ചൈനീസ് തായ്പേയ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റ് : ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം

0
ചൈനീസ് തായ്പേയ് മാസ്റ്റേഴ്സ് ടൂര്‍ണ്ണമെന്റ് : ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം

തോളിനേറ്റ് പരിക്കു കാരണം മലേഷ്യയുടെ ഡാരന്‍ ല്യൂ മൂന്നാം സെറ്റില്‍ പിന്മാറിയതോടു കൂടി ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് കിരീടം. ആദ്യ രണ്ടു സെറ്റുകള്‍ 12-10 12-10 നു സൗരഭ് സ്വന്തമാക്കിയിരുന്നു. മൂന്നാം സെറ്റില്‍ സ്കോര്‍ 3-3 എന്നെത്തിയപ്പോളാണ് ല്യൂന് പരിക്കേറ്റത്.

ആദ്യ സെറ്റില്‍ തുടക്കത്തില്‍ നേടിയ ലീഡ് നിലനിര്‍ത്താന്‍ സൗരഭിനായെങ്കിലും പിന്നീട് 5-5 ന് തുല്യത പാലിച്ച ല്യൂ 8-5 എന്ന നിലയില്‍ ലീഡ് ഉയര്‍ത്തുന്നതാണ് കണ്ടത്. 10-7 നു ല്യൂ മൂന്ന് സെറ്റ് പോയിന്റുകള്‍ നേടാനായെങ്കിലും ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ സൗരഭ് വീണ്ടും തുല്യത പാലിച്ചു 10-10. അടുത്ത രണ്ട് പോയിന്റുകള്‍ നേടി സൗരഭ് ആദ്യ സെറ്റ് കരസ്ഥമാക്കി.

രണ്ടാം സെറ്റിലും ആദ്യ സെറ്റിന്റെ തുടര്‍ച്ചയാണ് കണ്ടത്. ലീഡ് നേടി മലേഷ്യന്‍താരം മത്സരം സ്വന്തം വരുതിയിലാക്കുമെന്ന സൂചന നല്‍കി. 4-8 നു പിന്നിലായിരുന്ന സൗരഭ് മികച്ച റാലിയും ഡ്രോപ്പുകളുടെയും സഹായത്തോടു കൂടി 9-10 ആയി കുറയ്ക്കാനായി. ആദ്യ സെറ്റിലെ പോലെ അവസാന മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി രണ്ടാം സെറ്റും സൗരഭ് സ്വന്തമാക്കി.

മൂന്നാം സെറ്റില്‍ സ്കോര്‍ 3-3 എന്ന നിലയിലെത്തിയപ്പോളായിരുന്നു മലേഷ്യന്‍ താരത്തിനു പരിക്കേറ്റത്.