Img 20221015 231213

ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗിന് ഇന്ന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആദ്യ ദേശീയ ലീഗായ ഐഎന്‍ബിഎലിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ഇതാദ്യമായി സംഘടിപ്പിക്കുന്ന ലീഗിന്റെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന് മുതല്‍ 20 വരെ കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ (രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം) നടക്കുക. കൊച്ചി, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെ പ്രതിനിധീകരിച്ച് ആറ് ടീമുകളാണ്മൂന്ന് പ്രാഥമിക റൗണ്ടുകളിലായി മത്സരിക്കുക.

ഉച്ചക്ക് രണ്ടിന് ചെന്നൈ ഹീറ്റും ഡെല്‍ഹി ഡ്രിബ്ലേഴ്‌സും തമ്മിലുള്ള മത്സരത്തോടെ ലീഗിന്റെ ആദ്യറൗണ്ട് തുടങ്ങും. തുടര്‍ന്ന് മുംബൈ ടൈറ്റന്‍സും ബെംഗളൂരു കിങ്‌സും തമ്മിലുള്ള മത്സരം. ചണ്ഡീഗഡ് വാരിയേഴ്‌സിനെതിരായ കൊച്ചി ടൈഗേഴ്‌സിന്റെ മത്സരത്തോടെ ആദ്യദിനം അവസാനിക്കും. അഞ്ച് ദിവസത്തെ റൗണ്ട് റോബിന്‍ മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് ടേബിളില്‍ ഒന്നാമതെത്തുന്ന ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. ഏറ്റവും മൂല്യമേറിയ താരത്തിന് 25,000 രൂപയും സമ്മാനം നല്‍കും.

കാണികള്‍ക്ക് എല്ലാ മത്സരങ്ങള്‍ക്കുമുള്ള പ്രവേശനം സൗജന്യമാണ്. പ്രത്യേക ഗേറ്റ് വഴി കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. ലീഗിന്റെ രണ്ടാം റൗണ്ട് ഒക്ടോബര്‍ 26 മുതല്‍ 30 വരെ ജയ്പൂരിലും, മൂന്നാം റൗണ്ട് ഡിസംബര്‍ 7 മുതല്‍ 11 വരെ പൂനെയിലും നടക്കും. 2023 ജനുവരി 11 മുതല്‍ 15 വരെ ബെംഗളുരുവിലാണ് പ്ലേഓഫ് നടക്കുക.

Exit mobile version