സിന്ധുവിനു സ്വര്‍ണ്ണമില്ല

വീറും വാശിയുമേറിയ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നോസോമി ഒക്കുഹാരയോട് വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ പിവി സിന്ധു. മൂന്ന് ഗെയിം നീണ്ട മത്സരത്തില്‍ 19-21, 22-20, 20-22 എന്ന സ്കോറിനാണ് സിന്ധു ജപ്പാന്‍ താരത്തോട് തോല്‍വി വഴങ്ങിയത്. ആദ്യ ഗെയിം പിന്നില്‍ പോയെങ്കിലും പിന്നീട് ഒപ്പത്തിനൊപ്പം പൊരുതി സിന്ധുവിനു മൂന്നാം ഗെയിമില്‍ കാലിടറി. മുമ്പ് രണ്ട് തവണ ഇതേ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനു വെങ്കല മെഡല്‍ ലഭിച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റിലെ തന്നെ ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ഇന്ന് നടന്ന ഫൈന‍ല്‍ മത്സരം.

ആദ്യ ഗെയിമില്‍ 19-21നു സിന്ധു അടിയറവ് പറഞ്ഞപ്പോള്‍ രണ്ടാം ഗെയിം 22-20 നു നേടി സിന്ധു മത്സരത്തില്‍ ഒപ്പം നിന്നു. 20-17നു മുന്നില്‍ സിന്ധു എത്തിയെങ്കിലും 3 ഗെയിം പോയിന്റുകളും രക്ഷിച്ച് ജാപ്പനീത് താരം മത്സരം 20-20ല്‍ എത്തിച്ചു. 73 ഷോട്ടുകള്‍ നീണ്ട റാലിയ്ക്ക് ശേഷമാണ് ഗെയിം പോയിന്റ് സിന്ധു സ്വന്തമാക്കിയത്.

നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ജാപ്പനീസ് താരം ആദ്യമേ 5-1 ന്റെ ലീഡ് സ്വന്തമാക്കി. എന്നാല്‍ തുടരെ 4 പോയിന്റ് സ്വന്തമാക്കി സിന്ധു 5-5നു ഒപ്പം പിടിച്ചു. മൂന്നാം ഗെയിമിന്റെ നിര്‍ണ്ണായകമായ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-9 ന്റെ നേരിയ ലീഡ് സിന്ധു സ്വന്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം തുടരെ രണ്ട് പോയിന്റുകള്‍ സ്വന്തമാക്കി നോസോമി സ്കോര്‍ സമനിലയിലാക്കി.

നീണ്ട റാലികളും മികച്ച ഡ്രോപ് ഷോട്ടുകളും സ്മാഷുകളും എല്ലാം കൊണ്ട് സമ്പന്നമായ മത്സരത്തില്‍ ഇരുവരും ഓരോ പോയിന്റിനും വേണ്ടി വീറും വാശിയോടും കൂടി പോരാടി. മൂന്നാം ഗെയിമിന്റെ ഇടവേളയ്ക്ക് ശേഷം ഇരു താരങ്ങളും പോയിന്റുകള്‍ മാറി മാറി നേടി ലീഡ് നേടുകയും വഴങ്ങുകയും ചെയ്തപ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമായ. മത്സരത്തിന്റെ സമ്മര്‍ദ്ദം കാരണം ഇരു താരങ്ങളും ഒട്ടേറെ പിഴവുകളും വരുത്തുന്നുണ്ടായിരുന്നു. ഫൈനലിന്റെ സമ്മര്‍ദ്ദത്തില്‍ നോസോമി വരുത്തിയ പിഴവുകളുടെ ആനുകൂല്യത്തില്‍ സിന്ധുവിനു 19-17ന്റെ ലീഡ് ലഭിച്ചുവെങ്കിലും നോസോമി തുടരെ രണ്ട് പോയിന്റുകള്‍ നേടി ഒപ്പം പിടിച്ചു. മത്സരത്തില്‍ നോസോമിയ്ക്ക് ലഭിച്ച ആദ്യ മാച്ച് പോയിന്റ് രക്ഷിയ്ക്കാന്‍ കഴിഞ്ഞ സിന്ധുവിനു എന്നാല്‍ മത്സരം സ്വന്തമാക്കാനായില്ല. തനിക്ക് ലഭിച്ച രണ്ടാം മാച്ച് പോയിന്റ് സ്വന്തമാക്കി ഗെയിമും മത്സരവും ജപ്പാന്‍ താരം 22-20നു സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവെർണറുടെ ഇരട്ട ഗോളിൽ ഫ്രെയ്‌ബർഗിനെ തച്ചുടച്ച് ലെപ്‌സിഗ്
Next articleപരമ്പര വിജയത്തിലേക്ക് നയിച്ച് രോഹിത്, കൂട്ടായി ധോണിയും