ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഇനി സൂപ്പര്‍ പോരാട്ടം

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന-സിന്ധു സൂപ്പര്‍ പോരാട്ടം. ഇന്ന് നടന്ന രണ്ടാം റൗണ്ട് മത്സരങ്ങളില്‍ ഇരുവരും ജയിച്ചതോടു കൂടിയാണ് നാളെ ഈ സൂപ്പര്‍ പോരാട്ടത്തിനു ഇന്ത്യന്‍ ആരാധകര്‍ സാക്ഷിയാകുന്നത്. തായ്‍ലാന്‍ഡിന്റെ പോണ്‍പാവീയെ 21-14, 21-12 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റില്‍ 9-9 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും പോരാടിയത്. എന്നാല്‍ സൈന പിന്നീട് മത്സരത്തില്‍ തന്റെ ആധിപത്യം ഉറപ്പിയ്ക്കുകയായിരുന്നു.

ജപ്പാന്റെ സയീന കവാക്കിയെയാണ് പിവി സിന്ധു രണ്ടാം റൗണ്ടില്‍ മറികടന്നത്. ആദ്യ ഗെയിം 21-16 നു സിന്ധു സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ ഇരുവരും അവസാനം വരെ ഒപ്പത്തിനൊപ്പം പൊരുതുകയായിരുന്നു. എന്നാല്‍ തന്റെ മികച്ച ഫോം നിലനിര്‍ത്തി സിന്ധു മത്സരം 23-21നു സ്വന്തമാക്കി ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ പോരാട്ടത്തിനു കളമൊരുക്കുകയായിരുന്നു.

Previous articleഅവസാന നിമിഷത്തിലെ ഉസോ മാജിക്ക്, കൊയപ്പയിൽ വീണ്ടും പെരിന്തൽമണ്ണ
Next articleമഞ്ഞപ്പടയെ പറത്തി ചെർപ്പുളശ്ശേരിയുടെ നീലപ്പടക്ക് കിരീടം, ഹാട്രിക്കുമായി ആൽബർട്ട്