മൂന്നും ജയിച്ച് സിന്ധു സെമിയില്‍, മൂന്നും തോറ്റ് കിഡംബി

- Advertisement -

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനലിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പിവി സിന്ധുവിനു ജയവും ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയവും. സിന്ധു തന്റെ തുടര്‍ച്ചയായ മൂന്നാം മത്സരം ജയിച്ചപ്പോള്‍ കിഡംബിയുടെ മൂന്നാം തുടര്‍ തോല്‍വിയായിരുന്നു ഇന്നലത്തെ മത്സരത്തിലേത്. പിവി സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയപ്പെടുത്തിയത്. സ്കോര്‍ : 21-9, 21-13. അനായാസ ജയം സ്വന്തമാക്കിയ സിന്ധു ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ കടന്നിട്ടുണ്ട്. 36 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് സിന്ധു തന്റെ മൂന്നാം ജയം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം നേടിയ സിന്ധുവിനു പിന്നീട് ടൂര്‍ണ്ണമെന്റില്‍ അനായാസ വിജയങ്ങളാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ നേടാനായത്. സെമിയില്‍ ചൈനയുടെ ചെന്‍ യൂഫെയുമായാണ് സിന്ധുവിന്റെ പോരാട്ടം. ഇതിനു മുമ്പ് ഫ്രഞ്ച് ഓപ്പണില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ സിന്ധുവിനായിരുന്നു ജയം.

പുരുഷ വിഭാഗത്തില്‍ ഷി യൂകിയോട് മൂന്ന് ഗെയിമിനു ഒടുവിലാണ് ശ്രീകാന്ത് പരാജയം ഏറ്റുവാങ്ങിയത്. ആദ്യ ഗെയിം നഷ്ടമായ കിഡംബി രണ്ടാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നാം ഗെയിം ചൈനീസ് താരം സ്വന്തമാക്കിയപ്പോള്‍ ജയത്തോടെ ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാമെന്ന ശ്രീകാന്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയായി. സ്കോര്‍: 17-21, 21-19, 14-21

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement