മാന്നി പാക്വിയാവോ വീണ്ടും റിങ്ങിലേക്ക്

മാന്നി പാക്വിയാവോ

ഫിലിപ്പൈന്‍സിന്റെ ബോക്സിംഗ് ഇതിഹാസവും സെനറ്ററുമായ മാന്നി പാക്വിയാവോ വീണ്ടും റിങ്ങിലേക്ക്. നവംബര്‍ 6നു ജെസ്സി വാര്‍ഗാസുമായുള്ള അങ്കത്തിനായി മാന്നി വീണ്ടും ബോക്സിംഗ് ഗ്ലൗ അണിയും. ലാസ് വേഗാസിലാണ് മത്സരം അരങ്ങേറുക. 2016 ഏപ്രില്‍ 9നു ബോക്സിംഗില്‍ നിന്ന് വിരമിച്ച ശേഷം ഫിലിപ്പൈന്‍സ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാന്നി കഴിഞ്ഞ ഓഗസ്റ്റിലാണ് വീണ്ടും മത്സര രംഗത്തേക്ക് തിരിച്ചു വരുന്ന വിവരം ലോകത്തെ അറിയിച്ചത്. ഫിലിപ്പൈന്‍സ് ജനത ഏറെ സ്നേഹിക്കുന്ന “പാക്മാന്‍” എന്നറിയപ്പെടുന്ന അവരുടെ ഇതിഹാസതാരം വീണ്ടും മത്സരത്തിനിറങ്ങുന്ന ആവേശത്തിലാണവര്‍.

സാമ്പത്തികമായ ലക്ഷ്യങ്ങളാണ് തന്റെ മത്സരരംഗത്തേക്കുള്ള തിരിച്ചുവരവിനു കാരണമെന്ന് മാന്നി വ്യക്തമാക്കിയിരുന്നു. 37 വയസ്സുകാരനായ മാന്നിയുടെ എതിരാളി 27 വയസ്സുകാരന്‍ ജെസ്സി വാര്‍ഗാസ് അമേരിക്കന്‍ പ്രൊഫഷണല്‍ ബോക്സറാണ്. നിലവിലെ WBO വെല്‍റ്റര്‍വെയിറ്റ് ജേതാവാണ് വാര്‍ഗാസ്.