പൊരുതി തോറ്റ് സിന്ധു, അകാനെ യമാഗൂച്ചി ഫൈനലില്‍

- Advertisement -

ഇന്ത്യയുടെ പിവി സിന്ധുവിനെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ 2018 സെമിയില്‍ പരാജയപ്പെടുത്തി ജപ്പാന്റെ അകാനെ യമാഗൂച്ചി. ഇന്ന് നടന്ന തീപാറും പോരാട്ടത്തില്‍ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് വിജയം ജപ്പാന്‍ താരം സ്വന്തമാക്കിയത്. ആദ്യ ഗെയിം സിന്ധു ജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ട് ഗെയിമിലും യമാഗൂച്ചി ജയം നേടി. അകാനെ യമാഗൂച്ചി 19-21, 21-19, 21-18 എന്ന് സ്കോറിനാണ് മത്സരം വിജയിച്ച് ഫൈനല്‍ യോഗ്യത നേടിയത്.

ആദ്യ ഗെയിമില്‍ വ്യക്തമായ ആധിപത്യം സിന്ധുവിനായിരുന്നുവങ്കിലും അവസാനവേളയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി അകാനെ 17-17നു ഒപ്പമെത്തി. പിന്നീട് തുടരെ മൂന്ന് പോയിന്റുമായി സിന്ധു ഗെയിം പോയിന്റിനു അരികെ എത്തിയെങ്കിലും യമാഗൂചി രണ്ട് പോയിന്റുകള്‍ നേടി സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ മികച്ചൊരു സ്മാഷിലൂടെ സിന്ധു ആദ്യ ഗെയിം സ്വന്തം വരുതിയിലാക്കി. ഇടവേള സമയത്ത് 11-5നു സിന്ധുവിനായിരുന്നു ലീഡ്.

രണ്ടാം ഗെയിമില്‍ ഇരു താരങ്ങളുടെ ഓരോ പോയിന്റും ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയപ്പോള്‍ മത്സരം കൂടുതല്‍ കടുപ്പമേറിയതായി. 9-9 വരെ സിന്ധുവും യമാഗൂച്ചിയും ഒപ്പമായിരുന്നുവെങ്കിലും ഇടവേളയ്ക്ക് പിരിയുമ്പോള്‍ ജപ്പാന്‍ താരം രണ്ട് പോയിന്റിന്റെ ലീഡോടെ 11-9നു മുന്നിട്ട് നിന്നു. ഇടവേളയ്ക്ക് ശേഷം 12-12നു സിന്ധു ഒപ്പം പിടിച്ചുവെങ്കിലും അകാനെ 19-15നു ലീഡ് നേടി. തുടരെ മൂന്ന് പോയിന്റുകള്‍ സിന്ധുവിനു സ്വന്തമാക്കാനായെങ്കിലും നിര്‍ണ്ണായകമായ ഗെയിം പോയിന്റ് സ്വന്തമാക്കിയ ജപ്പാന്‍ താരം 21-19നു ഗെയിം സ്വന്തമാക്കി മത്സരം അവസാന ഗെയിമിലേക്ക് നീട്ടി.

മൂന്നാം ഗെയിമില്‍ ആദ്യം മുതലെ സിന്ധുവിനായിരുന്നു നേരിയ മുന്‍തൂക്കം. ഇടവേള സമയത്ത് 11-7നു ലീഡും സിന്ധു സ്വന്തമാക്കി. എന്നാല്‍ ഇടവേളയ്ക്ക് ശേഷം അകാനെ യമാഗൂച്ചി നടത്തിയ മികച്ച തിരിച്ചുവരവ് സ്കോര്‍ 15-15ല്‍ എത്തിച്ചു. നീണ്ട റാലികള്‍ പതിവു കാഴ്ചയായ മത്സരത്തില്‍ പിന്നീട് ഇരു താരങ്ങളും ഓരോ പോയിന്റുകളുമായി ഒപ്പത്തിനൊപ്പം നിന്നു. രണ്ട് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കിയ യമാഗൂച്ചി 21-18നു ഗെയിമും മത്സരവും സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement