സിന്ധു ഫൈനലില്‍, തീപാറും പോരാട്ടത്തിനൊടുവില്‍ ജയം, വീണ്ടുമൊരു ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍‍ഷിപ്പ് ഫൈനലില്‍ കടന്ന് പിവി സിന്ധു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. നാളെ നടക്കുന്ന ഫൈനല്‍ മത്സരം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 24-22. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

നേരത്തെ നടന്ന സെമിയില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തിയാണ് മരിന്‍ ഫൈനലില്‍ എത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സ്പാനിഷ് താരത്തിന്റെ തിരിച്ചുവരവ്. 13-21, 21-16, 21-13 എന്ന സ്കോറിനായിരുന്നു കരോളിന മരിന്റെ ജയം.

സിന്ധുവിന്റെ മത്സരത്തില്‍ ആദ്യ ഗെയിമിലെ 0-5നു പിന്നില്‍ നിന്ന ശേഷം മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. ആദ്യ പകുതിയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും യമാഗൂച്ചിയ്ക്കായിരുന്നു ഇടവേള സമയത്ത് 11-10 ന്റെ ലീഡ്. പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിയ സിന്ധു 19-13നു ലീഡ് കൈക്കലാക്കി. പിന്നീട് മൂന്ന് പോയിന്റുകള്‍ കൂടി ജപ്പാന്‍ താരം നേടിയെങ്കിലും ഗെയിം 21-16നു സിന്ധു സ്വന്തമാക്കി.

രണ്ടാം ഗെയിമിലും യമാഗൂച്ചി തന്നെയാണ് തുടക്കത്തില്‍ മുന്നിലെത്തിയത്. ഇടവേള സമയത്ത് താരം 11-7നു മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ 19-12നു മുന്നിലെത്തി താരം ഗെയിം സ്വന്തമാക്കുവാന്‍ 2 പോയിന്റ് അകലെയായിരുന്നു. തുടര്‍ന്ന് 7 പോയിന്റുകള്‍ തുടര്‍ച്ചയായി നേടിയാണ് സിന്ധു ജപ്പാന്‍ താരത്തിനൊപ്പമെത്തിയത്. അവിടെ നിന്ന് മാച്ച് പോയിന്റില്‍ സിന്ധുവെത്തിയെങ്കിലും ജപ്പാന്‍ താരം 20-20നു ഒപ്പമെത്തി.

പിന്നീട് യമാഗൂച്ചിയ്ക്ക് ഗെയിം പോയിന്റും സിന്ധുവിനു മാച്ച് പോയിന്റും മാറി മാറി ലഭിച്ച മത്സരത്തിനൊടുവില്‍ 24-22 നു സിന്ധു ജയം കരസ്ഥമാക്കി ഫൈനലിലേക്ക് യാത്രയാകുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial