ഹോക്കിയിൽ പൊരുതി വീണ് ഇന്ത്യ, ഓസ്ട്രേലിയയോട് സെമിയിൽ വീണത് ഷൂട്ടൗട്ടിൽ

കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കിയിൽ സെമിയിൽ പുറത്തായി ഇന്ത്യ. മൂന്ന് വട്ടം ഒളിമ്പിക്സ് ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ തോൽവി. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിന് ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

ആദ്യ ക്വാര്‍ട്ടറിൽ ഓസ്ട്രേലിയ റെബേക്ക ഗ്രെയ്നറുടെ ഗോളിൽ മുന്നിലെത്തിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഇന്ത്യയ്ക്കായി നിശ്ചിത സമയത്ത് വന്ദന കട്ടാരിയ ആണ് ഗോള്‍ നേടിയത്. പത്താം മിനുട്ടിൽ ഓസ്ട്രേലിയ ഗോള്‍ നേടിയപ്പോള്‍ ഇന്ത്യ ഗോള്‍ മടക്കിയത് 49ാം മിനുട്ടിലാണ്.

അവസാന മിനുട്ടുകളിൽ ഓസ്ട്രേലിയയുടെ കടുത്ത ആക്രമണങ്ങളെ സവിത തടഞ്ഞപ്പോള്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിന് ഇന്ത്യ പിന്നിൽ പോയി.

ഹോക്കിയിൽ ഓസ്‌ട്രേലിയയെ വിറപ്പിച്ചു ഇന്ത്യൻ വനിതകൾ, സെമിയിൽ തോറ്റത് ഷൂട്ട് ഔട്ടിൽ

കോമൺവെൽത്ത് ഗെയിംസിൽ വനിത ഹോക്കിയിൽ അതുഗ്രൻ പ്രകടനം കാഴ്ച വച്ചെങ്കിലും സെമിയിൽ ഓസ്‌ട്രേലിയയോട് കീഴടങ്ങി ഇന്ത്യൻ വനിതകൾ. അതിശക്തരായ ഓസ്‌ട്രേലിയയെ വിറപ്പിച്ചു ആണ് ഇന്ത്യൻ വനിതകൾ കീഴടങ്ങിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ ഓസ്‌ട്രേലിയ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. റെബേക്ക ഗ്രയിനിയർ ആണ് അവർക്ക് ഗോൾ സമ്മാനിച്ചത്. തുടർന്ന് നിരവധി പെനാൽട്ടി കോർണറുകളും അവസരങ്ങളും സൃഷ്ടിക്കുന്ന ഇന്ത്യൻ ടീമിനെയാണ് മത്സരത്തിൽ കാണാൻ ആയത്. അതിന്റെ ഫലമായി 49 മത്തെ മിനിറ്റിൽ ഇന്ത്യ മത്സരത്തിൽ ഒപ്പമെത്തി.

വന്ദന കതരിയ ആയിരുന്നു ഇന്ത്യക്ക് ആയി സമനില ഗോൾ സമ്മാനിച്ചത്. ഓസ്‌ട്രേലിയ ടൂർണമെന്റിൽ വഴങ്ങുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്. മുഴുവൻ സമയത്തും തുടർന്ന് ഇരു ടീമുകൾക്കും വിജയഗോൾ നേടാൻ സാധിക്കാതെ വന്നപ്പോൾ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീണ്ടു. എന്നാൽ പെനാൽട്ടി സ്ട്രോക്കുകൾ ഇന്ത്യൻ താരങ്ങൾക്ക് ലക്ഷ്യം കാണാതെ വന്നപ്പോൾ ഓസ്‌ട്രേലിയ ഷൂട്ട് ഔട്ടിൽ 3-0 നു ജയം സ്വന്തമാക്കി. വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ വനിതകൾ ന്യൂസിലാന്റിനെ നേരിടും. തീർത്തും അഭിമാനകരമായ പ്രകടനം തന്നെയാണ് ഇന്ത്യൻ വനിതകളിൽ നിന്നു ഇന്ന് ഉണ്ടായത്.

ഗുസ്തിയിൽ രണ്ടു മെഡലുകൾ കൂടി നേടി ഇന്ത്യ, വെങ്കലം നേടി ദിവ്യയും മോഹിതും

കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇന്ന് നടന്ന ആറു വിഭാഗത്തിലും മെഡൽ സ്വന്തമാക്കി ഇന്ത്യ. ഇന്ന് മൂന്നു സ്വർണവും ഒരു വെള്ളിയും നേടിയ ഇന്ത്യക്ക് പിന്നീട് രണ്ടു വെങ്കല മെഡലുകൾ കൂടി ലഭിച്ചു. വനിതകളുടെ 68 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ടോംഗയുടെ ടൈഗർ ലില്ലി കോക്കറെ വെറും 26 സെക്കന്റുകൾക്ക് ഉള്ളിൽ മലർത്തി അടിച്ച ദിവ്യ കക്റാൻ വെങ്കലം നേടുക ആയിരുന്നു.

ഇത് തുടർച്ചയായ രണ്ടാം കോമൺവെൽത്ത് ഗെയിംസിൽ ആണ് ദിവ്യ മെഡൽ സ്വന്തമാക്കുന്നത്. അതേസമയം പുരുഷന്മാരുടെ 125 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ മോഹിത് ഗ്രവാലും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. ജമൈക്കയുടെ ആരോൺ ജോൺസനെ തോൽപ്പിച്ചു ആയിരുന്നു മോഹിതിന്റെ വെങ്കല നേട്ടം. ഗുസ്തിയിൽ ഇന്ത്യയുടെ ആറാം മെഡലും മൊത്തം 26 മത്തെയും മെഡലും ആയിരുന്നു ഇത്.

ആദ്യ കോമൺവെൽത്ത് ഗെയിംസിൽ സെമിയിലെത്തി ശ്രീജ അകുല

ഇന്ത്യയുടെ ദേശീയ ചാമ്പ്യന്‍ ശ്രീജ അകുല കോമൺവെൽത്ത് ഗെയിംസ് വനിത ടേബിള്‍ ടെന്നീസിന്റെ സെമി ഫൈനലില്‍ കടന്നു. കാനഡയുടെ മോ ഷാംഗിനെയാണ് ശ്രീജ ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തിയത്.

1-3ന് മത്സരത്തിൽ പിന്നിൽ പോയ ശേഷം അവസാന മൂന്ന് ഗെയിമും വിജയിച്ചാണ് ശ്രീജ മത്സരത്തിലേക്ക് തിരികെ എത്തിയത്. 4-3 എന്ന സ്കോറിന് ആവേശകരമായ മത്സരത്തിനൊടുവിലാണ് താരത്തിന്റെ വിജയം. 9-11, 11-4, 6-11, 9-11, 11-5, 11-4, 11-8.

ഗുസ്തിയിൽ മൂന്നാം സ്വര്‍ണ്ണം, പാക്കിസ്ഥാന്‍ താരത്തെ വീഴ്ത്തി ദീപക് പൂനിയ

86 കിലോ പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് സ്വര്‍ണ്ണ മെഡൽ. 3-0 എന്ന സ്കോറിനാണ് ദീപക് പൂനിയയുടെ വിജയം. പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെതിരെ ആയിരുന്നു ദീപക് പൂനിയ ഇന്ന് മത്സരിക്കാനിറങ്ങിയത്.

ഇന്ന് ഗുസ്തിയിൽ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ സ്വര്‍ണ്ണ മെഡലാണ് ഇത്. സാക്ഷി മാലികും ബജ്രംഗ് പൂനിയയുമാണ് മറ്റു താരങ്ങള്‍.

നാല് പോയിന്റ് പിന്നിൽ നിന്ന ശേഷം സ്വര്‍ണ്ണവുമായി സാക്ഷി, താരത്തിന്റെ ആദ്യ കോമൺവെൽത്ത് സ്വര്‍ണ്ണം

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലികിന് ആദ്യ പകുതിയിൽ കാലിടറിയെന്ന് ഏവരും കരുതിയ നിമിഷത്തിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തി സ്വര്‍ണ്ണം നേടി ഇന്ത്യന്‍ താരം. പോയിന്റ് നിലയിൽ ഇരു താരങ്ങളും നാല് പോയിന്റാണ് നേടിയതെങ്കിലും വിക്ടറി ബൈ ഫോള്‍ സാക്ഷിയ്ക്കായിരുന്നു. 2014ൽ വെള്ളിയും 2018ൽ വെങ്കലവും നേടിയ സാക്ഷിയുടെ ഇത് ആദ്യത്തെ കോമൺവെൽത്ത് ഗെയിംസ് സ്വര്‍ണ്ണമാണ്.

ഇന്ന് 62 കിലോ വിഭാഗം മത്സരത്തിൽ കാനഡയുടെ ഗോഡിനെസ് ഗോൺസാലസിനെതിരെയുള്ള മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 0-4ന് സാക്ഷി പിന്നിലായിരുന്നു. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സാക്ഷി എതിരാളിയെ പിന്‍ ചെയ്ത് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഗുസ്തിയിൽ നിന്ന് ഇന്ത്യ രണ്ടാം സ്വര്‍ണ്ണമാണ് ഇന്ന് നേടിയത്.

ശരത് – സത്യന്‍ കൂട്ടുകെട്ട് സെമിയിൽ, ഹര്‍മ്മീത് – സനിൽ പുറത്ത്

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാൽ – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ ജാര്‍വിസ് – വാൽക്കര്‍ കൂട്ടുകെട്ടിനെ 3-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ ആധികാരിക വിജയം നേടിയത്. 11-6, 11-8, 11-4.

അതേ സമയം ഹര്‍മ്മീത് ദേശായി – സനിൽ ഷെട്ടി കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് സിംഗപ്പൂര്‍ താരങ്ങളോട് പരാജയപ്പെട്ടു. 10-12, 7-11, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

ബജ്രംഗ് പൂനിയയ്ക്ക് സ്വര്‍ണ്ണം, അന്‍ഷു മാലികിന് വെള്ളി

65 കിലോ വിഭാഗം പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സ്വര്‍ണ്ണം. കാനഡയുടെ താരത്തിനെതിരെ 9-2 എന്ന സ്കോറിനായിരുന്നു ബജ്രംഗ് പൂനിയയുടെ സ്വര്‍ണ്ണ നേട്ടം. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ സ്വര്‍ണ്ണമാണ് കോമൺവെൽത്തിൽ ബജ്രംഗ് നേടുന്നത്.

57 കിലോ വിഭാഗം വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ അന്‍ഷു മാലികിന് വെള്ളി. 4-7 എന്ന സ്കോറിന് നിലവിലെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യന്‍ നൈജീരിയയുടെ ഒഡുനായോ അഡേകുവോരോയേയോടാണ് അന്‍ഷു മാലിക് പരാജയപ്പെട്ടത്.

പിച്ച്ഫോര്‍ഡിനെയും സഹ താരത്തിനെയും വീഴ്ത്തി, ശരത് – ശ്രീജ കൂട്ടുകെട്ട് സെമി ഫൈനലില്‍, സത്യന്‍ – മണിക കൂട്ടുകെട്ട് പുറത്ത്

ഇംഗ്ലണ്ടിന്റെ താരങ്ങളായി ലിയാം പിച്ച്ഫോര്‍ഡിനെയും ടിന്‍-ടിന്‍ ഹോയിനെയും പരാജയപ്പെടുത്തി ഇന്ത്യയുടെ ശരത് കമാൽ – ശ്രീജ അകുല ജോഡി കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്നു.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിൽ രണ്ട് തവണയായി കോമൺവെൽത്ത് ഗെയിംസ് മിക്സഡ് ഡബിള്‍സ് വെള്ളി മെഡൽ നേടിയ സഖ്യത്തിനെതിരെ പൊരുതി നേടിയ 3-2ന്റെ വിജയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനലില്‍ കടന്നത്.

അതേ സമയം മലേഷ്യന്‍ ജോഡിയോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ – മണിക ബത്ര കൂട്ടുകെട്ട് സെമി കാണാതെ പുറത്തായി. 2-3 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ പരാജയം.

സ്വര്‍ണ്ണ പ്രതീക്ഷകളുമായി നാല് ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങളായ ദീപക് പൂനിയ(86 കിലോ), ബജ്രംഗ് പൂനിയ(65 കിലോ), സാക്ഷി മാലിക്(62 കിലോ), അന്‍ഷു മാലിക്(57കിലോ) എന്നിവര്‍ കോമൺവെൽത്ത് ഗെയിംസ് ഗുസ്തി മത്സരങ്ങളുടെ ഫൈനലില്‍ കടന്നു.

അതേ സമയം മോഹിത് ഗ്രേവാൽ സെമി ഫൈനലില്‍ പരാജയപ്പെട്ടു. ഇന്ന് അദ്ദേഹം വെങ്കല മെഡൽ പോരാട്ടത്തിനായി അല്പ സമയം കഴിഞ്ഞ് ഇറങ്ങും.

അവിശ്വസനീയ തിരിച്ചുവരവുമായി ശ്രീജ, രക്ഷിച്ചത് 3 മാച്ച് പോയിന്റുകള്‍, ടേബിള്‍ ടെന്നീസിൽ ഇന്ത്യ മുന്നേറുന്നു

വനിതകളുടെ ടേബിള്‍ ടെന്നീസിൽ അവിശ്വസീനയ തിരിച്ചുവരവുമായി ഇന്ത്യയുടെ ശ്രീജ അകുല. 1-3ന് പിന്നിലായിരുന്ന മത്സരത്തിൽ താരം 3 മാച്ച് പോയിന്റുകള്‍ രക്ഷിച്ച് മത്സരത്തിലേക്ക് തിരികെ വന്ന് 4-3ന് വെയിൽസ് താരം ചാര്‍ലട്ട് കാറേയ്ക്കെതിരെ വിജയം നേടുകയായിരുന്നു. നിര്‍ണ്ണായകമായ ഏഴാം ഗെയിമിലും താരം 4-7, 7-9 എന്നിങ്ങനെ പിന്നിലായിരുന്നുവെങ്കിലും 12-10ന് വിജയം കുറിച്ചു.

അതേ സമയം വനിത ഡബിള്‍സിൽ മണിക ബത്ര – ദിയ ചടാലേ കൂട്ടുകെട്ട് പ്രീ ക്വാര്‍ട്ടറിൽ കടന്നു. പുരുഷ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സനിൽ ഷെട്ടി, ,ശരത് – സത്യന്‍ കൂട്ടുകെട്ടുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പ്രവേശിച്ചു. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ കടന്നു.

പുരുഷ സിംഗിള്‍സിൽ ശരത് കമാല്‍ പ്രീക്വാര്‍ട്ടറിലും വനിത സിംഗിള്‍സിൽ മണിക ബത്ര ക്വാര്‍ട്ടറിലും കടന്നു.

ഇന്ത്യക്ക് ആദ്യമായി പാര പവർലിഫ്റ്റിങിൽ സ്വർണം സമ്മാനിച്ചു സുധീർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം സമ്മാനിച്ചു സുധീർ, 7 വെള്ളിയും 7 വെങ്കലവും ഇതിനകം നേടിയ ഇന്ത്യയുടെ ഇരുപതാം മെഡൽ ആണ് ഇത്. പാര പവർലിഫ്റ്റിങിൽ ചരിത്രത്തിൽ ആദ്യമായി സ്വർണം സമ്മാനിക്കുക ആയിരുന്നു സുധീർ ഇന്ത്യക്ക്.

ഫൈനലിൽ 212 കിലോഗ്രാം ഭാരം വരെ ഉയർത്തിയ 27 കാരനായ സുധീർ ഹെവിവെയിറ്റ് കാറ്റഗറിയിൽ 134.5 പോയിന്റുകൾ ഫൈനലിൽ നേടിയാണ് സ്വർണം സ്വന്തമാക്കിയത്. പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് കൂടി ഇന്ത്യൻ താരം ഈ പ്രകടനത്തിലൂടെ കുറിച്ചു.

Exit mobile version