സിന്ധുവിനു ആദ്യ റൗണ്ട് തോല്‍വി

- Advertisement -

ജൂനിയര്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ചെന്‍ യൂഫൈയോട് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. ലോക 10ാം നമ്പര്‍ താരത്തോട് ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരവും ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനവുമുള്ള സിന്ധു നേരിട്ടുള്ള ഗെയിമുകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. ഇതിനു മുമ്പ് മലേഷ്യന്‍ ഓപ്പണിലെ ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ചൈനീസ് താരത്തിനും ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ സിന്ധുവിനും ആയിരുന്നു ജയം. 21-17, 23-21 എന്ന സ്കോറിനാണ് ചൈനീസ് താരം ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ചെന്‍ 5-1നു ലീഡ് നേടിയിരുന്നു. എന്നാല്‍ മികച്ച തിരിച്ചുവരവ് നടത്തി സിന്ധു 9-9നു ഒപ്പം പിടിച്ചു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10ന്റെ നേരിയ ലീഡ് മാത്രമായിരുന്നു ചൈനീസ് യുവതാരത്തിനുണ്ടായിരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാടി 16-16 വരെ പിടിച്ചു നിന്നുവെങ്കിലും ചെന്‍ ഗെയിം 21-17നു നേടി.

രണ്ടാം ഗെയിമിലും ആദ്യത്തേതിനു സമാനമായി ചെന്‍ ലീഡ് നേടുകയും പിന്നീട് സിന്ധു തിരിച്ചുവരവ് നടത്തുന്നതുമാണ് കണ്ടത്. ആദ്യ ഗെയിമലെ പോലെ 11-10ന്റെ ലീഡ് ചെന്‍ രണ്ടാം ഗെയിമിന്റെ ഇടവേളയിലും നേടി. രണ്ടാം ഗെയിമില്‍ 17-20നു പിന്നില്‍ പോയ സിന്ധു 3 മാച്ച് പോയിന്റുകള്‍ രക്ഷിച്ച് 20-20 എന്ന സ്കോറിലെത്തിച്ചുവെങ്കിലും പിന്നെയും രണ്ട് തവണ മുന്നിലെത്തിയ ചെന്‍ ഗെയിമും മത്സരവും 23-21നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement