ഓറഞ്ച് പിറ്റ്ബുൾ

- Advertisement -

ലോക ഫുട്‌ബോളിന്റെ പരമോന്നത ചാമ്പ്യൻഷിപ്പായ ലോകകപ്പിൽ യൊഹാൻ ക്രൈഫിനോ നീസ്കിൻസിനോ വാൻ ബാസ്റ്റനോ ഗുള്ളിറ്റിനോ ഒരിക്കലെങ്കിലും ഓറഞ്ച് വസന്തം തീർക്കാനാവാതെ പോയതിന്റെ പോരായ്മ നികത്താൻ യൂറോപ്പിന്റെ കുട്ടനാട് ആയ നെതർലാന്റ്സ് ടോട്ടൽ ഫുട്‌ബോളിന്റെ ഡച്ച് സൗന്ദര്യം കാണിക്കാൻ വീണ്ടുമൊരു സുവർണ തലമുറമായിട്ടായിരുന്നു ആംസ്റ്റർഡാമിൽ നിന്നും പാരീസിലേക്ക് വിമാനം കയറിയത്.
ചാണക്യ തന്ത്രജ്ഞനായ ഗസ് ഹിഡിങ്കിന് കീഴിൽ ക്ലൈവർട്ടും ബെർകാംപും ഡിബോയർ സഹോദരൻമാരും ഓവർമാർസും റീസൻഗറും വാൻഡെർ സാറും സ്റ്റാമും കൊക്കുവും ഒത്തു ചേർന്നപ്പോൾ കന്നി ലോകകപ്പ് അവർ സ്വപ്നം കണ്ടിരിക്കണം.ഗ്രൂപ്പ് റൗണ്ടിലെ വെല്ലുവിളികളെ മറികടന്ന് തോൽവിയറിയാതെ അവർ പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചു.പ്രീ ക്വാർട്ടറി എതിരാളികൾ ബാൾക്കൻ ഫുട്‌ബോളിന്റെ ശക്തി സ്ത്രോതസ്സായ കരുത്തരായ യൂഗോസ്ലാവിയയും.

എന്നാൽ ഓറഞ്ചുകാർ ആക്രമണ പരമ്പര തീർത്തപ്പോൾ സ്ലാവൻ കരുത്തിൽ തട്ടിതകർന്നു കൊണ്ടേയിരുന്നു.പക്ഷേ രക്ഷനായി ബെർകാംപ് അവതരിച്ചോടെ ഡച്ച് പട മുന്നിലെത്തി.ക്രൈഫിന്റെ പിൻമുറക്കാർക്ക് കളിയിലെ മേധാവിത്വം നിലനിർത്താനായില്ല.ഉയരം കൊണ്ടും ശാരീരികക്ഷമത കൊണ്ടും അനുഗ്രഹീതമായ സ്ലാവൻമാർ തിരിച്ചടിച്ചു.എന്നാൽ ഡച്ച് പോരാട്ടം തുടർന്ന് കൊണ്ടേയിരുന്നു.ഇഞ്ചുറി ടൈമിലേക്ക് കടന്നു.കടുത്ത മൽസരം എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലേക്ക് നീളുമെന്നുള്ള എല്ലാ സൂചനകളും നൽകിയ നിമിഷങ്ങൾ , ഫിലിപെ കൊക്കുവിന്റെ കരുത്തുറ്റ ഷോട്ട് സ്ലാവൻ ഗോളി പ്രയാസപ്പെട്ട് തട്ടിയകറ്റിയപ്പോൾ ലഭിച്ച കോർണർ കിക്ക് ഡച്ചുകാരുടെ അവസാന അവസരമായിരുന്നു.ബെർകാംപ് കിക്ക് ബോക്സിലേക്ക് വിടാതെ ബോക്സിനു പുറത്ത് ആരും മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ഉയരം കുറിയ പതിനാലാം നമ്പറുകാരന് പാസ്സ് നൽകുന്നു.കരുത്തുറ്റ നെടുനീളൻ ഇടം കാലൻ ഷോട്ടിലൂടെ ആ നീളൻ മുടിക്കാരൻ ഓറഞ്ച് വിജയം സുനിശ്ചിതമാക്കുന്നു.

98 ലോകകപ്പിൽ ഓറഞ്ച് ഫുട്‌ബോളിന് ആയുസ്സേകിയ ആ നീളൻമുടിക്കാരനായ ഉയരം കുറഞ്ഞ മധ്യനിരക്കാരൻ ആരായിരുന്നല്ലേ?

90കളിലും 2000ങ്ങളിലും മധ്യനിരയിലെ ഏതു പൊസിഷനും അനായാസതയാർന്ന വൈവിധ്യത്തോടെ കൈകാര്യം ചെയ്യുമായിരുന്ന പിൽക്കാലത്ത് കറുത്ത ഗ്ലാസ് വെച്ച് ഫുട്‌ബോൾ കോർട്ടിലെ ഗ്ലാമർ മുഖമായി മാറിയ ഓറഞ്ച് പിറ്റ്ബുൾ എഡ്ഗർ ഡേവിസ് ആയിരുന്നത്.

ഗുള്ളിറ്റിനെയും സീഡോർഫിനെയും പോലെ സൂരിനാമെന്ന കൊച്ചു ലാറ്റിനമേരിക്കൻ രാജ്യത്ത് ജനിച്ച് നെതർലാന്റസിന്റെ ഇതിഹാസ താരമായി മാറിയ ഡേവിസ് വളർന്നത് ഏതൊരു ഡച്ച് കളിക്കാരെപോലെ തന്നെ അയാക്സിലൂടെ തന്നെയായിരുന്നു.അയാക്സിലൂടെ മിലാനും കടന്ന് യുവൻറസിലൂടെ ലോക പ്രശസ്തനായ താരത്തിന്റെ കരിയറിനെ ഇരുട്ടിലാക്കി കൊണ്ട് ഗ്ലൂക്കോമ രോഗം പിടികൂടിയപ്പോൾ കളിയിൽ നിന്നും വിരമിക്കണമെന്ന ഡോക്ടർമാരുടെ നിർബന്ധത്തെ വകവെക്കാതെ ഗ്ലാസണിഞ്ഞ് പുതിയൊരു ഡേവിസായി തിരം തിരിച്ചെത്തി.

ലെഫ്റ്റ് വിംഗറായി കരിയർ തുടങ്ങിയ ഡേവിസ് കളിക്കാത്ത പൊസിഷനുകൾ മധ്യനിരയിലും ആക്രമണനിരയിലുമില്ല.ലെഫ്റ്റ് മിഡ്ഫീൽഡർ സെന്റർ മിഡ്ഫീൽഡർ ഡിഫൻസീവ് മധ്യനിരക്കാരൻ സെക്കന്ററി സ്ട്രൈകർ അറ്റാക്കിംഗ് മിഡ്ഫീൽഡർ തുടങ്ങി ഏകദേശം എല്ലാ റോളുകളിലും യുവൻറസ് താരം കളിച്ചിട്ടുണ്ട്.
തന്റെ ഉയരകുറവ് കൊണ്ടും സ്ട്രീറ്റ് ഫുട്‌ബോളിലൂടെ ആർജ്ജിച്ചെടുത്ത കരുത്തുറ്റ പേസും ആക്സിലറേഷനും എതിരാളികളെ അതിവിദഗ്ധമായി മധ്യനിരയിൽ തളച്ചിടാനുള്ള കഴിവും അതേ സമയം തന്നെ ആക്രമണ ഫുട്‌ബോളിൽ ചന്തമേറിയ ക്രിയാത്മക നീക്കങ്ങൾ നെയ്തെടുക്കാനുള്ള മികവും കൊണ്ടായിരിക്കാം ലൂയിസ് വാൻഗാൽ ഡേവിസിനെ വിളിച്ചു ഓറഞ്ച് പിറ്റ്ബുൾ എന്ന്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഓറഞ്ച് തലമുറയിലെ നിർണായക സാന്നിദ്ധ്യമായിരുന്ന എഡ്ഗറിന് ലോകകപ്പും യൂറോ കപ്പും കൈപ്പിടിയിലൊതുക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല.

വെറും സ്റ്റാറ്റസിൽ ജീവിക്കുന്ന ഇന്നത്തെ ന്യൂ ജെൻ കിഡ്സുകൾക്ക് ഡേവിസിനെപ്പോലെയുള്ളവരെ വിസ്മരിച്ചേക്കാം എന്നാൽ നമുക്ക് 90കളിലെ ഓറഞ്ച് ഫുട്‌ബോളിന്റെ നീതി ശാസ്ത്രത്തെ അവതരിപ്പിക്കുന്നതിൽ ശക്തമായ കണ്ണിയായിരുന്ന എഡ്ഗാർ ഡേവിസെന്ന കുറിയ മനുഷ്യനെ മറക്കാൻ കഴിയില്ല

Advertisement