിൽ വിരമിക്കും വരെ പാൽമിറാസിൽ തുടർന്നു.ഏതാണ്ട് ഒരു വാഴവട്ട കാലത്തോളം പൽമിറാസിന്റെ എല്ലാമെല്ലാം ജുലീന്യോയായിരുന്നു.

1958 ലോകകപ്പിലേക്ക് കോച്ച് വിൻസന്റ് ഫിയോള സീനിയർ താരമെന്ന നിലയിൽ ജുലീന്യോയെ ടീമിലെടുത്തെങ്കിലും താരം പിൻമാറുകയായിരുന്നു.അന്നത്തെ ബ്രസീലിയൻ ലീഗ് കരുത്തുറ്റതും സാങ്കേതിക മികവുള്ള ലോകോത്തര യുവതാരങ്ങളും നിറഞ്ഞതായിരുന്നു.അതുകൊണ്ട് തന്നെ ഇറ്റലിയിൽ കളിക്കുന്ന തന്നെ സെലസാവോ സ്ക്വാഡിലെടുത്താൽ ബ്രസീലിയൻ ലീഗിലെ യുവ പ്രതിഭകളുടെ ലോകകപ്പിൽ കളിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്ന് ഭയന്നായിരുന്നു ജുലീന്യോ ലോകകപ്പിൽ നിന്നും പിൻമാറിയത്.ഗരിഞ്ചയെന്ന ഫുട്‌ബോൾ മാലാഖയുടെ വളർച്ചയ്ക്ക് താൻ തടസ്സമാവുമെന്ന് ജുലീന്യോ മുൻകൂട്ടി മനസ്സിൽ കണ്ടിരിക്കാം.

ജുലീയോ ബോട്ടല്ലെയെന്ന ജുലീന്യോയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾക്കായിരുന്നു കാൽപ്പന്തുകളിയുടെ മെക്കയായ മറകാന സാക്ഷ്യം വഹിച്ചത്.1959 മെയ് മാസത്തിൽ മറകാനയിൽ ഇംഗ്ലണ്ടുമായി നടന്ന സൗഹൃദ മൽസരത്തിൽ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി റിയോക്കാരുടെ പ്രിയപ്പെട്ട ലോക ഫുട്‌ബോളിലെ മാലാഖ ഗാരിഞ്ചയുടെ അസാന്നിധ്യത്തിൽ വലതു വിംഗിൽ ജുലീന്യോ സാംബാ നൃത്ത ചുവടുകളുമായി ജോഗാ ബോണിറ്റോയെ നിർവചിച്ചപ്പോൾ അനായാസ ജയത്തിന് സെലസാവോകൾക്ക് ഫുട്‌ബോൾ ദൈവം പെലെയെയോ ദിദിയെയോ ആശ്രയിക്കേണ്ടി വന്നില്ല.മധ്യനിരയിൽ കളി നിയന്ത്രിച്ച പെലെയെയും ദിദിയെയും കാഴ്ച്ചകാരാക്കി ജുലീന്യോയുടെ വ്യക്തിഗത പ്രകടന പ്രഭാവത്തിന് മുന്നിൽ ഇംഗ്ലീഷ് ഡിഫൻസ് തകർന്നടിഞ്ഞു. ഒരു തണ്ടർബോൾട്ട് ലോംഗ് റേഞ്ചർ ഗോളും ഒരു അസിസ്റ്റുമായി മറകാനയുടെ നടുമുറ്റത്ത് ഒന്നര ലക്ഷത്തിലധികം വരുന്ന ആരാധകരുടെ സ്റ്റാൻഡിംഗ് ഒവേഷനും വാങ്ങി ജുലീന്യോ മറകാന വിടുമ്പോൾ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നായത് രേഖപ്പെടുത്തിയിരുന്നു.

1962 ലോകകപ്പ് സ്ക്വാഡിലും അവസരം ലഭിച്ചെങ്കിലും കോച്ചുമായുള്ള പ്രശ്നം മൂലം ലോകകപ്പിനില്ലയെന്ന നിലപാട് എടുക്കുകയായിരുന്നു. ഈ ഒഴിഞ്ഞു മാറൽ സമീപനം മൂലം ജുലീന്യോക്ക് നഷ്ടപ്പെട്ട രണ്ടു ലോകകപ്പ് കിരീടങ്ങളായിരുന്നു.

കളിക്കളത്തിൽ പൊതുവെ സൗമന്യനും അച്ചടക്കമാർന്ന സ്വഭാവത്തിനും പേരുകേട്ട ജുലീന്യോ പോർട്ടുഗീസയിൽ കളിച്ച മൂന്നു സീസണുകളിൽ ഒരു തവണ പോലും റഫറിയുടെയടുത്ത് നിന്ന് ഒരു താക്കീതിന് പോലും വിധേയനായിട്ടില്ല. കളിക്കളത്തിലെ മാന്യനായിരുന്ന ഇദ്ദേഹത്തെ ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ അന്ന് ഇക്കാരണം കൊണ്ട് തന്നെ പ്രത്യേക സ്വർണ്ണമെഡൽ നൽകി ആദരിച്ചിരുന്നു.

ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ ഹാൾ ഓഫ് ഫെയിമുകളിൽ ഇടം പിടിച്ച ഇതിഹാസ താരം മഞ്ഞ പ്പടക്ക് വേണ്ടി 31 കളികളിൽ നിന്നായി 13 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
കരിയറിലുടനീളം റൈറ്റ് വിംഗറായി മാത്രം കളിച്ച ഫിയൊറന്റീന പാൽമിറാസ് ക്ലബുകളുടെ ഇതിഹാസ പുരുഷനായ ജുലീന്യോ ക്ലബ് കരിയറിൽ ഔദ്യോഗിക കണക്കനുസരിച്ച് 549 മൽസരങ്ങളിൽ നിന്നായി 217 ലധികം ഗോളുകൾ സമ്പാദിച്ചിട്ടുണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്( ഒരു പക്ഷേ സ്റ്റാറ്റസ് വർധിച്ചേക്കാം)

2003 ൽ ഹൃദയം രോഗം കാരണം വലതു പാർശ്വത്തിലെ മാന്ത്രികൻ ജുലിയോ ബോട്ടല്ല ഈ ലോകത്തോട് വിട പറഞ്ഞു.

ഇറ്റാലിയൻ ഫാൻസിനെ സങ്കടത്തിലാക്കി കരിയർ പ്രൈം ടൈമിൽ ഫ്ലോറൻസിൽ നിന്നും സാവോപോളോയിലേക്ക് അദ്ദേഹം മടങ്ങിയില്ലായിരുന്നുവെങ്കിൽ ഫ്രഞ്ച് ഫുട്‌ബോൾ മാഗസിന്റെ ബാലോൺ ഡി ഓർ ഒരുപാട് തവണ അദ്ദേഹത്തെ തേടിയെത്തിയേക്കാമായിരുന്നു. ബ്രസീൽ ജേതാക്കളായ രണ്ട് ലോകകപ്പിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ ഇരട്ട ലോകകപ്പുകളും ആ മഹാ പ്രതിഭയെ തേടിയെത്തുമായിരുന്നു. പക്ഷേ നേട്ടങ്ങളോ കിരിടങ്ങളോ സ്റ്റാറ്റസുകളോ ആയിരുന്നില്ല അദ്ദേഹത്തിന് മുഖ്യം.

മറ്റു ബ്രസീലിയൻ ഇതിഹാസങ്ങളെ പോലെ തന്നെ ജോഗാ ബോണിറ്റോയെന്ന കലാസൃഷ്ടി കൊണ്ട് ജനങ്ങളെ ആസ്വദിപ്പിക്കുകയെന്നതു മാത്രമായിരുന്നു ജൂലിയോ ബോട്ടല്ലയുടെ ജീവിത ലക്ഷ്യവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോമയെ പെനാൽറ്റിയിൽ തകർത്ത് യുവന്റസ്
Next articleലോകകപ്പിന് മത്സര ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കില്ല