16 പോയിന്റ് ലീഡ് കൈവിട്ട് ഇന്ത്യ, സിറിയയോട് പൊരുതി തോറ്റു

പകുതി സമയത്ത് നേടിയ 16 പോയിന്റ് ലീഡ് ഇന്ത്യ കൈവിട്ടപ്പോള്‍ ഏഷ്യ കപ്പ് ബാസ്കറ്റ്ബോളില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ സിറിയയോട് പൊരുതിതോറ്റ് ഇന്ത്യ.  87-78 എന്ന സ്കോറിനാണ് മത്സരം ഇന്ത്യ കൈവിട്ടത്. കാണികളുടെ ആര്‍ത്തിരമ്പുന്ന പിന്തുണയോടെ കളിച്ച സിറിയ രണ്ടാം പകുതിയില്‍ ഇന്ത്യയെ നിഷ്പ്രഭമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇറാനോടും രണ്ടാം മത്സരത്തില്‍ ജോര്‍ദാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയില്‍ 16 പോയിന്റ് ലീഡോടു കൂടി ഇന്ത്യ 51-35 എന്ന സ്കോറിനാണ് ലീഡ് ചെയ്തിരുന്നത്.

എന്നാല്‍ രണ്ടാം പകുതിയില്‍ സിറിയ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത് ലീഡ് കുറച്ച് കൊണ്ടുവന്നു. ലെബനനിലെ കാണികളുടെ ആര്‍പ്പുവിളികളും പിന്തുണയും സിറിയയ്ക്കായിരുന്നു മത്സരത്തില്‍. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ 16 പോയിന്റ് ലീഡ് എന്നതില്‍ നിന്ന് 8 പോയിന്റായി കുറയ്ക്കാന്‍ സിറിയയ്ക്കായി. നാലാം ക്വാര്‍ട്ടറിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയുടെ ലീഡ് 68-60 ആയിരുന്നു.

ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ ഇന്ത്യ മികച്ചു നിന്നുവെങ്കില്‍ മൂന്നാം ക്വാര്‍ട്ടറില്‍ സിറിയ ശക്തമായ തിരിച്ചുവരവ് നടത്തി. നാലാം ക്വാര്‍ട്ടറിലും സിറിയ മികവ് പുലര്‍ത്തുവാന്‍ ആരംഭിച്ചപ്പോള്‍ ആറ് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ സിറിയ ഇന്ത്യയുടെ ഒപ്പം പിടിച്ചു. ആരാധകരുടെ പിന്തുണയോടെ സിറിയയുടെ താരങ്ങള്‍ വീണ്ടും വീണ്ടും ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇന്ത്യ മത്സരത്തില്‍ പതറി ലീഡ് കൈവിടുകയും ചെയ്തു.

നാലാം ക്വാര്‍ട്ടറില്‍ സിറിയ 27 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് വെറും 10 പോയിന്റാണ് നേടാനായത്. മൂന്ന് ക്വാര്‍ട്ടറിലും ലീഡ് നിലനിര്‍ത്താനായെങ്കിലും അവസാന ക്വാര്‍ട്ടറില്‍ ലീഡും മത്സരവും ഇന്ത്യ കൈവിട്ടു. 20 പോയിന്റുമായി അണ്ണാദുരെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ചിത്രങ്ങള്‍ക്ക് നന്ദി: http://www.fiba.com/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial