ശൈശവത്തിലെന്നെ ഭ്രമിപ്പിച്ച വിസ്മയ പ്രതിഭ

ചെറുപ്പകാലം മുതൽക്കേ റൊണോയോടപ്പം എന്റെ പ്രിയ താരമായിരുന്ന റൊമാരിയോയെ ആദ്യമായി കാണുന്നതും കേൾക്കുന്നതും 97 കോപ്പാ അമേരിക്കയിലോ അല്ലെങ്കിൽ അതിന് മുമ്പ് പത്രതാളുകളിലൂടെയോ ആയിരിക്കാം. 94 ലോകകപ്പ് ഫൈനലുൾപ്പെടെ മിക്ക കളികളും കടുത്ത അർജന്റീന-മറഡോണ ഫാനായ പിതാവിനൊപ്പം പോയി കണ്ടിട്ടുണ്ടെങ്കിലും എനിക്കത് ശരിക്ക് അങ്ങോട്ട് ഓർമ്മയില്ല. ഒരു പക്ഷേ അന്ന് തന്നെ മനസ്സിൽ കയറികൂടിയതായിരിക്കാം റൊമാരിയോ-ബെബറ്റോ-ബാജിയോ എന്നീ ഇതിഹാസ നാമങ്ങൾ.

മാത്രവുമല്ല ഹാജി ,സാമ്മർ സ്റ്റോയിക്കോവ് ,ഒവൈറാൻ ,കനീജിയ ക്ലിൻസ്മാൻ മത്യോസു ഓവർമാർസ് തുടങ്ങിയ താരങ്ങളെ കുറിച്ചും ബൾഗേറിയ ,സ്വീഡൻ ,റുമേനിയ,നോർവെ ….തുടങ്ങിയ ബാൾക്കൻ സ്കാൻഡിനേവിയൻ രാജ്യങ്ങളെ കുറിച്ചും മറ്റു യൂറോപ്യൻ രാജ്യങ്ങളെ കുറിച്ചുമുള്ള വ്യക്തമായൊരു ഫുട്‌ബോൾ ചിത്രവും ചരിത്രവും എനിക്ക് ചെറുപ്പകാലം തൊട്ടേ സമ്മാനിച്ചതും 94 ലോകകപ്പ് തന്നെയാകാം.കാരണം വളരെ ചെറുപ്പത്തിൽ തന്നെയുള്ള വിചാരം ബൾഗേറിയ ഒക്കെ ഫുട്‌ബോളിലെ വൻ ശക്തിയാണെന്നായിരുന്നു.പിന്നീട് 98 ലോകകപ്പിന് മുമ്പ് തന്നെ ഇത്തരം തെറ്റിധാരണകൾ മാറി.അല്ലെങ്കിൽ പിതാവ് മാറ്റിയെടുത്തു.കാരണം 94 ലോകകപ്പിൽ അൽഭുത പ്രകടനം കാഴ്ചവെച്ച ടീമുകളാണല്ലോ ബൾഗേറിയ സ്വീഡൻ റഷ്യ റുമേനിയ തുടങ്ങിയവ.

ബ്രസീലിയൻ ഫുട്‌ബോളിന് നാലാം ചാമ്പ്യൻപ്പട്ടം നേടിതരുന്നതിൽ നിർണായക പങ്കു വഹിച്ച റൊമാരിയോ തന്റെ കരിയറിനോട് ഒരു പ്രൊഫഷണൽ എന്ന നിലയിൽ നീതി പുലർത്തിയിട്ടില്ല.തികച്ചും അച്ചടക്കരഹിതമായ പ്രവൃത്തികൾ കൊണ്ട് ബ്രസീൽ പരിശീലകരായ മരിയോ സഗാലോക്കും കാർലോസ് ആൽബർട്ടോ പെരേരക്കും തലവേദനയായിരുന്നു.പലപ്പോഴും വഴക്കടിച്ച് പുറത്തു പോവുകയും ഏറെ വൈകാതെ തന്നെ ടീമിലേക്ക് തിരികെ വരുന്നതും റൊമാരിയോയുടെ ശീലങ്ങളിലൊന്നായിരുന്നു.ആരെയും കൂസാത്ത പ്രകൃതക്കാരനായിരുന്നേലും ടീമിന്റെ കളിക്കളത്തിലെ ഉത്തരവാദിത്വത്തിൽ നിന്ന് റൊമാരിയോ ഒരിക്കലും പിന്നോട്ടടിച്ചിരുന്നില്ല.നിർണായക മൽസ്സരങ്ങളിലെല്ലാം ടീമിനെ തോളിലേറ്റുന്നതു തന്നെ താരത്തിന്റെ ലീഡർഷിപ്പ് ക്വാളിറ്റി തെളിയിക്കുന്നു.കടുത്ത ഡിഫൻസീവ് ഫുട്‌ബോളിന് പേരുകേട്ട ലോകകപ്പായ യുസ്എ ലോകകപ്പിൽ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുമായി ബ്രസീൽ ടീമിനെ നാലാം കിരീടത്തിലേക്ക് നയിച്ചത് തന്നെ ഏറ്റവും വലിയ തെളിവ്.ടീമിന്റെ മെയിൻ താരമായിട്ടും തനിക്ക് ലഭിച്ച പെനാൽറ്റി പോലും റായിക്ക് വിട്ടുകൊടുത്ത തികഞ്ഞ ടീം പ്ലെയറായ ഒറ്റ കൊമ്പൻ ആയിരുന്നു റൊമാരിയോ.ആ പെനാൽറ്റി എടുത്തിരുന്നേൽ 1994 ലോകകപ്പ് ഗോൾഡൻ ബൂട്ടും കൂടി റൊമാരിയോക്ക് സ്വന്തമാക്കാമായിരുന്നു.പക്ഷേ വ്യക്തിഗത നേട്ടത്തിനേക്കാൾ ടീമിനായിരുന്നു റൊമാരിയോ പ്രാധാന്യം കൊടുത്തിരുന്നത്.

ചരിത്രത്തിൽ നിന്നും മായാത്ത സ്മരണകളേറെ സമ്മാനിച്ച വിസ്മയ കൂട്ട്കെട്ട് ബെബറ്റോയോടപ്പവും ,റൊണാൾഡോ പ്രതിഭാസം പിറവി കൊണ്ടെതോടെ റൊ-റൊ മാരക പ്രഹരശേഷിയുള്ള പാർട്ണർഷിപ്പ് പടുത്തുയർത്തിയും രണ്ടു പതിറ്റാണ്ടോളം ലോക ഫുട്‌ബോളിലും ബ്രസീലിയൻ ഫുട്‌ബോളിലെയും നിറ സാന്നിദ്ധ്യമാവാൻ റൊമാരിയോക്ക് കഴിഞ്ഞു. ഗാരിഞ്ച-പെലെ കൂട്ട്കെട്ടിന് ശേഷം ഫുട്‌ബോൾ കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് Ro-Ro യുടെ സൃഷ്ടിക്കും കാരണക്കാരനായത് റൊമാരിയോ ആയിരുന്നു.ഒരു ജേഷ്ഠസഹോദരനേ പോലെ റൊണാൾഡൊക്ക് വഴി കാട്ടിയായി കരിയറിലുടനീളം വർത്തിച്ചതും റിയോ ഡി ജനീറോയിലെ മാന്ത്രിക താരം തന്നെ.
എന്റെ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരം എനിക്ക് ജേഷ്ഠ തുല്ല്യനായ റൊമാരിയോയാണെന്ന് റൊണോ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സ്റ്റാറ്റസുകൾക്കോ റെക്കോർഡുകൾക്കോ വേണ്ടി കളിക്കാതെ ആസ്വാദനത്തിന് വേണ്ടി മാത്രം കാൽപ്പന്തു കളിക്കുന്നവരാണ് ബ്രസീലിയൻ ഇതിഹാസങ്ങൾ.അതുകൊണ്ട് തന്നെ പെലെ ഗാരിഞ്ച റോണോ ഡീന്യോ തുടങ്ങി എല്ലാവരുടെയും ജീവിത ശൈലികളും ശീലങ്ങളും സ്വഭാവ സവിശേഷതകളും വരെ പ്രസിദ്ധമാണ്.
എന്നാൽ റൊമാരിയൊ കൂടുതൽ വ്യത്യസ്തമായ കഥാപാത്രമാണ്.വളരെ വിചിത്രമായ വാഗ്ദാനങ്ങൾ ആരാധകർക്കും സഹതാരങ്ങൾക്കും പരിശീലകർക്കും നൽകി ആ വാഗ്ദാനങ്ങളെല്ലാം പാലിക്കുന്നത് അദ്ദേഹത്തിന്റെ ശീലങ്ങളിൽ പെട്ടവയായിരുന്നു.

ഇത് റൊമാരിയോയുടെ വാക്കാ,വാക്കാണ് ഏറ്റവും വലിയ സത്യം

പറഞ്ഞാൽ പറഞ്ഞ വാക്ക് പാലിക്കുന്ന ഫുട്ബോളറാണ് റൊമാരിയോ.അദ്ദേഹത്തിന്റെ കരിയറിൽ എന്തൊക്കെ വാഗ്ദാനങ്ങൾ പറഞ്ഞോ അതൊക്കെ റൊമാരിയോ സാധിച്ചെടുത്തിട്ടുണ്ട്.അങ്ങനെ അദ്ദേഹത്തിന്റെ കരിയറിൽ നടന്ന ചുരുക്കം ചില പ്രൊമിസുകളും സംഭവങ്ങളും

?1994 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിക്കുകയായിരുന്നു റൊമാരിയോ.ടീമിലെ കോച്ച് പെരേരയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പുറത്ത് പോയ റൊമാരിയോ ഗ്രൂപ്പിലെ ആദ്യ ഏഴ് മൽസരങ്ങളിലും കളിച്ചിരുന്നില്ല.10 പോയിന്റുകളുമായി ഉറുഗ്വെയും ബൊളീവിയയും ബ്രസീലിന് മുന്നിൽ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് യോഗ്യത നേടുമെന്നിരിക്കെ ബ്രസീൽ സമ്മർദ്ദത്തിലായ ഘട്ടം
വിജയം അനിവാര്യമായ കാനറികൾക്ക് വേണ്ടി പെരേരക്ക് മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല.റൊമാരിയോയെ തിരികെ വിളിച്ചു.കളിക്കിറങ്ങുന്നതിന് മുമ്പേ റൊമാരിയോയുടെ വാഗ്ദാനം ഇങ്ങനേയായിരുന്നു
” എനിക്കറിയാം ഉറുഗ്വെയെ എന്തു ചെയ്യണമെന്ന്,അയാം ഗോയിംഗ് ടു ഫിനിഷ് ഉറുഗ്വെ ”

ഒരു നിയോഗം പോലെ മറക്കാനാസോയുടെ കണ്ണീർ വീണ ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ മറകാനയിൽ ഒരിക്കൽ കൂടി റൊമാരിയോ ഉറുഗ്വെയുടെ സ്വപ്നങ്ങൾ തല്ലികെടുത്തി.രണ്ടു ഗോളടിച്ചാണ് റൊമാരിയോ കാനറികിളികളെ യു.എസ്.എയിലേക്കയച്ചത്.
(മുമ്പ് 1989 കോപ്പാ ഫൈനലിലും മറകാനയുടെ നടുമുറ്റത്ത് ഉറുഗെക്കാരെ കണ്ണീരിലാഴ്ത്തി വിട്ടിരുന്നു റൊമാരിയോ)

” ദൈവം അയച്ചതാണ് റൊമാരിയോയെ മറകാനയിലേക്ക് ”

മൽസര ശേഷം പെരേറയുടെ പ്രതികരണമായിരുന്നിത്.

?1994 ലോകകപ്പിന് മുമ്പ് റൊമാരിയോആരാധകർക്ക് മുന്നിൽ സത്യം ചെയ്തു. ” ഈ ലോകകപ്പ് ഞാൻ ബ്രസീലിലെത്തിക്കും”.
( ഓർക്കുക പെലെയുടെ കാലഘട്ടത്തിന് ശേഷം ലോകകപ്പ് താൻ നേടിതരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞതിനർത്ഥം) പറഞ്ഞതു പോലെ ലോകകപ്പ് ഗോൾഡൻ ബോൾ നേടി ടൂർണമെന്റിന്റെ താരമായി തന്നെ കാനറിപ്പടക്ക് നാലാം ലോകകപ്പ് പട്ടം ചാർത്തികൊടുത്തു.

?1993-94 സീസണിൽ സ്റ്റോയിക്കോവും ലോഡ്രപും കൂമാനും എല്ലാം കളിക്കുന്ന യൊഹാൻ ക്രൈഫിന്റെ ബാർസയിൽ ജോയിൻ ചെയ്തന്ന് അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് റൊമാരിയോ പറഞ്ഞു ഈ ലാ ലീഗാ സീസണിൽ 30 ഗോളുകൾ ഞാൻ സ്കോർ ചെയ്യുമെന്ന്(30 ഗോൾ എന്നത് നിസ്സാരമായി കാണരുത്.അന്ന് മുപ്പത് ഗോളെന്നത് ഇന്ന് അറുപത് ഗോളിന് സമമാണ്. മാത്രവുമല്ല അന്നത്തെ കാലഘട്ടം കടുത്തതും അതി ക്രൂരവുമായ ഡിഫൻസീവ് ഫുട്‌ബോളിന് പേരുകേട്ട കാലഘട്ടവും) 30 ലധികം ഗോളടിച്ച് പറഞ്ഞ പോലെ തന്നെ ഭംഗിയായി തന്റെ വാക്ക് റൊമാരിയോ നിറവേറ്റി..

? മറഡോണ കരേക്ക ഗുള്ളിറ്റ് വാൻ ബാസ്റ്റൻ എന്നിവരെല്ലാം കത്തി നിൽക്കുന്ന കാലത്ത് അതായത് 1988-ൽ 22 ആം വയസ്സിൽ ലോകഫുട്ബോളിലെ പുതിയ അവതാരമായ പിറവിയെടുത്ത റൊമാരിയോ ലോകത്തോട് പറഞ്ഞു.
“എന്റെ കരിയർ ഞാൻ അവസാനിപ്പിക്കുക ആയിരം ഗോൾസ് നേടിയിട്ടായിരിക്കും” .
ഏവരെയും ആശ്ചര്യപ്പെടുത്തി കൊണ്ട് റൊമാരിയോ കരിയർ അവസാനിപ്പിച്ചത് മില്ലേനിയം ഗോൾ സ്കോറർ ആയിട്ടാണ്.

? വലൻസിയയിൽ റൊമാരിയോ കളിക്കുന്ന കാലം.കാലത്ത് ട്രെയിനിംഗ് സെഷനിൽ വളരെയധികം ലേറ്റ് ആയി എത്തിയ റൊമാരിയോയുടെ മുഖത്ത് ഉറക്കത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.റൊമാരിയോ തലേന്ന് പാർട്ടി ക്ലബുകളിൽ പങ്കെടുത്ത ശേഷം നേരിട്ടാണ് ട്രെയിനിംഗിനു വന്നത്.റൊമാരിയോ ഉറക്കം തൂങ്ങി നിൽക്കുന്നതും നേരം വൈകി വന്നതും കണ്ട് രോഷാകുലനായ നിൽക്കുന്ന കോച്ച് വാൾഡാനോയുടെ(പഴയ അർജന്റീന പ്ലെയർ) അടുത്ത് ചെന്ന് റൊമാരിയോ പറഞ്ഞു.
“ഞാൻ എന്റെ എതിരെ ആദ്യം വരുന്ന ഡിഫൻഡറെ നട്ട്മഗ് ചെയ്യും” .
പറഞ്ഞ പോലെ റൊമാരിയോ ചെയ്തു.ഡിഫൻഡറുടെ രണ്ട് കാലുകൾക്കിടയിലൂടെ വളരെ എളുപ്പത്തിൽ അദ്ദേഹം നട്ട്മഗ് ചെയ്തു.രോഷാകുലനായി നിൽക്കുകയായിരുന്ന വാൾഡാനോയുടെ മുഖത്ത് ചിരി പടർന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു
“I could only laugh” “എനിക്ക് ചിരിക്കുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല”…
അദ്ദേഹത്തിന് അറിയാമായിരുന്നു റൊമാരിയോ പറഞ്ഞത് ചെയ്യുമെന്ന്.

? ക്രൈഫ് ബാർസയുടെ കോച്ചായിരുന്നപ്പോൾ സംഭവിച്ച കഥ.

ക്രൈഫ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന റൊമാരിയോയെപ്പറ്റിയുള്ള ഈ സംഭവം വിവരിക്കുന്നത് ഇങ്ങെനെ :-

” റൊമാരിയോ ഒരിക്കൽ എന്റടുത്ത് വന്ന് പറഞ്ഞു എനിക്ക് രണ്ട് ദിവസത്തെ ലീവ് വേണമെന്നും റിയോ ഡി ജനീറോയിലെ ലോക പ്രശസ്തമായ റിയോ കാർണിവൽ ആസ്വദിക്കാനാണ് അവധിയെന്നുമാവിശ്യപ്പെട്ടു.
ഞാൻ മറുപടിയായി പറഞ്ഞു നിനക്ക് ഞാൻ രണ്ട് എക്സ്ട്രാ ദിവസം കൂടി ലീവ് തരാം പക്ഷേ ഒരേയൊരു കണ്ടീഷൻ നാളെത്തെ ലീഗ് മൽസരത്തിൽ നീ രണ്ട് ഗോളുകൾ നേടണം.ഈ കണ്ടീഷൻ റൊമാരിയോ അംഗീകരിച്ചു.പിറ്റേന്ന് ലീഗ് മൽസരം തുടങ്ങി വെറും 20 മിനിറ്റുകൾക്കുള്ളിൽ റൊമാരിയോ രണ്ട് ഗോളുകൾ നേടി ;കളിക്കിടയിൽ ഉടനെ തന്നെ എന്റടുത്ത് ഓടി വന്നിട്ട് പറഞ്ഞു..”കോച്ച് റിയോയിലേക്കുള്ള എന്റെ പ്ലൈൻ ഒരു മണിക്കൂറിനുള്ളിൽ പുറപ്പെടും”.
എനിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല ഞാൻ അദ്ദേഹത്തോട് ഉടനെ തന്നെ പുറപ്പെടാൻ പറഞ്ഞു..അദ്ദേഹത്തിന്റെ പ്രൊമിസ് അദ്ദേഹം പാലിച്ചപ്പോൾ എന്റെ പ്രൊമിസ് ഞാനും പാലിച്ചു”.

താൻ പരിശീലിപ്പിച്ചതിൽ ഏറ്റവും മികച്ചവനും ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമാണ് റൊമാരിയോയെന്ന് അഭിപ്രായപ്പെട്ട ഫ്ലെയിംഗ് ഡച്ച്മാൻ റൊമാരിയോയെ വിശേഷിപ്പിച്ചത് “കിംഗ് ഓഫ് പെനാൽറ്റി ഏരിയ” എന്നായിരുന്നു.
ആയിരം ഗോൾ ക്ലബ്

1000 ഗോൾ പെലെയപ്പോലെ തന്നെ മറകാനയിൽ വെച്ച് നേടണമെന്ന അതിയായ ആഗ്രഹം സാധിക്കാതെ പോയെങ്കിലും റിയോയിൽ തന്റെ കാണികൾക്ക് മുന്നിൽ വെച്ച് വാസ്കോ ഹോം ഗ്രൗണ്ടായ സാവോ ജനോരിയോയിൽ വച്ച് തന്നെ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു.998 ഗോൾ സ്റ്റാറ്റസിൽ നിൽക്കെ മൂന്ന് മൽസരങ്ങളോളം മറകാനയിൽ വെച്ച് കളിക്കാനായാങ്കിലും ഗോളടി അകന്നു നിന്നു.എന്നാൽ സാവോ ജനോരിയയിൽ റെസിഫിനെതിരെ അവസാനം തനിക്ക് കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 1000 ഗോൾ തികച്ച് 41 കാരനായ റൊമാരിയോ 22 വർഷത്തെ ഇതിഹാസകരമായ കരിയറിന് അന്ത്യം കുറിച്ചു.ലോക ഫുട്‌ബോൾ ചരിത്രത്തിൽപ്രൊഫഷണൽ ഫുട്‌ബോളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗോൾ സ്കോറർ ആയിട്ടു തന്നെ.

1994 ലോകകപ്പ് വിജയം , 1989 1997 കോപ്പാ അമേരിക്കാ , 1997 കോൺഫെഡറേഷൻ കപ്പ് ഈ വിജയങ്ങളെല്ലാം എങ്ങനെ മറക്കാനാകും??
എത്ര മനോഹരമായാണ് അദ്ദേഹം തുടർച്ചയായി ഇന്റർനാഷണൽ കപ്പുകൾ വാരികൂട്ടിയത്.അതും ഗോൾഡൻ ബോളുകളും ഗോൾഡൻ ബൂട്ടുകളും ഓരോ ടൂർണമെന്റിലും സ്വന്തമാക്കി കൊണ്ട് തന്നെ.
റിയൽ മാഡ്രിഡിനെ തതകർത്തെറിഞ്ഞ മാസ്മരിക ഹാട്രിക് , മാഞ്ചസ്റ്ററിൽ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ച ഡബിൾ,..ഇത് വെറും ഉദാഹരണങ്ങൾ മാത്രം. ഇങ്ങനെ ക്ലബ് കരിയറിൽ ബ്രസീലിലും സ്പെയിനിലും നെതർലാന്റ്സിലുമായി വമ്പൻ ക്ലബുകളോടപ്പം കളിച്ച് എത്രയെത്ര ഇതിഹാസതുല്ല്യമായ പെർഫോമൻസുകൾ. ഒരു കളിയിൽ ഒരു ഗോളെന്ന ശരാശരിയിൽ ഐന്തൊവനിൽ,എണ്ണപ്പെട്ട വർഷങ്ങൾ മാത്രം യൂറോപ്പിൽ കളിച്ച റൊമാരിയോക്ക് ലോക ഫുട്‌ബോളർ പട്ടവും ,ബാലൻ ഡി ഓറും ബാഴ്സയിൽ,ഫ്ലെമംഗോയിലെ ഗോളടി വീരൻ , വാസ്കോയുടെ രക്ഷകനും എക്കാലത്തെയും ടോപ് സ്കോററും.
ബ്രസീലിയൻ ലീഗിൽ രണ്ടാമത്തെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ , ഇങ്ങനെ പോകുന്നു റൊമാരിയോയുടെ കരിയർ ഗ്രാഫ്..പറഞ്ഞാൽ തീരില്ല അതിനു മാത്രമുണ്ട് അനശ്വര പ്രതിഭയുടെ മഹത്വം.

1998 ലോകകപ്പിലേക്ക് ചെറിയൊരു പരിക്കുണ്ടായിരുന്ന റൊമാരിയോയെ ടീമിലെടുത്താൽ മറ്റു താരങ്ങളുടെ അവസരം നഷ്ടമാവുമെന്ന് പറഞ്ഞ് മരിയോ സഗാലോ തള്ളുകയായിരുന്നു.കാരണം ബ്രസീൽ ക്വാർട്ടറിലെത്തിയാൽ റൊമാരിയോക്ക് കളിക്കാമായിരുന്നു.പരിക്ക് ഭേദമാവാൻ ചില്ലറ ആഴ്ചകൾ മാത്രം മതിയായിരുന്നു.റൊമാരിയോയെ തഴഞ്ഞതിന് വലിയ വില കെട്ടേണ്ടി വന്നു സഗാലോക്ക്.ഒരു പക്ഷേ റൊമാരിയോ ഉണ്ടായിരുന്നേൽ ഫൈനലിൽ സമ്മർദ്ദമേറി രക്ത സമ്മർദ്ദമുയർന്ന് വായിൽ നിന്ന് നുരയും പതയും വന്ന് കൻവൾഷന് അടിമപ്പെട്ട 21 കാരനായ റൊണാൾഡോ പ്രതിഭാസത്തിന് അങ്ങനെ യൊരു അവസ്ഥയുണ്ടാകുമായിരുന്നോ?
(ഫുഡിൽ പോയിസൻ കലർത്തിയതാണെന്ന് പറയുന്നുണ്ടേലും ഈ വിഷയം ഇന്നും ഒരു മിസ്റ്ററിയാണ്).ബ്രസീൽ തീർച്ചയായും ലോകകപ്പ് ഉയർത്തിയേനെ.സഗാലോയും അസി.കോച്ച് സീക്കോയും ചെയ്ത മണ്ടത്തരമായിരുന്നത്.

ബെബറ്റോയോടപ്പമുള്ള മാസ്മരിക കൂട്ട്കെട്ട് , റൊണാൾഡൊയോടപ്പമുള്ള ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കൂട്ട്കെട്ട് ,
ബാഴ്സയിൽ ക്രൈഫിന് കീഴിൽ സ്റ്റോയിക്കോവിനും ലോഡ്രപ്പിനോപ്പമുള്ള അവിസ്മരണീയ ത്രയ സഖ്യം.
റോണോ ഇഞ്ചുറി പിരീഡിൽ റൊമാരിയോ വീണ്ടും ടീമിലേക്ക് തിരിച്ചെത്തി ചുരുക്കം ചില കളികളിലാണെങ്കിൽ പോലും കാനറിപ്പടയിൽ രൂപപ്പെട്ട റൊമാരിയോ-റിവാൾഡോ-റൊണാൾഡീന്യോ സഖ്യം.തന്റെ പ്രിയ ക്ലബ് വാസ്കോ ഡിഗാമയിൽ എഡ്മുണ്ടോയോടപ്പംചേർന്ന് ഗോൾ മഴ പെയ്യിച്ച വാസ്കോയുടെ ചരിത്രത്തിലെ അനശ്വര കൂട്ട്കെട്ട്.
ഇതെല്ലാം റൊമാരിയോ തന്റെ കരിയറിൽ സൃഷ്ടിച്ച അതുല്ല്യ കൂട്ട്കെട്ടുകൾ.ഇത്രയധികം പേരുമായി സഖ്യങ്ങൾ സൃഷ്ടിച്ച മറ്റൊരു ഇതിഹാസം ചരിത്രത്തിലുണ്ടേൽ അത് റൊണാൾഡോ പ്രതിഭാസം മാത്രമാണ്.

റൊമാരിയോ ബൂട്ട് അഴിച്ചു വെച്ച ശേഷം രാഷ്ട്രീയത്തിലെ സ്ട്രൈക്കറാണിന്ന്.റിയോ ഡി ജനീറോയിൽ നിന്നുള്ള സെനറ്ററാണ് റൊമാരിയോ.റിയോ സ്റ്റേറ്റ് ചരിത്രത്തിൽ ഏറ്റവുമധികം വോട്ട് ലഭിച്ച സെനറ്റർ കൂടിയാണ് റൊമാരിയോ.ബ്രസീലിയൻ ഗവൺമെന്റിലെയും CBF ലെയും ഫിഫയിലെയും അഴിമതികളെ പുറത്ത് കൊണ്ട് വന്നതും 2014 ലോകകപ്പ് 2016 ഒളിമ്പിക്സ് എന്നീ രണ്ട് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുള്ള അഴിമതികളെയും വായ് തുറന്ന് ജനങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞതും റൊമാരിയോ ആയിരുന്നു.

റൊമാരിയോയുടെ മകൻ റൊമാരീന്യോവാസ്കോ ഡാ ഗാമയുടെ താരമാണ്. റൊമാരിയോ നമ്മൾ ആരാധകർക്കിടയിൽ ഉണ്ടാക്കി വച്ച ചൈതന്യവും ആസ്വാദനവും അദ്ദേഹത്തിന്റെ മകനിലൂടെ കാനറി ജഴ്സിയിലും നമുക്കു അനുഭവിക്കാൻ കഴിയട്ടെയെന്ന് ആശിക്കുന്നു.

സ്പോർട്സ് ലോകം കണ്ടതിൽ വെച്ച് തന്നെ വളരെ അൽഭുതകരമായ ക്യാരകറ്ററിനുടമയായ വശ്യമായ സൗന്ദരാത്മക ഫുട്‌ബോളിന്റെ മാലാഖ, എന്റെ പ്രിയപ്പെട്ട താരം ,ഞാൻ ആദ്യമായി നെഞ്ചിലേറ്റിയ താരം ,ബ്രസീലിയൻ ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായ എന്നും അവരുടെ കൂടെ മാത്രം അവർക്കിടയിലെ ഒരാളായി ജീവിക്കുന്ന എന്റെ റൊമാരിയോക്കിന്ന് ഒരായിരം പിറന്നാൾ ആശംസകൾ.

Previous articleഈസ്റ്റേണിനെയും തോല്പിച്ച് റൈസിംഗ് സ്റ്റുഡന്റ്സ്
Next articleAFC ചാമ്പ്യൻസ് ലീഗ് യോഗ്യത: ബെംഗളുരു എഫ്‌സി നാളെ അൽ വിഹ്ദത്തിനെതിരെ