Fanzone | ചരിത്ര വിജയത്തിന്റെ ഓര്‍മ്മ പുതുക്കല്‍

ഓർമ്മകൾ ഒരു പത്ത് വർഷത്തിനിപ്പുറത്തേക്ക് ക്ഷണിക്കുന്നുണ്ട് , കൃത്യമായി പറഞ്ഞാൽ 2007 സെപ്റ്റംബർ 24 , സൗത്ത് ആഫ്രിക്കയിലെ ജൊഹന്നാസ്ബർഗ് പ്രഥമ T20 വേൾഡ് കപ്പ് ഫൈനൽ.  മഹേന്ദ്ര സിങ് ധോനി എന്ന പുതിയ നായകന്റെ നേതൃത്വത്തിൽ ഇന്ത്യ , ടൂർണമെന്റിലുടനീളം ടീമിനെ കൈ പിടിച്ചുയർത്തിയ ശുഐബ് മാലിക്കിന്റെ നായക മികവിൽ പാക്കിസ്ഥാൻ. താരതമ്യേന പരിചയ സമ്പന്നരായ നിരയുമായെത്തിയ പാക്കിസ്ഥാന് തന്നെയാണ് ഏറെ പേരും മുൻതൂക്കം കൽപ്പിച്ചതെങ്കിൽ കൂടി ടൂർണമെന്റിലുടനീളം ഗംഭീര പോരാട്ടങ്ങളിലൂടെ ഫൈനൽ പ്രവേശനം നേടിയ ഇന്ത്യയേയും എഴുതിതള്ളാൻ കഴിയുമായിരുന്നില്ല.

ടോസ്സ് നേടിയ ഇന്ത്യ ബാറ്റിംഗ് ചെയ്യാൻ തീരുമാനിക്കുന്നു.  ഓപ്പണിംഗിൽ തന്നെ ഇന്ത്യക്ക് വലിയൊരു തിരിച്ചടി നേരിട്ടിരുന്നു ടൂർണ്ണമെന്റിലെ തന്നെ ഇന്ത്യയുടെ തുറുപ്പുചീട്ടുകളിൽ ഒന്നായിരുന്ന വിരേന്ദർ സേവാഗിന്റെ സേവനം പരിക്ക് മൂലം ഫൈനലിൽ ടീമിന് ഉണ്ടാവില്ല. തുടക്കത്തിലെ തന്നെ തന്റെ ആക്രമണ ശൈലിയാൽ എതിരാളികൾക്ക് മേൽ ആധിപത്യമുറപ്പിക്കാൻ സേവാഗിനോളം കെൽപ്പുള്ള മറ്റൊരു ബാറ്റ്സ്മാൻ ഓപ്പണിംഗ് റോളിലേക്ക് അന്നത്തെ ഇന്ത്യൻ നിരയിൽ് ഇണ്ടായിരുന്നില്ല

ഒടുവിൽ ഗംഭീറിനൊപ്പം ആ കടമ നിർവഹിക്കാൻ നിയോഗിക്കപ്പെട്ടത് തന്റെ ആദ്യ അന്താരാഷ്ട്ര മൽസരം കളിക്കുന്ന യൂസഫ് പത്താൻ ആയിരുന്നു . . .
എന്നാൽ അത്തരം സമ്മർദ്ദങ്ങൾ ഒന്നും തോന്നാത്ത രീതിയിൽ തന്നെ മുഹമ്മദ് ആസിഫിന്റെ ആദ്യ ഓവറിൽ തന്നെ സിക്സർ നേടികൊണ്ട് ടീം പ്രതീക്ഷിച്ച ഒരു തുടക്കം തന്നെയാണ് പത്താൻ നൽകിയത്.

പക്ഷെ കളിയുടെ 3ആം ഓവറിലെ 4ആം പന്തിൽ പത്താന് പിഴച്ചു . ആസിഫിന്റെ ഒരു ഷോർട്ട്ബോളിൽ പാളിപോയൊരു പുൾഷോട്ട് ശ്രമം മിഡ് വിക്കറ്റിൽ ഷൊയബ് മാലിക്കിന്റെ കൈകളിൽ ഒതുങ്ങി. ടീം സ്കോർ 25.  തുടർന്ന് വന്ന റോബിൻ ഉത്തപ്പ, ഇന്ത്യയുടെ ടൂർണമെന്റ് ഹീറോ യുവരാജ് , നായകൻ ധോനി എന്നിവർക്കൊന്നും നിലയുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ ഇന്ത്യയുടെ കാര്യം പരുങ്ങലിലായി.

എന്നാൽ ആ സമയമൊക്കെയും ഒരറ്റത്ത് അക്ഷോഭ്യനായി ഇന്നിംഗ്സ് കെട്ടിപ്പടുക്കുകയായിരുന്ന ഒരു ഹീറോ ഉണ്ടായിരുന്നു.
പിൽക്കാലത്ത് ഇന്ത്യയുടെ ഫൈനൽ മൽസരങ്ങളിലെ വിശ്വസ്തൻ എന്ന് വിലയിരുത്തപ്പെട്ട ഗൗതം ഗംഭീർ.  അന്നത്തെ ടീമിന്റെ മൊത്തം സ്കോറിന്റെ ഏറെക്കുറെ പകുതിയോളം റൺസും പിറന്നത് ഈ ഇടംകയ്യന്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ ടീം ടോട്ടൽ 130 ൽ എത്തി നിൽക്കെ 8 ഫോറും 2 സിക്സും അടക്കം 54 പന്തിൽ 75 റൺസ് നേടിയ ഗംഭീറിന്റെ ഇന്നിംഗ്സിന് ഉമർ ഗുൽ വിരാമമിട്ടു. യുവരാജ്, ധോനി കഥയിലെ വില്ലനും ഗുൽ തന്നെയായിരുന്നു.

തുടർന്ന് അന്നത്തെ ടീമിന്റെ ഫിനിഷർ റോൾ ഏറ്റെടുത്തത് ഇന്നത്തെ ടീമിന്റെ No.1 ഓപ്പണർ ആയ രോഹിത്ത് ശർമ്മയായിരുന്നു . 2 ഫോറിന്റേയും 1 സിക്സിന്റെയും പിൻബലത്തിൽ വെറും 16 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്ന രോഹിത്തിന്റെ പ്രകടനമികവിലാണ് നിശ്ചിത ഓവറുകൾ പൂർത്തിയാവുമ്പോൾ ടീം സ്കോർ 157 എന്ന മാന്യമായ നിലയിൽ എത്തിയത്.  അന്നാദ്യമായിട്ടൊന്നും അല്ലായിരുന്നു രോഹിത്ത് ഫിനിഷർ റോളിൽ തിളങ്ങുന്നത് , ഗ്രൂപ്പ് ഘട്ടത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മുൻനിര തകർന്നപ്പോഴും ഒരു അർധശതകത്തോടെ ടീമിന്റെ രക്ഷക്കെത്തിയതും ഇതേ ‘ഹിറ്റ്മാൻ’ തന്നെയായിരുന്നു.

ഒടുവിൽ കിരീട പ്രതീക്ഷയിലേക്ക് 158 റൺസ് ലക്ഷ്യവുമായി പാക്കിസ്ഥാൻ ബാറ്റിംഗിന് ഇറങ്ങുന്നു. എന്നാൽ ആദ്യ ഓവറിൽ തന്നെ മുഹമ്മദ് ഹഫീസിനേയും മൂന്നാം ഓവറിൽ അപകടകാരിയായ കമ്രാൻ അക്മലിനേയും പുറത്താക്കിക്കൊണ്ട് R P സിങ് ആഞ്ഞടിച്ചപ്പോൾ പാക്കിസ്ഥാന്റെ തുടക്കവും പാളി.

പക്ഷെ പിന്നീട് കണ്ടത് ഇന്ത്യൻ ആരാധകരുടെ നെഞ്ച് ആളി കത്തിച്ച ഇമ്രാൻ നസീറിന്റെ ഒരു കാമിയോ പ്രകടനമാണ്. ആറാം ഓവറിനിടയ്ക്ക് റോബിൻ ഉത്തപ്പയുടെ ത്രോയിൽ റൺ ഔട്ടായി മടങ്ങുമ്പോഴേക്കും 4 ഫോറും 2 സിക്സും അടക്കം നസീറിന്റെ വെടിക്കെട്ടിൽ പിറന്നത് 14 പന്തിൽ 33 റൺസ് . സ്കോർ ബോർഡിൽ 53-3 .

അത് കൊണ്ട് തന്നെ തുടർന്നങ്ങോട്ട് കുറച്ചധികം പന്തുകളെ ക്ഷമയോട് കളിച്ച് ഒരു പാർട്ന ഷിപ്പ് ബിൽഡ് ചെയ്യാനായിരുന്നു പരിചയസമ്പന്നരായ യൂനിസ് ഖാന്റെയും ശുഐബ് മാലിക്കിന്റേയും ശ്രമം . പക്ഷെ അവർക്കത് ശെരിയായ രീതിക്ക് എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. യഥാക്രമം 65,76 എന്നീ ടീം സ്കോറുകളിൽ ഇരുവരും പുറത്തായി. പിന്നാലെ ക്രീസിലെത്തിയത് അക്കാലത്ത് ഏതൊരു എതിർ ടീമിന്റേയും പേടി സ്വപ്നമായിരുന്ന സാക്ഷാൽ ബൂം ബൂം അഫ്രിദി. എന്നാൽ നേരിട്ട ആദ്യ പന്തു തന്നെ സിക്സറിന് പറത്താനുള്ള അഫ്രിദിയുടെ ഓവർ അംബീഷ്യസ് ഷോട്ട് മിഡ് ഓഫിൽ ശ്രീശാന്തിന്റെ കൈകളിൽ അവസാനിക്കുമ്പോൾ ടീം സ്കോർ 77 – 6.

തുടർന്നങ്ങോട്ട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ മിസ്ബയും യാസിർ അറാഫത്തും ചേർന്നുള്ള ചെറിയൊരു കൂട്ടുകെട്ട് സ്കോർ 100 കടത്തി എങ്കിലും. 16ആം ഓവറിലെ അവസാന പന്തിൽ ഇർഫാൻ പത്താന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് അറാഫത്ത് മടങ്ങുന്നു. തുടർന്ന് മിസ്ബയ്ക്ക് കൂട്ടായി വാലറ്റത്തെ വെടിക്കെട്ടിന് പേര് കേട്ട ശുഹൈൽ തൻവീർ എത്തുമ്പോൾ ശേഷിക്കുന്ന 4 ഓവറുകളിൽ പാക്കിസ്ഥാന് വേണ്ടിയിരുന്നത് 54 റൺസ്.

അത് കൊണ്ട് തന്നെ വന്നപാടെയുള്ള ആക്രമണമല്ലാതെ മറ്റൊരു വഴിയും തൻവീറിന് ഉണ്ടായിരുന്നില്ല. ശ്രീശാന്ത് എറിഞ്ഞ 18ആം ഓവറിലെ ആദ്യത്തേയും 5ആമത്തേയും പന്ത് ഗാലറിയിലെത്തിച്ച് അത് നടപ്പിലാക്കാൻ തൻവീർ ശ്രമിച്ചെങ്കിലും അവസാന പന്തിൽ പിഴച്ചു.
ശ്രീയുടെ ഒരു ക്യുക്ക് യോർക്കർ സ്റ്റംപുകളെ ചുംബിച്ച് കൊണ്ട് തൻവീറിനുള്ള മടക്ക ടിക്കറ്റ് കുറിച്ചപ്പോൾ ശ്രീയോടൊപ്പം മുഷ്ട്ടി ചുരുട്ടി അലറിയത് നമ്മൾ മലയാളികളും കൂടിയായിരുന്നു.

പക്ഷെ അപ്പോഴേക്കും മൽസരം എങ്ങോട്ട് വേണമെങ്കിലും തിരിയാം എന്ന അവസ്ഥയിൽ ആയിരുന്നു. ഒടുവിൽ കളിയിൽ 1 ഓവർ ശേഷിക്കെ പാക്കിസ്ഥാന് വിജയത്തിലേക്ക് വേണ്ടത് 13 റൺസ്. ഇന്ത്യക്കാകട്ടെ ഒരു വിക്കറ്റും.  ഇരു ടീമുകളുടേയും ഡഗൗട്ടുകളിലെ മുഖങ്ങളിൽ നിഴലിച്ച് നിന്നത് ടെൻഷൻ മാത്രം. പ്രധാന ബൗളർസിന്റെ സ്പെല്ലുകൾ എല്ലാം പൂർത്തിയായി കഴിഞ്ഞിരുന്നു, ഇനി ബാക്കി ഉള്ളത് താരതമ്യേന പരിചയസമ്പന്നനായ ഹർഭജൻ സിങിന്റെ ഒരു ഓവർ മാത്രം.

എന്നാൽ അവിടെയാണ് മഹേന്ദ്ര സിങ് ധോനി എന്ന നായകനിലെ ജീനിയസ് ക്രിക്കറ്ററെ ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും ഒരുപോലെ തിരിച്ചറിഞ്ഞ നിമിഷം അല്ലെങ്കിൽ ഒരു പക്ഷെ അന്ന് ആയിരിക്കും ആദ്യമായി സമ്മർദ്ദ നിമിഷങ്ങളിൽ റിസ്കെടുക്കാനുള്ള ധോനിയുടെ കൂസലില്ലായ്മ ശ്രദ്ധിക്കപ്പെടുന്നതും.

മൽസരം വീക്ഷിക്കുന്ന എല്ലാവരും തന്നെ ധോനി പന്ത് ഭാജിയെ ഏൽപ്പിക്കും എന്ന് കരുതി ഇരുന്നപ്പോൾ . . .
ഹർഭജന്റെ ആ ഒരു മൽസരത്തിലെ പ്രകടനം അത്ര കണ്ട് ആശാവഹമായിരുന്നില്ല, ആൾറെഡി 3 ഓവറിൽ 36 റൺസ് വഴങ്ങിയിരുന്നു. കൂടാതെ ക്രീസിലുണ്ടായിരുന്നത് സ്പിന്നിനെതിരെ വ്യക്തമായ മേധാവിത്വം പുലർത്തുന്ന മിസ്ബയും, ഇത്തരം ചിന്തകളൊക്കെ ആ ചുരുങ്ങിയ നിമിഷങ്ങളിൽ തന്നെ ധോനിയുടെ മനസിലൂടെ കടന്ന് പോയിട്ടുണ്ടാവണം.

മേൽകോട്ടും തൊപ്പിയും ഊരി അമ്പയറെ ഏൽപ്പിച്ച് ധോനിയിൽ നിന്ന് പന്ത് ഏറ്റു വാങ്ങുന്ന താരത്തിനെ കണ്ട് എല്ലാവരും ഒന്നടങ്കം ഞെട്ടി.
ആ ടൈമിൽ ഭൂരിഭാഗം പേർക്കും പേര് പോലും സുപരിചിതമല്ലാത്ത ഒരു ബൗളർ ‘ജൊഗീന്ദർ ശർമ്മ ‘. പുള്ളിക്കാരൻ എന്തിന് ഇന്ത്യൻ ടീമിലേക്ക് വന്നു എന്ന് ആലോചിച്ചാൽ ഒരു പക്ഷെ പറയാം ഈ ഫൈനൽ ഓവർ എറിയാൻ വേണ്ടി മാത്രമാണെന്ന് കാരണം അതിന് മുൻപോ ശേഷമോ ഓർത്തിരിക്കാൻ തക്ക പ്രകടനമൊന്നും ആ താരത്തിൽ നിന്ന് ഉണ്ടായിട്ടില്ല.

ജോഗീന്ദർ ശർമ്മ പോലും അന്ധാളിച്ചു പോയിരിക്കണം ധോനിയുടെ ആ ഒരു നീക്കത്തിൽ, ഒരു പക്ഷെ അത് കൊണ്ട് തന്നെയാവാം ആദ്യ പന്ത് തന്നെ ഓഫ് സ്റ്റംപി ന് പുറത്ത് വൈഡ് ലൈനോട് ചേർന്നുള്ള ഫുൾ ലെങ്ത് ഡെലിവറി എന്ന നിർദ്ദേശത്തെ എക്സിക്യൂട്ട് ചെയ്യാൻ ശ്രമിച്ചത് ഒരു ബിഗ് വൈഡിൽ കലാശിച്ചതും.

ലക്ഷ്യത്തിൽ നിന്ന് ഒരു റൺ കുറയുന്നു ബോളിന്റെ എണ്ണത്തിൽ മാറ്റമില്ല.
Now 12 Needed from 6 .

അട്ത്ത പന്ത് ഗുഡ് ലെങ്തിനും കുറച്ച് ഷോർട്ട് ആയി പിച്ച് ചെയ്ത പന്ത് സ്പീഡ് വേരിയേഷനിൽ മിസ്ബയുടെ ബാറ്റിനെ കബളിപ്പിച്ച് കൊണ്ട് ഓഫ് സ്റ്റംപിന് പുറത്ത് കൂടി ധോനിയുടെ ഗ്ലൗസിലേക്കെത്തുന്നു.

ഒരു നിമിഷത്തെ ‘ഹാവൂ. . .വിന് ‘ ശേഷം പിന്നേയും സമ്മർദ്ദ നിമിഷങ്ങൾ. ഇത്തവണ റൺസിന്റെ കാര്യത്തിൽ മാറ്റമില്ല ബോളിന്റെ എണ്ണത്തിൽ നിന്ന് 1 കുറയുന്നു.
Now 12 Needed from 5.

തൊട്ടടുത്ത പന്ത് പാളിപോയൊരു യോർക്കർ ശ്രമം ഫുൾടോസ്സായി പരിണമിച്ച് മിസ്ബയുടെ കൈ കരുത്തിൽ ഗാലറിയിലേക്ക് പതിച്ചത് ഒരേ സമയം ഇന്ത്യൻ ആരാധകർക്ക് ഇടി തീയായും പാക്ക് ആരാധകർക്ക് കുളിർമഴയായും ആണ് അനുഭവപ്പെട്ടത്.

Now 6 Needed from 4.

തുടർന്നാണ് ഇന്ത്യൻ ആരാധകർ ഓർത്ത് എടുക്കാൻ ഇഷ്ട്ടപ്പെടുന്നതും പാക്ക് ആരാധകർ മറന്ന് കളയാൻ കഷ്ട്ടപ്പെടുന്നതുമായ ആ വിഖ്യാത ബോൾ പിറന്നത്.

വീണ്ടുമൊരു ഫുൾ ഡെലിവറി , മിസ്ബയുടെ ഒരു റിസ്ക്കി സ്ക്കൂപ്പ് ഷോട്ട് ശ്രമം . . .

ഇത്രയും വായിച്ചപ്പോൾ തന്നെ പിന്നീട് നടന്ന സീൻ നിങ്ങൾ ഓരോ ക്രിക്കറ്റ് പ്രേമികളുടേയും മനസിൽ രവിശാസ്ത്രിയുടെ ഘനഗംഭീര ശബ്ദത്തിൽ മുഴങ്ങി കേൾക്കുന്നുണ്ടാവും.

“In the air, Sreesanth take it, India Win !!! unbelievable scenes here at the bull ring! ”

ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ മൽസരത്തിൽ റിസ്കെടുത്തവർക്കൊപ്പം നിന്ന വിജയം.

10 വർഷങ്ങൾക്കിപ്പുറം ഓർക്കുമ്പോൾ പോലും ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്ന മത്സര വിജയം, ചില ഓർമ്മകൾ അങ്ങനെയാണ് കാലത്തിനു പോലും മങ്ങലേൽപ്പിക്കാൻ കഴിയാത്തവ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊൽക്കത്തൻ ലീഗ് ആർക്കെന്ന് ഇന്നറിയാം, ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ
Next articleഇതാണ് ഡെർബി, തുർക്കിയിൽ പിറന്നത് 5 റെഡ് കാർഡ്, 12 മഞ്ഞ, രണ്ടു പെനാൾട്ടി