ഓസ്ട്രേലിയയ്ക്ക് സാധ്യത, ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ സെമി ലൈനപ്പ് ആയി

ലെബനനില്‍ ഓഗസ്റ്റ് 8 മുതല്‍  നടന്നുവരുന്ന ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ മത്സരങ്ങളുടെ സെമി ലൈനപ്പ് തയ്യാര്‍. ദക്ഷിണ കൊറിയ, ഇറാന്‍, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവരാണ് സെമി ഉറപ്പാക്കിയ ടീമുകള്‍. ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളില്‍ തന്നെ പുറത്താവുകയായിരുന്നു. ഓഗസ്റ്റ് 20 നാണ് ടൂര്‍ണ്ണമെന്റ് അവസാനിക്കുന്നത്.

ബുധനാഴ്ച(ഓഗസ്റ്റ് 16) നു നടന്ന ആദ്യ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ദക്ഷിണ കൊറിയ ഫിലിപ്പൈന്‍സിനെയും ഇറാന്‍ ആതിഥേയരായ ലെബനനെയുമാണ് പരാജയപ്പെടുത്തിയത്. അന്ന് നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയ ആക്രമണത്തിനു മുന്നില്‍ ടൂര്‍ണ്ണമെന്റില്‍ അതുവരെ മികവ് പുലര്‍ത്തിയ ഫിലിപ്പൈന്‍സ് അടിപതറുകയായിരുന്നു. 118-86 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയ ഫിലിപ്പൈന്‍സിനെ തകര്‍ത്തത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ ലൈബനന്റെ ചെറുത്ത് നില്പിനെ 80-70 എന്ന സ്കോറിനു തോല്പിച്ചാണ് ഇറാന്‍ സെമി യോഗ്യത നേടിയത്.

ഇന്നലെ നടന്ന ശേഷിക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ചൈനയെ 97-71 എന്ന സ്കോറിനു തകര്‍ത്ത് ഓസ്ട്രേലിയയും ജാര്‍ദാനെതിരെ 98-70ന്റെ വിജയം സ്വന്തമാക്കി ന്യൂസിലാണ്ടും സെമിയില്‍ കടന്നു. നിലവിലെ ചാമ്പ്യന്മാരെ പുറത്താക്കി വരുന്ന ഓസ്ട്രേലിയയ്ക്ക് തന്നെയാണ് കപ്പിനുള്ള കൂടുതല്‍ സാധ്യത. ചൈനയുടെ പ്രകടനം ടൂര്‍ണ്ണമെന്റില്‍ അത്ര മികച്ചതായിരുന്നില്ല. ഫിലിപ്പൈന്‍സിനോട് ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ട അവര്‍ നേരിയ വ്യത്യാസത്തിലാണ് ഖത്തറിനെയും, ഇറാഖിനെയും മറികടന്ന് പ്രീക്വാര്‍ട്ടറില്‍ കടന്നത്. പ്രീക്വാര്‍ട്ടറില്‍ സിറിയയോടും 2 പോയിന്റിനു മാത്രമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്ക് വിജയിക്കാനായത്.

pic courtesy : http://www.fiba.basketball

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial