ബോക്സിങിൽ നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലു മെഡലുകൾ ഉറപ്പിച്ചു ഇന്ത്യൻ ബോക്സർമാർ. ഫ്ലെവെയിറ്റ് കാറ്റഗറിയിൽ പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തിൽ സ്‌കോട്ടിഷ് താരം ലെനൻ മുള്ളിഗനെ വീഴ്ത്തി സെമിയിൽ എത്തിയ അമിത് പങ്കൽ ഇന്ത്യക്ക് ആയി ഒരു മെഡൽ ഉറപ്പിക്കുക ആയിരുന്നു. വനിതകളുടെ ലൈറ്റ് വെയിറ്റ് കാറ്റഗറിയിൽ ഏഷ്യൻ ഗണേശ് മെഡൽ ജേതാവ് ആയിരുന്ന ഹവ സിംഗിന്റെ കൊച്ചുമകൾ ആയ ജാസ്മിൻ ലമ്പോറിയയും മെഡൽ ഉറപ്പിച്ചു. ന്യൂസിലാന്റ് ബോക്‌സർ ട്രോയി ഗാർട്ടണിനെ വീഴ്ത്തിയാണ് ജാസ്മിൻ സെമിയിലേക്ക് മുന്നേറിയത്.

പുരുഷന്മാരുടെ വെൽറ്റർവെയിറ്റ് കാറ്റഗറിയിൽ 63.5-67 കിലോഗ്രാം വിഭാഗത്തിൽ രോഹിത് ടോകാസും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. സാവിയർ ഇകിനോഫയെ വീഴ്ത്തിയാണ് രോഹിത് സെമിഫൈനലിലേക്ക് മുന്നേറിയത്. പുരുഷന്മാരുടെ സൂപ്പർ ഹെവിവെയിറ്റ് കാറ്റഗറിയിൽ (92 കിലോഗ്രാമിനു മുകളിൽ) 20 കാരനായ സാഗർ ആഹ്ലവാതും ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചു. കെഡി ആഗ്നസിനെ ഏകപക്ഷീയമായ സ്കോറിന് മറികടന്നു സെമിഫൈനലിലേക്ക് മുന്നേറിയാണ് ഇന്ത്യൻ ബോക്‌സർ മെഡൽ ഉറപ്പിച്ചത്.

അഭിമാനമായി കേരളത്തിന്റെ മുരളി ശ്രീശങ്കർ, കോമൺവെൽത്ത് ലോംഗ് ജമ്പിൽ ചരിത്രം എഴുതിയ ഒരു മെഡൽ | Murali Sreeshankar wins silver in long jump

മലയാളിയായ മുരളി ശ്രീശങ്കർ ചരിത്രം കുറിച്ചിരിക്കുകയാണ്. കോമൺ‌വെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യത്തെ ഇന്ത്യൻ പുരുഷ ലോംഗ്ജമ്പറായി കേരളത്തിൽ നിന്നുള്ള യുവതാരം മുരളി ശ്രീശങ്കർ ഇന്ന് മാറി. ബിർമിംഗ്ഹാമിലെ അലക്‌സാണ്ടർ സ്റ്റേഡിയത്തിൽ 8.08 മീറ്റർ ചാടി വെള്ളി നേടിക്കൊണ്ടാണ് ശ്രീശങ്കർ ചരിത്രം എഴുതിയത്.

2018-ൽ അപ്പെൻഡിസൈറ്റിസ് മൂലം ഗോൾഡ് കോസ്റ്റ് ഗെയിംസ് നഷ്‌ടമായ മുരളി ശ്രീശങ്കർ ഇന്ന് അതിന് കണക്കു തീർക്കുക ആയിരുന്നു. നാലാമത്തെ ചാട്ടത്തിൽ ആയിരുന്നു മെഡൽ ഉറപ്പിച്ച 8.08 മീറ്റർ ശ്രീശങ്കർ ചാടിയത്. 8.36 മീറ്ററാണ് ശ്രീശങ്കറിന്റെ കരിയർ ബെസ്റ്റ്.

ഒന്നാമത് എത്തിയ ബഹാമാസിന്റെ ലക്വനും 8.08 ആണ് ചാടിയത്. എങ്കിലും മികച്ച രണ്ടാമത്തെ ശ്രമം താരത്തെ ശ്രീശങ്കറിന് മുകളിൽ ഫിനിഷ് ചെയ്യാൻ സഹായിച്ചു. ബർമിങ്ഹാമിൽ അത്ലറ്റിക്സിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡൽ ആണിത്.

7.97 മീറ്റർ ചാടിയ മുഹമ്മദ് അനിസ് യഹിയ ലോങ് ജമ്പിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Story Highlight: Kerala’s Murali Sreeshankar wins silver in long jump.

സെമിയിൽ കടന്ന് ഹിമ ദാസ്

200 മീറ്റര്‍ ഓട്ടത്തിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യന്‍ താരം ഹിമ ദാസ്. തന്റെ ഹീറ്റ്സിൽ ഒന്നാമതെത്തിയ ഹിമ ദാസ് 23.42 സെക്കന്‍ഡിലാണ് റേസ് പൂര്‍ത്തിയാക്കിയത്. ആകെ പങ്കെടുത്ത 36 അത്‍ലീറ്റുകളിൽ 8ാം സ്ഥാനത്തെത്തിയാണ് ഹിമ സെമിയിലേക്ക് കടന്നത്.

രണ്ട് സെമികളിലായി 16 താരങ്ങളാണ് ഇനി മത്സരിക്കുന്നത്.

വെയിൽസിനെതിരെ വിജയം, ഇന്ത്യന്‍ പുരുഷ ടീമും സെമിയിൽ

വെയിൽസിനെതിരെയുള്ള വിജയത്തോടെ പൂള്‍ ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് വെയിൽസിനെതിരെ 4-1ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമമാക്കിയത്.

ഹര്‍മ്മന്‍പ്രീത് സിംഗിന്റെ ഹാട്രിക്കാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്. സെമി ഫൈനലില്‍ ന്യൂസിലാണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍.

ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ടും പ്രീ ക്വാര്‍ട്ടറിൽ, സിംഗിള്‍സിൽ ശ്രീജയും റീഥും രണ്ടാം റൗണ്ടിലേക്ക്

കോമൺവെൽത്ത് ഗെയിംസിൽ ടേബിള്‍ ടെന്നീസിൽ മികവ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ വനിത സിംഗിള്‍സിൽ ശ്രീജയും റീഥ് ടെന്നിസണും തങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ വിജയിച്ചു.

ശരത് – ശ്രീജ കൂട്ടുകെട്ട് 3-0 എന്ന സ്കോറിനാണ് വിജയം കൊയ്തത്. ശ്രീജ 4-1 എന്ന സ്കോറിന് തന്റെ സിംഗിള്‍സ് മത്സരം വിജയിച്ചു. റീഥും ഇതേ സ്കോറിലാണ് വിജയം കരസ്ഥമാക്കിയത്.

കിഡംബിയും സിന്ധുവും സിംഗിള്‍സിൽ മുന്നോട്ട്, അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഢി കൂട്ടുകെട്ടിന് തോൽവി

കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ സിംഗിള്‍സ് വിഭാഗത്തിൽ ക്വാര്‍ട്ടറിൽ കടന്ന് പിവി സിന്ധുവും ശ്രീകാന്ത് കിഡംബിയും. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച താരങ്ങള്‍ക്ക് അനായാസ ജയമായിരുന്നു രണ്ടാം റൗണ്ടിൽ.

അതേ സമയം മിക്സഡ് ഡബിള്‍സിൽ അശ്വിനി പൊന്നപ്പ – സുമീത് റെഡ്ഢി കൂട്ടുകെട്ടിന് പരാജയം ആയിരുന്നു ഫലം. ലോക റാങ്കിംഗിൽ 47ാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ ജോഡിയോടാണ് 18-21, 16-21 എന്ന സ്കോറിന് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടത്.

സത്യന്‍ – മണിക കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക്, സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ടിന് തോൽവി

കോമൺവെൽത്തിലെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. സത്യന്‍ ജ്ഞാനശേഖരന്‍ – മണിക ബത്ര കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ മറ്റൊരു ജോഡിയായ സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ പുറത്താകുകയായിരുന്നു.

സത്യന്‍ – മണിക കൂട്ടുകെട്ട് 3-0 എന്ന നിലയിൽ തങ്ങളുടെ രണ്ടാം റൗണ്ട് മത്സരം വിജയിക്കുകയായിരുന്നു. ഈ കൂട്ടുകെട്ടിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. സനിൽ – റീഥ് കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് 2-3 എന്ന സ്കോറിനാണ് കീഴടങ്ങിയത്.

ഹൈജംപിൽ ചരിത്രം കുറിച്ച് തേജസ്വിന്‍ ശങ്കറിന്റെ വെങ്കല നേട്ടം

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ഹൈജംപ് മെഡൽ നേടി തേജസ്വിന്‍ ശങ്കര്‍. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ 2.22 മീറ്റര്‍ ദൂരം താണ്ടിയാണ് തേജസ്വിന്‍ ശങ്കര്‍ ഈ ചരിത്ര നേട്ടം ഇന്ത്യയ്ക്കായി നേടിയത്.

താരത്തിനെ ആദ്യം ഗെയിംസിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തിയില്ലെങ്കിലും പിന്നീട് കോടതി വിധി സമ്പാദിച്ചാണ് താരം ടീമിലേക്ക് എത്തുന്നത്. യോഗ്യത നിലവാരം ഉണ്ടായിട്ടും താരത്തെ സ്ക്വാഡിൽ ഉള്‍പ്പെടുത്തുവാന്‍ അധികൃതര്‍ തുനിഞ്ഞിരുന്നില്ല.

ഈ പോരാട്ടങ്ങള്‍ക്കൊടുവിലാണ് താരത്തിന്റെ ഈ വെങ്കല മെഡൽ നേട്ടം.

കാനഡയ്ക്ക് എട്ടടി നൽകി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

കാനഡയ്ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ കടന്ന് കൂടിയപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീം ആധിപത്യം ഉറപ്പിച്ച വിജയം ആണ് ഇന്നലെ നേടിയത്. ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം കാനഡയെ ഇന്നലെ പരാജയപ്പെടുത്തിയത്.

ഹര്‍മ്മന്‍പ്രീത് സിംഗും ആകാശ്ദീപ് സിംഗും രണ്ട് വീതം ഗോളുകള്‍ നേടിയാണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. അമിത് രോഹിദാസ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, ഗുര്‍ജന്ത് സിംഗ്, മന്‍ദീപ് സിംഗ് എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

ദാരോദ്വഹനത്തിൽ ഇന്ത്യക്ക് പത്താം മെഡൽ, ഗുർദീപ് സിംഗിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ദാരോദ്വഹനത്തിൽ ഇന്ത്യക്ക് പത്താം മെഡൽ സമ്മാനിച്ചു ഗുർദീപ് സിംഗ്. 2018 ൽ ദാരോദ്വഹനത്തിൽ ഒമ്പതാം മെഡൽ നേടിയ ഇന്ത്യ ഇത്തവണ ആ റെക്കോർഡ് തിരുത്തി. പുരുഷന്മാരുടെ 109 കിലോഗ്രാമിനു മുകളിലുള്ള വിഭാഗത്തിൽ ആണ് ഗുർദീപ് സിംഗ് ഇന്ത്യക്ക് ആയി വെങ്കലം നേടിയത്.

മൊത്തം 390 കിലോഗ്രാം ആണ് ഗുർദീപ് സിംഗ് ഉയർത്തിയത്. 167 കിലോഗ്രാം സ്നാച്ചിൽ ഉയർത്തിയ ഗുർദീപ് സിംഗ് ക്ലീൻ ആന്റ് ജെർക്കിൽ 223 കിലോഗ്രാം ഉയർത്തി. മൊത്തം 405 കിലോഗ്രാം ഭാരം ഉയർത്തിയ പാകിസ്ഥാൻ താരം മുഹമ്മദ് നൂഹ് ദസ്തകിർ ഭട്ട് ആണ് ഈ ഇനത്തിൽ സ്വർണം നേടിയത്. അതേസമയം മൊത്തം 394 കിലോഗ്രാം ഉയർത്തിയ ന്യൂസിലാന്റിന്റെ ഡേവിഡ് ആൻഡ്രൂ ലിറ്റി ആണ് ഈ ഇനത്തിൽ വെള്ളി നേടിയത്.

ഇന്ത്യക്ക് ജൂഡോയിൽ വെള്ളി നേടി നൽകി തുലിക മാൻ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ജൂഡോയിൽ മൂന്നാം മെഡൽ സമ്മാനിച്ചു തുലിക മാൻ. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ ആണ് തുലിക മാൻ വെള്ളി മെഡൽ നേടിയത്.

സ്‌കോട്ടിഷ് താരം സാറ അഡ്‌ലിങ്റ്റനോട് ഫൈനലിൽ 23 കാരിയായ തുലിക മാൻ പരാജയപ്പെടുക ആയിരുന്നു. സെമിയിൽ ന്യൂസിലാന്റ് താരം സിഡ്‌നി ആൻഡ്രൂസിനെ ആയിരുന്നു ഇന്ത്യൻ താരം തോൽപ്പിച്ചത്.

സ്ക്വാഷിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് വ്യക്തിഗത മെഡൽ നേടി നൽകി സൗരവ് ഘോഷാൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു വെങ്കലം കൂടി സമ്മാനിച്ചു സൗരവ് ഘോഷാൽ. സ്ക്വാഷിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ താരം വ്യക്തിഗത മെഡൽ സ്വന്തമാക്കുന്നത്. 2018 ൽ മിക്സഡ് ഡബിൾസിൽ വെള്ളി മെഡൽ നേടിയ താരം കൂടിയാണ് 35 കാരനായ സൗരവ് ഘോഷാൽ.

ലൂസേഴ്‌സ് ഫൈനലിൽ 2018 ലെ സ്വർണ മെഡൽ ജേതാവായ ഇംഗ്ലീഷ് താരം ജെയിംസ് വിൽസ്ട്രോപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു സൗരവ് തോൽപ്പിച്ചത്. 11-6 നു ആദ്യ സെറ്റ് നേടിയ സൗരവ് രണ്ടും മൂന്നും സെറ്റിൽ ഇംഗ്ലീഷ് താരത്തിന് ഒരവസരവും നൽകിയില്ല. 11-1, 11-4 എന്ന സ്കോറിന് ആയിരുന്നു രണ്ടും മൂന്നും സെറ്റുകൾ സൗരവ് നേടിയത്. നിലവിൽ 18 മെഡലുകൾ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ സ്വന്തമാക്കിയത്.

Exit mobile version