ഒന്നാം നമ്പര്‍ താരത്തോടു തോറ്റ് സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്

- Advertisement -

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. 21-14, 21-10 എന്ന സ്കോറിനാണ് സിന്ധു തായ്‍വാന്റെ ടായി സു യിംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റത്.

തുടക്കത്തില്‍ 2 പോയിന്റ് പിന്നില്‍ നിന്ന ശേഷമാണ് സിന്ധു ആദ്യ ഗെയിമില്‍ ലീഡ് നേടിയതും. എന്നാല്‍ ഗെയിമില്‍ 9-5നു ലീഡ് ചെയ്ത സിന്ധു തുടര്‍ച്ചയായ പിഴവുകള്‍ വരുത്തി ടായി സു യിംഗ് മത്സരത്തിലേക്ക് തിരിച്ചു വരാന്‍ അനുവദിച്ചു. ആദ്യ ഗെയിം പകുതി സമയത്ത് 11-10 നു ഒരു പോയിന്റിന്റെ നേരിയ ലീഡ് മാത്രമാണ് സിന്ധുവിനു നേടാനായത്. ആദ്യ ഗെയിം പുനരാരംഭിച്ചപ്പോള്‍ 12-12ല്‍ ഒപ്പമെത്തിയ ടായി പതിയെ ഗെയിമില്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. സിന്ധുവിനെ നിഷ്പ്രഭയാക്കി ടായി ആദ്യ ഗെയിം 21-14നു സ്വന്തമാക്കി.

രണ്ടാം ഗെയിമിലും ടായി ആധിപത്യം തുടര്‍ന്നു. 6-2 ന്റെ ആദ്യ ലീഡ് നേടിയ ടായി ഇടവേള സമയത്ത് 11-5ന്റെ ലീഡ് നേടി. തുടര്‍ന്ന് രണ്ടാം ഗെയിമും 21-10 എന്ന സ്കോറിനു സ്വന്തമാക്കി തായ്‍വാന്‍ താരം സെമിയില്‍ കടന്നു.

Advertisement