ആവേശപ്പോരാട്ടത്തിനൊടുവില്‍ സിന്ധുവിനു ജയം

ചൈന ഓപ്പണ്‍ ആദ്യ റൗണ്ടില്‍ വിജയം കൊയ്ത് ഇന്ത്യയുടെ പിവി സിന്ധു. ജപ്പാന്റെ സയാക സാറ്റോയെയാണ് താരം ആദ്യ റൗണ്ട് മത്സരത്തില്‍ നേരിട്ടുള്ള ഗെയിമില്‍ തകര്‍ത്തത്. മത്സരം നേരിട്ടുള്ള ഗെയിമിലാണ് ജയിച്ചതെങ്കിലും കടുത്ത ചെറുത്ത്നില്പാണ് ജപ്പാന്‍ താരം പുറത്തെടുത്തത്. സ്കോര്‍: 24-22, 23-21. 59 മിനുട്ടിിലാണ് സിന്ധു ചൈന ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് കടന്നത്.

ആദ്യ ഗെയിമില്‍ 11-7നു ഇടവേള സമയത്ത് ലീഡ് ചെയ്ത സിന്ധുവിനെ 18-18നു സയാക ഒപ്പം പിടിച്ചു. രണ്ട് ഗെയിം പോയിന്റുകള്‍ നേടിയെങ്കിലും അവ രണ്ടും ജപ്പാന്‍ താരം രക്ഷിച്ചു. അഞ്ചാമത്തെ ഗെയിം പോയിന്റില്‍ മാത്രമാണ് ആദ്യ ഗെയിം സ്വന്തമാക്കാന്‍ സിന്ധുവിനു ആയത്. രണ്ടാം ഗെയിമില്‍ സാറ്റോയാണ് ആദ്യം ലീഡ് നേടിയത്. ലീഡ് നിലനിര്‍ത്തി ജപ്പാന്‍ താരം ഗെയിമിന്റെ ഇടവേളയില്‍ 11-6ന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയി സിന്ധു 14-14നു എതിരാളിയുടെ ഒപ്പമെത്തി. പിന്നീട് ഒരു മാച്ച് പോയിന്റ് സിന്ധു നേടിയെങ്കിലും ജപ്പാന്‍ താരം അത് രക്ഷപ്പെടുത്തി. ഏറെ വൈകാതെ സിന്ധു ഗെയിമും മത്സരവും 23-21നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial