താരത്തിന് കൊറോണ സ്ഥിരീകരിച്ചു, എൻ.ബി.എ നിർത്തി വച്ചു

കൊറോണ വൈറസ് മൂലം ഒടുവിൽ എൻ.ബി.എയും നിർത്തി വച്ചു. ഉട്ടാഹ് ജാസ് താരം റൂഡി ഗോബർട്ടിന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ആണ് എൻ.ബി.എക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. ആദ്യം അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തി നോക്കിയ അവർ പക്ഷെ പിന്നീട് മത്സരങ്ങൾ നിർത്തി വക്കാൻ തീരുമാനിക്കുക ആയിരുന്നു.

നിലവിൽ ഏതാണ്ട് 2 ആഴ്ച്ചത്തേക്ക് എങ്കിലും എൻ.ബി.എ മത്സരങ്ങൾ നടക്കില്ല. അതിനു ശേഷം മത്സരങ്ങൾ തുടങ്ങുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല. അതേസമയം താരങ്ങൾക്ക് പരിശീലനത്തിനു അനുമതി ഉണ്ടെങ്കിലും ആരാധകരെ പരിശീലനത്തിനു പ്രവേശിപ്പിക്കില്ല. അമേരിക്കയിൽ കൊറോണ വൈറസ് വലിയ ഭീഷണി ആവുകയാണ്. നിലവിൽ യാത്രവിലക്ക് അടക്കം പലതും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

കോബി അനുസ്മരണ വേദിയിൽ കണ്ണീർ അടക്കാൻ ആവാതെ മൈക്കിൾ ജോർദാൻ

തങ്ങളുടെ എക്കാലത്തെയും വലിയ ഇതിഹാസതാരത്തിനു അവസാനയാത്രയയപ്പ് നൽകി ലോസ് ആഞ്ചലസ് ലേക്കേഴ്‌സ്. ലേക്കേഴ്‌സിന്റെ മൈതാനത്ത് കോബിയെ അനുസ്മരിക്കാൻ കുടുംബക്കാരും സുഹൃത്തുക്കൾക്കും പുറമെ കായിക, സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ ആണ് എത്തിയത്. തന്റെ കരിയറിലെ 20 കൊല്ലം മുഴുവൻ കോബി കളിച്ച മൈതാനത്ത് കോബിക്കും മകൾക്കും അടക്കം അപകടത്തിൽ മരിച്ച എല്ലാവർക്കും അനുസ്മരണം നേരാൻ ആണ് ആളുകൾ ഒത്തു ചേർന്നത്. ഗായിക ബിയാൻസയുടെ പാട്ടിലൂടെ ആണ് അനുസ്മരണ പരിപാടി തുടങ്ങിയത്.

തുടർന്ന് കോബിയുടെ ഭാര്യ വെനേസ തന്റെ ഭർത്താവിനെയും മകളെയും കണ്ണീരോടെ ഓർത്ത് എടുത്തു. കോബിയെ അനുസ്മരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയും ചെയ്ത വെനേസ ലോകത്ത് എല്ലായിടത്തും നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണക്കും നന്ദി പറയുകയും ചെയ്തു. ഇതിഹാസതാരങ്ങൾ ആയ കരീം അബ്ദുൽ ജബ്ബാർ, മാജിക് ജോൺസൻ, മൈക്കിൾ ജോർദാൻ, ലൈബ്രോൻ ജെയിംസ്, സ്റ്റെഫാൻ കറി എന്നിവർ അനുസ്മരണത്തിനു എത്തിയപ്പോൾ ജെന്നിഫർ ലോറൻസ്‌, കിം കെദാർശിയൻസ്, കനയെ വെസ്റ്റ് എന്നീ പ്രമുഖരും ചടങ്ങിന് എത്തി.

ബാസ്ക്കറ്റ് ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരവും കോബിയുടെ വലിയ എതിരാളിയും ആയി അറിയപ്പെടുന്ന മൈക്കിൾ ജോർദാൻ കോബിയെ അനുസ്മരിച്ചത് കണ്ണീരോടെയാണ് ആളുകൾ നോക്കിയിരുന്നത്. പ്രസംഗത്തിൽ ഉടനീളം കണ്ണീർ വാർത്ത ജോർദാൻ കോബിക്ക് ഒപ്പം തന്നിലെ ഒരു ഭാഗം കൂടിയാണ് മരിച്ചത് എന്നു പറഞ്ഞു. എതിരാളി ആയിരുന്ന സമയത്തും തങ്ങൾ തമ്മിലുള്ള മികച്ച ബന്ധം അനുസ്മരിച്ച ജോർദാൻ താൻ എന്നും കോബിക്ക് ഒരു മൂത്ത സഹോദരൻ ആയിരുന്നു എന്നും വ്യക്തമാക്കി. തുടർന്ന് മറ്റ് താരങ്ങളിൽ പലരും കോബിയെ അനുസ്മരിച്ച് സംസാരിച്ചു.

ലോറിയസ് ആജീവനാന്ത പുരസ്‌ക്കാരം നേടി ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കി

ലോറിയസ് ആജീവനാന്ത ബഹുമതിക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ജർമ്മൻ ബാസ്ക്കറ്റ് ബോൾ ഇതിഹാസം ഡിർക്ക് നോവിറ്റ്സ്കി. സ്വന്തം രാജ്യത്ത് വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ അത് നാട്ടുകാരുടെ മുന്നിൽ ഏറ്റുവാങ്ങാനും തന്റെ ഉയരം കൊണ്ട് പ്രസിദ്ധനായ മുൻ ഡല്ലാസ് മാവറിക്‌സ് താരത്തിന് ആയി. ജർമ്മനി കണ്ട ഏറ്റവും മഹാനായ ബാസ്ക്കറ്റ് ബോൾ താരം ആയി കണക്കാക്കുന്ന നോവിറ്റ്സ്കി, അമേരിക്കക്ക് പുറത്തെ ഏറ്റവും മഹാനായ ബാസ്ക്കറ്റ് ബോൾ താരം ആയാണ് പലരും പരിഗണിക്കുന്നത്.

41 കാരനായ മുൻ എൻ.ബി.എ താരം ആയ നോവിറ്റ്സ്കി കരിയറിലെ 21 വർഷവും മാവറിക്‌സിനായി ആണ് കളിച്ചത്. 2011 ൽ മാവറിക്‌സിന്റെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് അവർക്ക് എൻ.ബി.എ കിരീടം നേടി കൊടുക്കാനും താരത്തിന് ആയിരുന്നു. 14 തവണ എൻ.ബി.എ ഓൾ സ്റ്റാർ ടീമിൽ ഇടം പിടിച്ച താരം 2007 ൽ എൻ.ബി.എയിലെ മികച്ച താരവും ആയിരുന്നു. എൻ.ബി.എയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ വിദേശതാരം കൂടിയാണ് ഈ ജർമ്മൻ താരം. 2002 ൽ ബാസ്ക്കറ്റ് ബോൾ ലോകകപ്പിൽ ജർമ്മനിക്ക് വെങ്കല മെഡൽ നേടിക്കൊടുക്കാനും നോവിറ്റ്സ്കിക്ക് ആയിരുന്നു.

കോബിക്ക് ആദരവുമായി ജ്യോക്കോവിച്ച്, കരച്ചിൽ അടക്കാൻ പാട് പെട്ട് താരം

ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്നലെ അപകടത്തിൽ മരണപ്പെട്ട ബാസ്ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രായാന്റിന് ആദരവുമായി സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചും. പരിശീലനത്തിനായി ഇറങ്ങിയ ജേഴ്സിയിൽ കോബിയെ സൂചിപ്പിച്ച് കെ.ബി എന്നും കോബിയുടെ നമ്പറുകൾ ആയ 8, 24 എന്നിവ ആലേഖനം ചെയ്ത് ആണ് ജ്യോക്കോവിച്ച് കളത്തിൽ എത്തിയത്. കോബിയുമായി വലിയ വ്യക്തിബന്ധങ്ങൾ കൂടിയുള്ള താരം തന്റെ ആദരം പ്രകടിപ്പിക്കുകയായിരുന്നു. മത്സരശേഷം നടന്ന അഭിമുഖത്തിലും കോബിക്ക് ആദരം അർപ്പിച്ചു ജ്യോക്കോവിച്ച്.

ടെന്നീസ് ഇതിഹാസം ജോൺ മകെൻറോയുമായുള്ള അഭിമുഖത്തിൽ കോബിയെ കുറിച്ചുള്ള ചോദ്യത്തിന് വികാരാധീനനായ ജ്യോക്കോവിച്ച് കരച്ചിൽ അടക്കിയാണ് മറുപടി നൽകിയത്. കഴിഞ്ഞ 10 വർഷമായി തനിക്ക് കോബിയും ആയുള്ള വ്യക്തിബന്ധം അനുസ്മരിച്ച ജ്യോക്കോവിച്ച് കോബി തന്റെ സുഹൃത്തും മെന്ററും ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. കായികലോകം കണ്ട ഏറ്റവും വലിയ താരം എന്നു കോബിയെ വിളിച്ച ജ്യോക്കോവിച്ച് കോബിയുടെ മകൾ ജിയാനെക്കും ആദരാഞ്ജലികൾ നേർന്നു. മത്സരശേഷം ക്യാമറയുടെ കണ്ണടയിൽ ‘കെ.ബി 8 & 24, ജിജി സ്നേഹം’ എന്നു കുറിച്ച് ആണ് കളം വിട്ടത്.

കോബിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും, കണ്ണീർ വാർത്ത് നിക് ക്യൂരിയോസ്

ഇതിഹാസ ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയാന്റിന് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും. ഇന്നത്തെ നിക് ക്യൂരിയോസ് റാഫേൽ നദാൽ മത്സരത്തിനു മുമ്പ് ആണ് അപകടത്തിൽ മരണപ്പെട്ട കോബി ബ്രയാന്റിനും മകൾക്കും മറ്റ്‌ എഴുപേർക്കും ഓസ്‌ട്രേലിയൻ ഓപ്പൺ ആദരം അർപ്പിച്ചത്. കളത്തിലേക്ക് ബ്രയാന്റെ ലോസ് ആഞ്ചൽസ് ലേക്കേഴ്സിന്റെ എട്ടാം നമ്പർ ജേഴ്‌സി അണിഞ്ഞ് എത്തിയ അറിയപ്പെടുന്ന വലിയ ടെന്നീസ് ആരാധകൻ കൂടിയായ നിക് ക്യൂരിയോസ് തന്റെ ആദരം പ്രകടമാക്കി. കളത്തിലേക്ക് വന്ന ശേഷം പലപ്പോഴും വളരെയധികം വികാരാധീനനായി കാണപ്പെട്ട നിക് ഇടക്ക് കണ്ണീർ തുടക്കുന്നതും കാണാമായിരുന്നു.

അതേസമയം മത്സരശേഷം നടന്ന അഭിമുഖത്തിൽ ബ്രയാന്റിന്റെ ടീം ആയ ലേക്കേഴ്‌സിന്റെ തൊപ്പി അണിഞ്ഞ് എത്തിയ നദാലും തന്റെ ദു:ഖവും ബ്രയാന്റിനോടുള്ള ആദരവും പ്രകടമാക്കി. ബ്രയാന്റിന്റെ ജേഴ്‌സി അണിഞ്ഞ് എത്തിയ നിരവധി കാണികളും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. കായികലോകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾക്ക് ആദരവുമായി വിരാട് കൊഹ്‌ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും മെസ്സി, റൊണാൾഡോ തുടങ്ങിയ ഫുട്‌ബോൾ താരങ്ങളും എത്തിയിരുന്നു. കോബിയുടെയും മകൾ അടക്കമുള്ള സഹയാത്രികരുടെയും മരണത്തിൽ നിന്ന് ഇത് വരെ പൂർണമായും മുക്തമായിട്ടില്ല ലോകം അങ്ങോളം ഇങ്ങോളമുള്ള കായികപ്രേമികൾ എന്നതാണ് വാസ്തവം.

ഇതിഹാസതാരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു, കണ്ണീരോടെ ലോകം

ബാസ്‌കറ്റ്‌ബോൾ കണ്ട എക്കാലത്തെയും മഹാനായ താരങ്ങളിൽ ഒരാളും എൻ.ബി.ഐ ഇതിഹാസവും ആയ കോബി ബ്രയാന്റ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കാലിഫോർണിയയിൽ ഉണ്ടായ അപകടത്തിൽ 41 കാരനായ കോബിക്ക് ഒപ്പം 13 കാരി മകൾ ജിയാനെയും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 7 പേരും കൊല്ലപ്പെട്ടു. മകളുടെ ബാസ്‌കറ്റ്‌ബോൾ മത്സരത്തിനായുള്ള യാത്രക്ക് ഇടയിൽ ആണ് തന്റെ തന്നെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു കോബിയും സഹയാത്രികരും കൊല്ലപ്പെടുന്നത്. ജിയാനെയുടെ സഹതാരം ആലിസ്സയും മാതാപിതാക്കളും അപകടത്തിൽ പെട്ടവരിൽ പെടുന്നു. കനത്ത മൂടൽ മഞ്ഞ് ആണ് അപകടത്തിനു കാരണം എന്നാണ് പ്രാഥമിക നിഗമനം. ആരാധകരുടെ പ്രിയപ്പെട്ട ബ്ളാക്ക് മാമ്പയുടെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്. എൻ.ബി.ഐ യിലെ സഹതാരങ്ങളും പരിശീലകരും കണ്ണീരോടെയാണ് തങ്ങളുടെ പ്രിയസുഹൃത്തിന്റെ മരണം ഉൾക്കൊണ്ടത്. തന്റെ ഇളയസഹോദരൻ എന്നാണ് ഇതിഹാസതാരം മൈക്കൾ ജോർദാൻ കൊബിയെ വിളിച്ചത്.

1978 ൽ ജനിച്ച കോബി 1996 ൽ ആണ് എൻ.ബി.ഐ താരം കൂടിയായ അച്ഛൻ ജോ ബ്രയാന്റിന്റെ പാത പിന്തുടർന്ന് കോളേജിൽ നിന്ന് നേരെ എൻ.ബി.ഐയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1996 മുതൽ 2016 വരെ 20 കൊല്ലം ലോസ് ആഞ്ചൽസ് ലേക്കേഴ്സിന് മാത്രം കളിച്ച കോബി ബാസ്‌കറ്റ്‌ബോളിലെ തന്നെ ഇതിഹാസതാരം ആയി മാറി. തുടക്കം മുതൽ തന്നെ മൈക്കൾ ജോർദാനുമായി താരതമ്യം ചെയ്യപ്പെട്ട കോബി ആ താരതമ്യം അക്ഷരാർത്ഥത്തിൽ ശരി വച്ചു. ലേക്കേഴ്സിനെ 5 തവണ എൻ.ബി.ഐ ജേതാക്കൾ ആക്കിയ കോബി 2008 ലും 2012 ലും അമേരിക്കക്ക് ആയി ഒളിമ്പിക് സ്വർണമെഡലും നേടി. 18 തവണ ആൾ സ്റ്റാർ ടീമിൽ ഇടം കണ്ട കോബി, 15 തവണ ആൾ എൻ.ബി.ഐ ടീമിലും ഇടം കണ്ടു. 2008 ൽ എൻ.ബി.ഐയിലെ ഏറ്റവും വിലകൂടിയ താരമായ കോബി 2 തവണ എൻ.ബി.ഐ ടോപ്പ് സ്കോററും ആയി. നിലവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ നാലാമത്തെ എൻ.ബി.ഐ താരം ആണ് കോബി.

ഷൂട്ടിങ് ഗാർഡ് ആയി എൻ.ബി.ഐയിൽ 20 വർഷം കളിക്കുന്ന ആദ്യ താരവും ആയി കോബി. കരിയറിൽ 30,000 പോയിന്റുകൾ ഏറ്റവും വേഗത്തിൽ സ്വന്തമാക്കിയ താരം കൂടിയാണ് കോബി. കൂടാതെ കായികരംഗത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആയ കോബിയുടെ പ്രസക്തി ബാസ്‌കറ്റ്‌ബോളിനും അപ്പുറം തന്നെയാണ്. ആഗോള കായികപ്രതീകം ആയി തന്നെയാണ് കോബിയെ ലോകം കണക്കാക്കുന്നത്. അതിനാൽ തന്നെ ഈ മരണം ലോകത്തെ ഒന്നാകെ കണ്ണീരിൽ ആഴ്‌ത്തി. തങ്ങളുടെ പ്രിയതാരം ഉപയോഗിച്ച 8, 24 ജേഴ്‌സി നമ്പറുകൾ ഇനി ഉപയോഗിക്കില്ല എന്നു ലേക്കേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ കോബിക്ക് ആദരമായി 24 നമ്പർ ജേഴ്‌സി തങ്ങളും ഉപയോഗിക്കില്ല എന്നു പ്രഖ്യാപിച്ചു മറ്റൊരു എൻ.ബി.ഐ ടീം ആയ ഡല്ലാസ് മാവറിക്സ്.

സാമൂഹിക മാധ്യമങ്ങളിൽ അടക്കം സഹതാരങ്ങളും പ്രമുഖരും ആരാധകരും അടക്കം ലോകം മുഴുവൻ കോബിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ, ഫുട്‌ബോൾ താരങ്ങൾ ആയ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ടെന്നീസ്‌താരം റാഫേൽ നദാൽ, മറ്റ് കായികതാരങ്ങൾ നിരവധി ക്ലബുകൾ, പ്രമുഖ സിനിമ, കായിക താരങ്ങൾ തുടങ്ങി പലരും ആദരാഞ്ജലികൾ നേർന്നപ്പോൾ ഗ്രാമി അവാർഡ് വേദിയിൽ പാട്ടുകാർ പലരും കോബിക്ക് ആദരാഞ്ജലികൾ നേർന്നു. പി.എസ്.ജിക്കായി കളിക്കുമ്പോൾ കളത്തിൽ കോബിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ബ്രസീലിയൻ താരം നെയ്മർ. കായികരംഗത്തെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്നിനെ തന്നെയാണ് ഇന്ന് ലോകത്തിനു നഷ്ടമായത്. എന്നാൽ കോബി ആരാധകരുടെ ഓർമ്മയിൽ ജീവിക്കും എന്നുറപ്പാണ്. ബാസ്‌ക്കറ്റ്ബോൾ ഇതിഹാസത്തിനു കായിക രംഗത്തെ ഏറ്റവും വലിയ നായകരിൽ ഒരാൾക്ക് ഫാൻപോർട്ടും ആദരാഞ്ജലികൾ നേരുന്നു. വിട ബ്ളാക്ക് മാമ്പ

Exit mobile version