8 വയസുകാരി കാശ്മീർ പെൺകുട്ടിക്ക് ലോക കിരീടം

- Advertisement -

അടുത്ത കാലത്തായി കാശ്മീരിലെ ജനങ്ങൾക്ക് പുഞ്ചിരിക്കാൻ കാരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കർഫ്യു, പൊതുജീവിതത്തിൽ നിയന്ത്രണങ്ങൾ എല്ലാം അവർക്കൊരു നീറ്റലായിരുന്നു. എന്നാൽ ഇന്ന് അവരുടെ എല്ലാം മുഖത്ത് ഒരു ചെറിയ പുഞ്ചിരിയുണ്ട്. കാശ്മീരിൽ നിന്നുള്ള തജമുൾ ഇസ്ലാം എന്ന 8 വയസുകാരി ലോക കിക്‌ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരിക്കുന്നു.

ഇറ്റലിയിലെ അൻഡ്രിയയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിലാണ് തന്റെ US എതിരാളിയെ തറപറ്റിച്ച് കാശ്മീരിലെ ബന്ദിപോരാ ഗ്രാമത്തിൽ നിന്നുമുള്ള ഈ പെൺകുട്ടി സ്വർണം സ്വന്തമാക്കിയിരിക്കുന്നത്.

മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് തജമുൾ ഇസ്ലാം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്ഷമായി ഫാസിൽ അലി ദാർ എന്നയാളുടെ കൂടെ, അദ്ദേഹത്തിന്റെ വീടിന്റെ പുറകിലുള്ള ഒരു ഷെഡിൽ ആണ് തജമുൾ ഇസ്ലാം പരിശീലനം നടത്തുന്നത്.

തജമുൾ ഇസ്ലാമിന്റെ പിതാവ് ഗുലാം മുഹമ്മദ് ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആണ്. നിത്യ ചിലവിന് പോലും രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അദ്ദേഹം തജമുളിനെ കൂടാതെ രണ്ടു സഹോദരിമാരെയും ദാറിന്റെ മാർഷ്യൽ അക്കാദമിയിൽ പരിശീലനത്തിനായി അയക്കുന്നുണ്ട്.

ഈ വര്ഷമാദ്യം ഹരിദ്ധ്വാറിൽ നടന്ന ജമ്മു കാശ്മീർ വുഷു ചാംപ്യൻഷിപ്പിലും തജാമുൾ ഒന്നാം സ്ഥാനം നേടിയിരുന്നു എങ്കിലും ലോക സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ ജയിച്ചതാണ് പ്രൊഫഷണൽ കരിയറിലെ ആദ്യത്തെ വിജയം.

Advertisement