
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസിനു നാളെ തുടക്കം. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. നിലവില്‍ രണ്ടാം റാങ്കിലുള്ള ഇന്ത്യന്‍ താരം കഴിഞ്ഞ മാസം നടന്ന ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പണിനു ശേഷം ഇന്ത്യയുടെ ദേശീയ ടൂര്‍ണ്ണമെന്റില്‍ കളിച്ചിരുന്നുവെങ്കിലും ഫൈനലില്‍ എച്ച് എസ് പ്രണോയിയോട് പരാജയപ്പെട്ടിരുന്നു.
ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസിനു തയ്യാറാകാന്‍ വേണ്ടിയാണ് താന്‍ ചൈന ഓപ്പണില്‍ നിന്ന് പിന്മാറുന്നതെന്നാണ് ശ്രീകാന്ത് അറിയിച്ചിട്ടുള്ളത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനമെന്ന ലക്ഷ്യത്തിനായി ശ്രീകാന്ത് ഇനിയും കാത്തിരിക്കണമെന്ന് അര്‍ത്ഥം. ശ്രീകാന്ത് പിന്മാറിയെങ്കിലും പുരുഷ വിഭാഗത്തില്‍ മറ്റു ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയ്, സായി പ്രണീത്, സൗരഭ് വര്‍മ്മ, സമീര്‍ വര്‍മ്മ, അജയ് ജയറാം എന്നിവര്‍ പങ്കെടുക്കും. ഇന്ത്യയുടെ പാരുപള്ളി കശ്യപ് ക്വാളിഫയറിലും മത്സരിക്കുന്നുണ്ട്.
വനിത വിഭാഗത്തില്‍ പിവി സിന്ധുവും സൈന നെഹ്‍വാലും ഇന്ത്യന്‍ പ്രതീക്ഷകളുമായി ടൂര്‍ണ്ണമെന്റില്‍ മത്സരിക്കും. വനിത ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി സഖ്യവും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി സഖ്യവും സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ടും മത്സരിക്കുന്നുണ്ട്. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡി പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഢി സഖ്യം ഇന്ത്യന്‍ പ്രതീക്ഷകളുമായി കോര്‍ട്ടിലിറങ്ങും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial